ധാക്ക: ആഹാരത്തില്‍നിന്ന് തലമുടി കിട്ടിയതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് ഭാര്യയുടെ തല മൊട്ടയടിച്ചു. ബംഗ്ലാദേശിലെ ജോയ്പുര്‍ഹാത്തിലെ വടക്കുപടിഞ്ഞാറന്‍ ജില്ലയിലാണ് സംഭവം. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിന്‍റെ ഭാഗമായി ഇയാളെ പൊലീസ് അറസ്റ്റുചെയ്തു. ബംഗ്ലാദേശില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടുന്നുണ്ടെന്ന് വനിതാവകാശ സംരക്ഷകര്‍ ആരോപിച്ചു. 

35കാരനായ ബാബു മൊണ്ടാല്‍  എന്നയാളെയാണ് 23 കാരിയായ ഭാര്യയെ ഉപദ്രവിച്ചതിന് പൊലീസ് അറസ്റ്റുചെയ്തത്. ഭാര്യ ഇയാള്‍ക്ക് ഉണ്ടാക്കിയ ആഹാരത്തില്‍ തലമുടി കണ്ടതാണ് ഇയാളെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഭാര്യയെ കുറ്റപ്പെടുത്തിയ ഇയാള്‍ ഒരു ബ്ലേഡുമായി വരികയും ബലപ്രയോഗത്തിലൂടെ ഭാര്യയുടെ തലമൊട്ടയടിക്കുകയുമായിരുന്നു. 

14 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്. ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കാന്‍ മതിയായ നിയമങ്ങലുണ്ടായിട്ടും ആക്രമണങ്ങള്‍ കൂടിവരികയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു. ജനുവരി മുതല്‍ ജൂണ്‍ വരെ 630 പേര്‍ ബലാത്സംഗത്തിനിരയായിട്ടുണ്ട്. 37 പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ ലൈംഗികാതിക്രമത്തില്‍ മനംനൊന്ത് ജീവനൊടുക്കിയെന്നും കണക്കുകള്‍ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.