ബെയ്ജിങ്: ഭാര്യയുടെ സ്നേഹം പരീക്ഷിക്കാൻ അ​ർധരാത്രിയിൽ തിരക്കേറിയ റോഡിനു നടുവിൽ നിന്ന യുവാവിന് ദാരുണാന്ത്യം. ചൈനയിലെ ലിഷൂയിയിലാണ്​ സംഭവം. പാൻ എന്ന യുവാവാണ് ദാരുണമായി മരിച്ചത്. ട്രാഫിക്​ ക്യാമറയിൽ പതിഞ്ഞ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി  പ്രചരിക്കുകയാണ്.

പാനും ഭാര്യ ഷ്​വോയും തർക്കത്തിലേർപ്പെട്ടുകൊണ്ട് റോഡിനു നടുവിൽ നിൽക്കുന്നത് വീഡിയോയിൽ കാണാം. നടുറോഡിൽ നിൽക്കുന്ന ഭർത്താവിനെ ഷ്​വോ പലതവണ അരികിലേക്ക് മാറ്റാൻ ശ്രമിക്കുന്നുവെങ്കിലും പാൻ അതിന് കൂട്ടാക്കാതെ നടുറോഡിൽ നിലയുറപ്പിച്ചു.

അതുവഴി വന്ന പല വാഹനങ്ങളും ഇയാളെ വെട്ടിച്ച് കടന്നുപോയെങ്കിലും അതിവേ​ഗത്തിൽ വന്ന ഒരു വാഹനം പാനിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.  ​ഗുരുതരമായി പരിക്കേറ്റ പാനിനെ ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു.

അതേസമയം ഭാര്യയുടെ സ്നേഹം പരീക്ഷിക്കുന്നതിനുവേണ്ടിയാണ് താൻ ഇങ്ങനെ ചെയ്തതെന്ന് മരിക്കുന്നതിന് മുമ്പ് പാൻ പൊലീസിനോട് പറഞ്ഞുവെന്നാണ് റിപ്പോർട്ട്. റോഡിൽ നിന്നും അരികിലേക്ക് മാറ്റാൻ കഴിഞ്ഞാൽ ഭര്യക്ക് തന്നോട് യഥാർത്ഥ സ്നേഹമാണെന്ന് വിശ്വസിക്കാം എന്ന് പറഞ്ഞായിരുന്നു തർക്കം. തലക്ക്​ ഗുരുതര പരിക്കേറ്റ പാനി​ന്‍റെ വാരി​യെല്ലിന്​ നിരവധി​ പൊട്ടലുണ്ടായിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.