ദില്ലി: ഇന്ത്യയെ നിരീക്ഷിക്കാന്‍ മാലി ദ്വീപില്‍ സമുദ്രനീരീക്ഷണ കേന്ദ്രം സ്ഥാപിക്കാനുള്ള ചൈനയുടെ നീക്കത്തിന്‌ തിരിച്ചടി. നിരീക്ഷണകേന്ദ്രം സ്ഥാപിക്കുന്നത്‌ സംബന്ധിച്ച്‌ ചൈനയുമായി ഒപ്പുവച്ച കരാറില്‍ നിന്ന്‌ പിന്‍മാറാന്‍ മാലി ദ്വീപ്‌ തീരുമാനിച്ചതായാണ്‌ സൂചനയെന്ന്‌ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 2017ല്‍ ഒപ്പുവച്ച കരാര്‍ ഇപ്പോള്‍ പരിഗണനയിലില്ലെന്ന്‌ മാലി ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചതായി ടൈംസ്‌ ഓഫ്‌ ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്‌തു.

മാലിദ്വീപ്‌ മുന്‍ പ്രസിഡന്റ്‌ അബ്ദുള്ള യമീന്‍ അധികാരത്തിലിരിക്കെയാണ്‌ ചൈനയും മാലിദ്വീപും കരാറില്‍ ഒപ്പുവച്ചത്‌. ഇന്ത്യന്‍ മഹാസമുദ്രത്തിലും ഇന്ത്യയുടെ അധീനതയിലുള്ള സമുദ്രമേഖലകളിലും നിരീക്ഷണം നടത്താന്‍ ചൈനയെ സഹായിക്കുന്നതായിരുന്നു കരാര്‍. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള കേന്ദ്രമാണ്‌ സ്ഥാപിക്കുക എന്ന്‌ ചൈന പ്രഖ്യാപിച്ചെങ്കിലും പിന്നിലുള്ള ലക്ഷ്യം ഇന്ത്യയാണെന്ന സൂചനകള്‍ അന്നേ വ്യക്തമായിരുന്നു.

മാലി ദ്വീപില്‍ അധികാരമാറ്റം ഉണ്ടായതാണ്‌ കാര്യങ്ങള്‍ ചൈനയ്‌ക്ക്‌ തിരിച്ചടിയാകാന്‍ കാരണമായത്‌. അബ്ദുള്ള യമീന്‍ അധികാരഭ്രഷ്ടനായതോടെ മാലി ദ്വീപും ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെട്ടു. ഇപ്പോഴത്തെ പ്രസിഡന്റ്‌ ഇബ്രാഹിം മൊഹമ്മദ്‌ സൊലീഹുമായി മികച്ച ബന്ധമാണ്‌ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുലര്‍ത്തുന്നത്‌. സൊലിഹിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മോദി പങ്കെടുത്തിരുന്നു. രണ്ടാം തവണയും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മോദി ആദ്യം സന്ദര്‍ശിച്ച വിദേശ രാജ്യവും മാലി ആയിരുന്നു.