ബെയ്ജിങ്: ചൈനയില്‍ രാസവസ്തുക്കളുമായി നഴ്സറി സ്കൂളിലെത്തിയ യുവാവ് കുട്ടികളെ ആക്രമിച്ചു. 50-ഓളം കുട്ടികള്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. കോങ് എന്ന് പേരുള്ള 23- കാരനാണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് പിടികൂടി.

തിങ്കളാഴ്ച പകല്‍ 3.30ഓടെയായിരുന്നു ആക്രമണം. തെക്കു-പടിഞ്ഞാറന്‍ ചൈനയിലുള്ള കിന്‍ഡര്‍ ഗാര്‍ട്ടന്‍റെ മതില്‍ ചാടിക്കടന്ന അക്രമി സോഡിയം ഹൈഡ്രോക്സൈഡ് കുട്ടികളുടെ മുഖത്തേക്ക് സ്പ്രേ ചെയ്യുകയായിരുന്നു. പടിഞ്ഞാറന്‍ ചൈനയിലെ യുന്നാന്‍ മേഖലയിലായിരുന്നു സംഭവം. മാതാപിതാക്കള്‍ വിവാഹ മോചിതരായതില്‍ സമൂഹത്തോടുള്ള പ്രതികാരമാണ് യുവാവ് കൃത്യം ചെയ്യാന്‍ കാരണമെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്ക് മാനസിക രോഗമുണ്ടെന്നും പൊലീസ് അറിയിച്ചു.

51 കുട്ടികളെയും മൂന്ന് അധ്യാപികമാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് കുട്ടികളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 2018-ല്‍ സിന്‍ചുവാന്‍ പ്രവിശ്യയില്‍ കത്തിയുമായെത്തിയ യുവതി 14 കുട്ടികളെ പരിക്കേല്‍പ്പിച്ചിരുന്നു.