പെഷവാര്‍: 2020 പഠിപ്പിച്ച പാഠങ്ങളിലൊന്നാണ് മാസ്‌ക് ധരിച്ച് പുറത്തിറങ്ങുക എന്നത്. ഏറ്റവും പ്രധാനപ്പെട്ട ഒന്നായി 2020 ഓടെ മാസ്‌ക്ക് മാറിക്കഴിഞ്ഞു. എ്ന്നാല്‍ പാക്കിസ്ഥാനിലെ പെഷവാറില്‍ പുതുവത്സര രാവില്‍ മാസ്‌ക് ധരിച്ചെത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നായയുടെ മാസ്‌ക് ധരിച്ചാണ് ഇയാളെത്തിയത്. ഇതോടെ പൊലീസ് പിടികൂടുകയായിരുന്നു. 2020 ലെ അവസാന രാത്രി ആളുകളെ ഒന്ന് കളിപ്പിക്കുകയായിരുന്നു ഇയാളുടെ ഉദ്ദേശം.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ വൈറലായതോടെ നിരവധി പേരാണ് അറസ്റ്റിലായ ആള്‍ക്ക് വേണ്ടി രംഗത്തെത്തിയത്. അറസ്റ്റ് ചെയ്യാന്‍ മാത്രം എന്ത് തെറ്റാണ് ഇയാള്‍ ചെയ്തതെന്നാണ് ട്വിറ്റര്‍ ചോദിക്കുന്നത്. കൊവിഡ് കാലത്ത് ഇയാള്‍ ഒരു മാസ്‌ക് ധരിക്കുകയെങ്കിലും ചെയ്തില്ലെ എന്നാണ് ചിലര്‍ ചോദിക്കുന്നത്. മാസ്‌ക് ധരിച്ചതിനും അറസ്‌റ്റോ എന്നും ചോദിക്കുന്നവരുണ്ട്. ഫോട്ടോയില്‍ കാണുന്ന പൊലീസുകാരില്‍ ഒരാള്‍ മാസ്‌ക് ധരിച്ചിട്ടില്ലെന്നിരിക്കെ എന്തിനാണ് മാസ്‌ക് ധരിച്ച ഒരാളെ അറസ്റ്റ് ചെയ്തതെന്ന് മറ്റൊരു ട്വിറ്റര്‍ യൂസര്‍ ചോദിക്കുന്നു.