വ്യോമ മാർഗ്ഗം കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച അപൂർവ്വ മയക്കുമരുന്ന് ശേഖരം അധികൃതർ പിടിച്ചെടുത്തു. തപാൽ പാഴ്സലിൽ ബൾബുകൾക്കുള്ളിൽ പുസ്തകങ്ങളുടെ രൂപത്തിൽ ഒളിപ്പിച്ച 210 ലഹരിമരുന്ന് ഷീറ്റുകളാണ് കണ്ടെടുത്തത്, സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ശ്രീലങ്കൻ പൗരന്മാരെ അറസ്റ്റ് ചെയ്തു.

കുവൈത്ത് സിറ്റി: വ്യോമ മാർഗ്ഗം കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച അപൂർവ്വ മയക്കുമരുന്ന് ശേഖരം കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ വിഭാഗം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ശ്രീലങ്കൻ പൗരന്മാരെ സുരക്ഷാസേന അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

എയർ ഫ്രൈറ്റ് വഴി എത്തിയ തപാൽ പാഴ്സലിൽ മയക്കുമരുന്ന് അടങ്ങിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് വിഭാഗവുമായി ചേർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. 10 ബൾബുകൾക്കുള്ളിൽ പുസ്തകങ്ങളുടെ രൂപത്തിൽ ഒളിപ്പിച്ച നിലയിൽ 210 ലഹരിമരുന്ന് ഷീറ്റുകളാണ് സംഘം കണ്ടെടുത്തത്.

തപാൽ പാഴ്സൽ കൈപ്പറ്റാനെത്തിയ ആദ്യ പ്രതിയെ സംഭവസ്ഥലത്തുനിന്ന് പൊലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ, ഈ മയക്കുമരുന്ന് ശേഖരം മറ്റൊരാൾക്ക് കൈമാറാൻ എത്തിച്ചതാണെന്ന് ഇയാൾ സമ്മതിച്ചു. തുടർന്ന് സുരക്ഷാസേന തയ്യാറാക്കിയ തന്ത്രപരമായ വലയിൽ രണ്ടാമത്തെ പ്രതിയും കുടുങ്ങുകയായിരുന്നു. പ്രതികളിൽ നിന്ന് 10 ഗ്രാം മെത്താംഫെറ്റാമൈനും ഡിജിറ്റൽ ത്രസ്സും കണ്ടെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നുകളും മറ്റ് വസ്തുക്കളും സഹിതം പ്രതികളെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.