''തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ആകാശത്തേക്ക് വെടി വെച്ചു''. കൂട്ടം കൂടി നിൽക്കുന്ന വിദ്യാർത്ഥികളുടെ നേർക്ക് വാഹനം കയറ്റാൻ ശ്രമിച്ച്  തടയുന്നതിന്റെയും മർദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങളും  വിദ്യാർത്ഥികൾ പുറത്ത് വിട്ടു.

കീവ് : യുക്രൈനിൽ നിന്നും (Ukraine Border) പോളണ്ട് അതിർത്തി വഴി രക്ഷപ്പെടാൻ ശ്രമിക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ ദുരിതത്തിൽ. മടങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് അതിർത്തിയിൽ യുക്രൈൻ (Ukraine) സൈന്യം വിദ്യാർത്ഥികളെ (Indian Students) തോക്ക് ചൂണ്ടിയും ലാത്തിച്ചാർജ്ജിലൂടെയും ഭീഷണിപ്പെടുത്തുന്നുവെന്ന് മലയാളി വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കിലോമീറ്ററുകളോളം നടന്ന് അതിർത്തിയിലെത്തുമ്പോൾ കടക്കാൻ അനുവദിക്കുന്നില്ല. തിരികെ പോകാനാവശ്യപ്പെട്ട് മർദ്ദിക്കുന്നു. അതിർത്തിയിലേക്കുള്ള വഴിയിൽ വെച്ച് ആക്രമിച്ചു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ആകാശത്തേക്ക് വെടി വെച്ചു. കൂട്ടം കൂടി നിൽക്കുന്ന വിദ്യാർത്ഥികളുടെ നേർക്ക് വാഹനം കയറ്റാൻ ശ്രമിച്ച് തടയുന്നതിന്റെയും മർദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങളും വിദ്യാർത്ഥികൾ പുറത്ത് വിട്ടു. യുക്രൈനിലേക്ക് മടങ്ങിപ്പോകാനാവശ്യപ്പെട്ടാണ് സൈന്യത്തിന്റെ ഈ നടപടികൾ. ഭക്ഷണവും വെള്ളവുമില്ലാതെ കൊടും തണുപ്പിൽ അതിർത്തി കടക്കാനെത്തുന്നവരോടാണ് ഈ ക്രൂരത. മർദ്ദനത്തിൽ പെൺകുട്ടികൾക്ക് അടക്കം പരിക്കേറ്റു. ഒരു വിദ്യാർത്ഥിയുടെ കൈ ഒടിഞ്ഞു. 

'യുദ്ധത്തിൽ മരിച്ചത് 240ലധികം പേർ; പലായനം ചെയ്തത് ലക്ഷക്കണക്കിന് പേർ'; 50 ലക്ഷം അഭയാർഥികൾ ഉണ്ടാകുമെന്ന് യുഎൻ

"

"

യുക്രൈൻ സൈന്യം പലായനം ചെയ്യുന്ന യുക്രൈൻ പൌരൻന്മാരെ കടത്തിവിടുന്നുണ്ടെന്നും മറ്റ് രാജ്യക്കാരെയാണ് തടയുന്നതെന്നും അതിർത്തിയിലുള്ള വിദ്യാർത്ഥികൾ പറഞ്ഞു. കിലോമീറ്ററുകളോളം നീളത്തിലുള്ള ക്യൂവാണ് അതിർത്തിയിലുള്ളത്. പെൺകുട്ടികളെയും കുട്ടികളെയും മാത്രമാണ് സൈന്യം അതിർത്തി കടത്തുന്നത്. ആൺകുട്ടികളെ തടഞ്ഞുവെക്കുന്ന സ്ഥിതിയുമുണ്ടെന്നും വിദ്യാർത്ഥികൾ വിശദീകരിച്ചു.

'ആകാശത്തേക്ക് വെടിവെച്ചും വാഹനം ഇടിച്ചുകയറ്റിയും സൈന്യം ഭീഷണിപ്പെടുത്തുന്നു '- വീഡിയോ

അതേ സമയം, യുക്രൈനില്‍ (Ukraine) കുടുങ്ങിയവരെ റഷ്യ (Russia)വഴി ഒഴിപ്പിക്കുന്നതിന് സമയമെടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സൈനിക നടപടിക്കിടെ അതിര്‍ത്തി തുറക്കാനാവില്ലെന്ന നിലപാടിലാണ് റഷ്യ. റഷ്യൻ വിദേശകാര്യമന്ത്രിയുമായി എസ് ജയശങ്കർ ഇതുസംബന്ധിച്ച് സംസാരിച്ചേക്കും. പടിഞ്ഞാറൻ ഭാഗത്തെ കൂടുതൽ അതിർത്തികൾ തുറക്കാൻ യുക്രൈനോട് ഇന്ത്യ ആവശ്യപ്പെട്ടു. 

റഷ്യന്‍ ആക്രമണത്തെ നാലാം ദിവസവും പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് യുക്രൈന്‍. റഷ്യയുടെ കടന്നുകയറ്റം തടയാന്‍ യുക്രൈന്‍ റെയില്‍വേ ലൈന്‍ തകര്‍ത്തു. റഷ്യയില്‍ നിന്ന് യുക്രൈനിലേക്കുള്ള റെയില്‍വേ ലൈനുകളാണ് യുക്രൈന്‍ തകര്‍ത്തത്. റഷ്യന്‍ സൈന്യം റെയില്‍വേ ലൈനുകള്‍ വഴി വരാതെ ഇരിക്കാനാണ് നീക്കം. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ യുക്രൈനില്‍ നിന്ന് പോളണ്ടിലേക്ക് അഭയാര്‍ത്ഥി പ്രവാഹം നടക്കുകയാണ്. ലക്ഷക്കണക്കിന് മനുഷ്യരാണ് യുക്രൈനില്‍ നിന്ന് പലായനം ചെയ്യുന്നത്. 

'ഇന്നലെ ഉച്ചവരെ മാത്രമാണ് ഭക്ഷണം കഴിച്ചത്, ചുറ്റും ഷെല്ലുകള്‍ വീഴുന്ന ശബ്ദം കേള്‍ക്കാം '