Asianet News MalayalamAsianet News Malayalam

ഇന്ന് കൂടി ഭക്ഷണമുണ്ട് അത് കഴിഞ്ഞാല്‍; തടങ്കല്‍പ്പാളയം പോലെ ചൈനീസ് നഗരം; കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ സംസാരിക്കുന്നു

ജനുവരി 12നോട് അടുത്ത് തന്നെ വുഹാനില്‍ സംഭവങ്ങള്‍ കൈവിട്ട കാര്യം ഇവര്‍ അറിയുന്നുണ്ടായിരുന്നു. അപ്പോള്‍ തന്നെ നാട്ടിലേക്ക് മടങ്ങുവാന്‍ പറ്റുമോ എന്ന കാര്യം യൂണിവേഴ്സിറ്റിയില്‍ ചോദിച്ചിരുന്നു. 

malayali students in coronavirus affected chinese city response
Author
Wuhan, First Published Jan 28, 2020, 5:56 PM IST

ഈചാങ്: ചൈനയിലെ ഹൂബേ പ്രവിശ്യയിലെ സില്ലിംങ് ജില്ലയിലെ ഈചാങ് എന്ന പട്ടണം കുറച്ച് ദിവസം മുന്‍പ് പോലും ജീവിതം സാധാരണ നിലയിലായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമൊക്കെ ഏറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യഭ്യാസ സ്ഥാപനങ്ങള്‍ നിറഞ്ഞതാണ് ഈ പട്ടണം. സില്ലിംങ് ത്രീ ഗോര്‍ജസ് യൂണിവേഴ്സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് ഇവരില്‍ പലരും. കൊല്ലം, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സ്വദേശികളായി 25 ഒളം മലയാളി വിദ്യാര്‍ത്ഥികള്‍ എങ്കിലും ഇവിടെ പഠിക്കുന്നുണ്ട്. ഈചാങിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥിയായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷാഹാസ് എസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് തന്‍റെയും സഹപാഠികളുടെയും അവസ്ഥ പങ്കുവച്ചു.

ജനുവരി 12നോട് അടുത്ത് തന്നെ വുഹാനില്‍ സംഭവങ്ങള്‍ കൈവിട്ട കാര്യം ഇവര്‍ അറിയുന്നുണ്ടായിരുന്നു. അപ്പോള്‍ തന്നെ നാട്ടിലേക്ക് മടങ്ങുവാന്‍ പറ്റുമോ എന്ന കാര്യം യൂണിവേഴ്സിറ്റിയില്‍ ചോദിച്ചിരുന്നു. എന്നാല്‍ വാര്‍ഷിക അവധിയിലായിരുന്ന യൂണിവേഴ്സിറ്റിയില്‍ നിന്നും ലഭിച്ച അറിയിപ്പ് ഇതായിരുന്നു. സംഭവങ്ങള്‍ നിയന്ത്രണ വിധേയമാണ്, അതിനാല്‍ തന്നെ അവധി നീട്ടുവാന്‍ പോകുന്നില്ല, ഇപ്പോള്‍ നാട്ടിലേക്ക് യാത്ര ചെയ്യേണ്ടതില്ല എന്നായിരുന്നു. ജനുവരി 16നായിരുന്നു യൂണിവേഴ്സിറ്റി അവധിക്ക് ശേഷം തുറക്കേണ്ടിയിരുന്നത്. എന്നാല്‍ പെട്ടന്നാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത് യൂണിവേഴ്സിറ്റി അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു എന്ന അറിയിപ്പ് പെട്ടെന്ന് വന്നു. പിന്നാലെ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള അറിയിപ്പുകള്‍ നിലച്ചു.

അതിന് പിന്നാലെയാണ് പതുക്കെ പതുക്കെ നഗരം വിജനമായി തുടങ്ങി. ഇന്‍റര്‍നെറ്റിലും, വാര്‍ത്ത മാധ്യമങ്ങളിലും വരുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ജനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് ദിവസം മുന്‍പുവരെ ഈചാങില്‍ ഒരു കൊറോണവൈറസ് കേസ് മാത്രം റിപ്പോര്‍ട്ട് ചെയ്തു എന്നാണ് അറിഞ്ഞത് എന്നാല്‍ സമീപ ദിവസങ്ങളില്‍ ഇത് 50ന് മുകളിലേക്ക് ഉയര്‍ന്നതായി പറയുന്നു. വീടിനുള്ളില്‍ ഇരിക്കാന്‍ തന്നെയാണ് മാധ്യമങ്ങളിലെ നിര്‍ദേശം. ഇന്‍റര്‍നെറ്റ് വഴിയാണ് വിവരങ്ങള്‍ അറിയുന്നത്. നഗരം സമ്പൂര്‍ണ്ണമായി ഇപ്പോള്‍ ലോക്ക് ഡൗണാണ് നിരത്തില്‍ ഒരു വാഹനം പോലും കാണുവാന്‍ സാധിക്കില്ല. പ്രധാന റോഡുകളില്‍ എല്ലാം ഗതാഗതം നിരോധിച്ചതായി അറിയുന്നു. കടകള്‍ പൂര്‍ണ്ണമായും അടഞ്ഞു കിടക്കുന്നു. ഈചാങിലെ ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്, ഒപ്പം വിമാനതാവളം അടച്ചിട്ടിരിക്കുന്നു.

