ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്ന ഇന്ത്യന്‍ ഫെസ്റ്റിന്‍റെ ഭാഗമായി നടത്തിയ ഫുഡ്ഫെസ്റ്റില്‍ കേരള സമാജം തയ്യാറാക്കിയ മെനു പിന്‍വലിച്ചു. ബീഫ് കറിയും പൊറോട്ടയും ഭക്ഷ്യമേളയില്‍ എത്തിക്കാനുള്ള നീക്കത്തിനെതിരെ ചിലര്‍ എതിര്‍പ്പുയര്‍ത്തിയതോടെയാണ് മെനു കാര്‍ഡില്‍ പിന്‍വലിക്കേണ്ടി വന്നത്. ഓരോ സംസ്ഥാനത്ത് നിന്നുള്ളവര്‍ക്ക് മദ്യമൊഴികെയുള്ള  അവരുടെ സംസ്ഥാനത്തിന്‍റെ തനത് വിഭവങ്ങള്‍ വിളമ്പാന്‍ അനുമതിയുണ്ടായിരുന്നെന്ന് കേരളസമാജം വ്യക്തമാക്കി.

ബീഫ് വിളമ്പിയത് എതിര്‍ത്തവരെ ജര്‍മന്‍ പൊലീസ് അടിച്ചോടിച്ചുവെന്ന രീതിയില്‍ സംഭവത്തെക്കുറിച്ച് നിരവധി വ്യാജവാര്‍ത്തകള്‍ പരന്നതിന് പിന്നാലെയാണ് കേരളസമാജം അംഗങ്ങള്‍ വിശദീകരണവുമായി എത്തിയത്. ഭക്ഷ്യമേള സുഗമമായി നടന്നുവെന്ന് കേരള സമാജം അംഗങ്ങള്‍ വിശദമാക്കി.വിദേശരാജ്യത്ത് ഇന്ത്യുടെ പേരില്‍ നടക്കുന്ന മേളയ്ക്കിടെ ഭക്ഷണത്തിന്‍റെ പേരില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ്  ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മെനുകാര്‍ഡ് പിന്‍വലിച്ചതെന്ന് സമാജം അംഗങ്ങള്‍ വ്യക്തമാക്കി.

Malayalis in Germany told to remove beef from menu at Indian fest, stage silent protest

എന്നാല്‍ ഇന്ത്യന്‍ ഫെസ്റ്റ് അലങ്കോലമാകാത്ത രീതിയില്‍ പ്രതിഷേധം പ്രകടിപ്പിക്കാനും മലയാളികള്‍  മറന്നില്ല. നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യന്‍ സംസ്കാരം, എന്ത് കഴിക്കണമെന്നത് സ്വന്തം തീരുമാനമെന്ന പ്രതിഷേധക്കാര്‍ഡുകള്‍ ഉയര്‍ത്തി മലയാളികള്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ പ്രതിഷേധം രേഖപ്പെടുത്തി.