12 വര്‍ഷം ഒരുമിച്ച് ജീവിച്ച ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടപ്പോള്‍ കെവിന്‍ ഹോവാര്‍ഡ് വലിയ ദുഃഖത്തിലായിരുന്നു. എന്നാല്‍ ഭാര്യയുടെ കാമുകനെതിരെ നല്‍കിയ കേസില്‍ കോടതി വിധി പ്രഖ്യാപിക്കുമ്പോള്‍ അയാളുടെ തല ഉയര്‍ന്ന് നിന്നു വിജയിയെ പോലെ. 

ഭര്‍ത്താവ് ഏത് സമയവും ജോലിത്തിരക്കിലാണെന്നും തനിക്കൊപ്പം സമയം ചിലവിടുന്നില്ലെന്നും ആരോപിച്ചാണ് കെവിന്‍റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടത്. എന്നാല്‍ വിവാഹമോചനത്തിന് ശേഷമാണ് സത്യമതല്ലെന്നും ഭാര്യ തന്നെ കബളിപ്പിക്കുകയായിരുന്നുവെന്നും അയാള്‍ തിരിച്ചറിഞ്ഞത്. 

ഭാര്യയുടെ വിവാഹമോചനത്തിന്‍റെ കാരണത്തില്‍ സംശയം തോന്നിയാണ് കെവിന്‍ ഒരു പ്രൈവറ്റ് ഡിക്ടക്ടീവിനെ അന്വേഷിക്കാന്‍ ഏല്‍പ്പിച്ചത്. എന്നാല്‍ അന്വേഷണത്തില്‍ കണ്ടെതത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. 

ഭാര്യയ്ക്ക് അവളുടെ സഹപ്രവര്‍ത്തകനുമായി ബന്ധമുണ്ടായിരുന്നു. ഇക്കാരണത്താലാണ് ഇവര്‍ വിവാഹമോചനം തേടിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 


''അവന്‍ എന്‍റെ വീട്ടില്‍ വരാറുണ്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് അത്താഴം കഴിക്കാറുമുണ്ടായിരുന്നു. ഞങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചെല്ലാം സംസാരിക്കാറുമുണ്ടായിരുന്നു'' - കെവിന്‍ പറഞ്ഞു. 

ഉടന്‍ തന്നെ ഇയാള്‍ ഗ്രീന്‍വില്ലെയിലെ ജഡ്ജിന് മുന്നില്‍ തന്‍റെ ജീവിതം തകര്‍ത്ത ഭാര്യയുടെ കാമുകനെതിരെ  കേസ് സമര്‍പ്പിച്ചു. 1800 മുതല്‍ നിലവിലുള്ള നിയമമായ സ്ത്രീ ഭര്‍ത്താവിന്‍റെ സ്വത്താണെന്ന നിയമപ്രകാരമായിരുന്നു കെവിന്‍ കേസ് നല്‍കിയത്. അമേരിക്കയില്‍ മെക്സിക്കോ അടക്കമുള്ള ആറ് സംസ്ഥാനങ്ങളില്‍ ഇപ്പോഴും ഈ നിയമം നിലനില്‍ക്കുന്നുണ്ട്. 

തെറ്റായ കാരണങ്ങളാല്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തിയാല്‍ ദമ്പതികളിലൊരാള്‍ക്ക് കോടതിയെ സമീപിക്കാനുള്ള അവകാശം ഈ നിയമം അനുവദിക്കുന്നുണ്ട്.  നഷ്ടപരിഹാരമായി കെവിന്  അഞ്ച് കോടി 32 ലക്ഷം രൂപ നല്‍കാനാണ് കോടതി ആവശ്യപ്പെട്ടത്. 

ഭാര്യാഭര്‍തൃ ബന്ധത്തിന്‍റെ പവിത്രത ജനങ്ങളെ ബോധ്യപ്പെടുത്താനാണ് താന്‍ കോടതിയെ സമീപിച്ചതെന്ന് കെവിന്‍ പറഞ്ഞു. കെവിന്‍റെ വാദം ന്യായമാണെന്ന് വ്യക്തമാക്കിയാണ് കോടതി നഷ്ടപരിഹാരം പനല്‍കാന്‍ നിര്‍ദ്ദേശിച്ചത്.