മഡൂറോയുടെ വാദത്തെ പ്രതിപക്ഷ നേതാവ് ഗുയ്ദോ തള്ളി. അട്ടിമറി ശ്രമം നടത്തിയിട്ടില്ലെന്നും സമാധാനപരമായി സമരം ചെയ്യുക മാത്രമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

കരാക്കസ്: വെനിസ്വലേ ഭരണകൂടത്തെ അട്ടിമറിയ്ക്കാന്‍ വലതുപക്ഷത്തിന്‍റെ ശ്രമം പരാജയപ്പെടുത്തിയെന്ന് പ്രസിഡന്‍റ് നിക്കോളാസ് മഡൂറോ. പ്രതിപക്ഷ നേതാവ് ഗുയ്ദോ, അദ്ദേഹത്തിന്‍റെ ഉപദേശകന്‍ ലിയോപോള്‍ഡോ ലോപസ് എന്നിവര്‍ വിദേശ സഹായത്തോടെ സര്‍ക്കാറിനെ സായുധമായി അട്ടിമറിയ്ക്കാന്‍ ശ്രമിച്ചെന്ന് മഡൂറോ ആരോപിച്ചു. അട്ടിമറി ശ്രമം ബൊളീവിയന്‍ ആംഡ് ഫോഴ്സ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇല്ലാതാക്കിയെന്നും അദ്ദേഹം ചൊവ്വാഴ്ച അവകാശപ്പെട്ടു. 

അതേസമയം, മഡൂറോയുടെ വാദത്തെ പ്രതിപക്ഷ നേതാവ് ഗുയ്ദോ തള്ളി. അട്ടിമറി ശ്രമം നടത്തിയിട്ടില്ലെന്നും സമാധാനപരമായി സമരം ചെയ്യുക മാത്രമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മഡൂറോയുടെ ഭരണത്തിനെതിരെയുള്ള പ്രതിപക്ഷത്തിന്‍റെ 'ഓപറേഷന്‍ ഫ്രീഡം' തുടരുന്നതിനായി അണികളോട് തെരുവില്‍ അണിനിരക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ഭാവിയെ കീഴടക്കാനുള്ള വെനിസ്വലേയുടെ അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. മേയ് ഒന്നിന് ലോങ് മാര്‍ച്ച് സംഘടിപ്പിക്കാന്‍ മഡൂറോയും അണികളോട് ആവശ്യപ്പെട്ടു. പട്ടാള അട്ടിമറിക്ക് ശ്രമിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മഡൂറോ വ്യക്തമാക്കി. യുഎസിന്‍റെ പിന്തുണയോടെയാണ് പ്രതിപക്ഷം അട്ടിമറിക്ക് ശ്രമിച്ചതെന്നും രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ അനുവദിക്കില്ലെന്നും മഡൂറോ വ്യക്തമാക്കി. 

പട്ടാള സുരക്ഷയില്‍ മഡൂറോക്ക് അധിക കാലം അധികാരം നിലനിര്‍ത്താന്‍ സാധിക്കില്ലെന്ന് ഗുയ്ദോ ട്വിറ്ററില്‍ പറഞ്ഞു. മഡൂറോയെ അധികാരത്തില്‍നിന്ന് പുറത്താക്കാനുള്ള അവസാന ഘട്ട നീക്കങ്ങള്‍ ആരംഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ അനുകൂലികള്‍ നടത്തിയ പ്രകടനത്തിന് നേരെ പൊലീസ് വെടിവെക്കുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. നിരവധി പേരെ അറസ്റ്റ് ചെയ്ത് നീക്കി. മഡൂറോ അനുകൂലികളും നഗരത്തില്‍ പ്രകടനം നടത്തി. പ്രതിപക്ഷ നേതാക്കളിലെ പ്രമുഖനായ ലിയോപോള്‍ഡ് ലോപസും ഭാര്യയും മകളും ചിലി എംബസിയില്‍ അഭയം തേടി. 

പ്രതിപക്ഷവും സര്‍ക്കാറും തമ്മിലുള്ള പ്രശ്നം തെരുവിലെത്തിയതോടെ വെനിസ്വലേയില്‍ ഭരണപ്രതിസന്ധി രൂക്ഷമാകും. നിലവില്‍ തൊഴിലില്ലായ്മയും സാമ്പത്തിക പ്രശ്നങ്ങളും വെനിസ്വലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 2018ല്‍ മഡൂറോ രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയാണ് ഗുയ്ദോ സമരത്തിനിറങ്ങിയത്. തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നില്ലെന്നും അട്ടിമറിയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. അമേരിക്കയുടെ പിന്തുണയോടെയാണ് ഗുയ്ദോ സമരത്തിനിറങ്ങിയത്.

വെനിസ്വലേയുടെ ഇടക്കാല പ്രസിഡന്‍റായി ഗുയ്ദോ സ്വയം പ്രഖ്യാപിച്ചിരുന്നു. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഗുയ്ദോയെ പ്രസിഡന്‍റായി അംഗീകരിച്ചെങ്കിലും റഷ്യ, ചൈന, തുര്‍ക്കി, ക്യൂബ എന്നീ രാജ്യങ്ങള്‍ മഡൂറോയെ പിന്തുണക്കുന്നു.