malayali students in coronavirus affected chinese city response

മറ്റെതെങ്കിലും നഗരത്തില്‍ പോയാല്‍ ഞങ്ങള്‍ക്ക് നാട്ടിലേക്കുള്ള വിമാനം ലഭിച്ചേക്കും എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്തരം ഒരു യാത്ര അസാധ്യമാണ്. കയ്യിലുള്ള ഭക്ഷണ സാധനങ്ങള്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണ്. അടുത്ത് ഒരു തെരുവില്‍ ഒരു കട തുറന്നിട്ടുണ്ടെങ്കിലും അവിടെ വലിയ തിരക്കാണ് കാണുന്നത്. അതിനാല്‍ തന്നെ ആള്‍ക്കൂട്ടത്തില്‍ പോവുക എന്നത് തന്നെ ഈ സാഹചര്യത്തില്‍ അപകടകരമായ കാര്യമാണ്. ഞങ്ങള്‍ ശേഖരിച്ചുവച്ച ഭക്ഷണം ഒരു ദിവസം കൂടി മാത്രമേ ഉണ്ടാകൂ, അതിന് ശേഷം എന്ത് എന്നത് ആശങ്കയാണ്. യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ തന്നെയാണ് താമസിക്കുന്നത്. എന്നാല്‍ ഇവിടെ ഭക്ഷണമൊന്നും നല്‍കില്ല. ഇവിടെ നിന്നും 2.6 കിലോമീറ്റര്‍ അകലെയാണ് യൂണിവേഴ്സിറ്റി ക്യാന്‍റീന്‍ അതും പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് അറിയുന്നത്. ഇതിനെല്ലാം അപ്പുറം പുറത്തിറങ്ങാന്‍ തന്നെ ഭയമാണ്. ആളുകള്‍ ഇല്ലാത്ത വഴികള്‍ കണ്ടാല്‍ പ്രേതനഗരം പോലെ തോന്നിക്കുന്ന അവസ്ഥയാണ് ഈചാങ്  പട്ടണത്തില്‍. കൊറോണവൈറസിന്‍റെ ബാധ ഏറ്റവും രൂക്ഷമായ വുഹാനില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയാണ് ഈചാങ് പട്ടണം. 

malayali students in coronavirus affected chinese city response

ഇന്ത്യന്‍ എംബസി അധികൃതര്‍ ബന്ധപ്പെട്ടിരുന്നു. അവര്‍ എല്ലാവരുടെയും ഫോണ്‍ നമ്പറും, പാസ്പോര്‍ട്ട് നമ്പറും വാങ്ങിയിട്ടുണ്ട്. ഒപ്പം ഒരു ഗ്രൂപ്പും ആരംഭിച്ചു. 500 അംഗങ്ങളെ ഉള്‍കൊള്ളാന്‍ കഴിയുന്ന ആ ഗ്രൂപ്പ് ഏതാണ്ട് ഫുള്‍ ആയിരിക്കുകയാണ്. ചൈനയുടെ വിദൂര പ്രവിശ്യകളില്‍ നിന്നുള്ള ഇന്ത്യക്കാര്‍വരെ ഗ്രൂപ്പിലുണ്ട്. എല്ലാവരിലും ആശങ്കയാണ്. എംബസി അധികൃതര്‍ക്കും കൃത്യമായ ഒരു ധാരണ ഈ ഘട്ടത്തില്‍ ഇല്ലെന്നാണ് തോന്നുന്നത്. ഏതെങ്കിലും തരത്തില്‍ ഇവിടുന്ന് പുറത്ത് എത്തുന്നത് സംബന്ധിച്ച നിര്‍ദേശം അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

"

Follow Us:
Download App:
  • android
  • ios