കൊളറാഡോയിലെ ബൗൾഡറിൽ നടന്ന ഒരു ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് എഫ്ബിഐ മേധാവി കാഷ് പട്ടേൽ എക്‌സിൽ പറഞ്ഞു.
വാഷിംഗ്ടൺ: യുഎസിലെ കൊളറാഡോയിൽ ഇസ്രായേൽ അനുകൂലികൾ നടത്തിയ പരിപാടിക്ക് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി എഫ്ബിഐ. പേൾ സ്ട്രീറ്റ് മാളിന് സമീപം ഇസ്രായേൽ അനുകൂല പ്രകടനത്തിൽ പങ്കെടുത്തവർക്ക് മൊളോടോവ് കോക്ടെയിലുകൾ എറിഞ്ഞത് 45 കാരനായ മുഹമ്മദ് സാബ്രി സോളിമാൻ എന്നയാളാണെന്ന് എഫ്ബിഐ തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഓൺലൈനിൽ പുറത്തുവന്നു. ജീൻസും സൺഗ്ലാസും മാത്രം ധരിച്ച സോളിമാൻ, പ്രകടനക്കാർക്കുനേരെ സ്ഫോടക വസ്തുക്കൾ എറിയുകയും ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.
ബൈഡൻ ഭരണകൂടത്തിന്റെ കാലത്ത് യുഎസിൽ പ്രവേശിച്ചതിന് ശേഷം വിസ കാലാവധി കഴിഞ്ഞും താമസിക്കുന്ന ഈജിപ്ഷ്യൻ പൗരനാണ് സോളിമാനെന്ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് സ്രോതസ്സുകളെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് പ്രകാരം, 2022 ഓഗസ്റ്റ് 27 ന് ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നോൺ-ഇമിഗ്രന്റ് വിസയിൽ ഇറങ്ങിയ ശേഷമാണ് സോളിമാൻ ആദ്യമായി യുഎസിൽ എത്തിയത്. അദ്ദേഹത്തിന്റെ വിസ നിബന്ധനകൾ പ്രകാരം, 2023 ഫെബ്രുവരി 2 വരെ യുഎസിൽ തങ്ങാൻ അദ്ദേഹത്തിന് അധികാരമുണ്ടായിരുന്നു. 2022 സെപ്റ്റംബർ 9-ന് അദ്ദേഹം യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൽ ക്ലെയിം ഫയൽ ചെയ്യുകയും 2023 മാർച്ച് 29-ന് അദ്ദേഹത്തിന് ജോലി അനുമതി നൽകുകയും ചെയ്തു. അനുമതി ഈ വർഷം മാർച്ച് വരെ സാധുവായിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.
സംഭവത്തെ എഫ്ബിഐ ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ചു. കൊളറാഡോയിലാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ആറ് പേർക്ക് പൊള്ളലേറ്റു. ബൗൾഡർ നഗരത്തിലെ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തതായി പറഞ്ഞു. ഗാസയിൽ ഹമാസ് തടവിലാക്കിയവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ജൂതസമൂഹം സമ്മേളനം നടത്തിയത്. ഇവർക്കെതിരെയാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. ഇയാൾ സ്വയം നിർമിച്ച സ്ഫോടക വസ്തു സംഘത്തിന് നേരെ എറിഞ്ഞതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
'സയണിസ്റ്റുകളെ അവസാനിപ്പിക്കൂ, അവർ കൊലയാളികളാണ്, പലസ്തീൻ സ്വതന്ത്രമാണ്' -എന്ന് അക്രമി മുദ്രാവാക്യം വിളിച്ചതായും റിപ്പോർട്ടുകളുണ്ട്. കൊളറാഡോയിലെ ബൗൾഡറിൽ നടന്ന ഒരു ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് എഫ്ബിഐ മേധാവി കാഷ് പട്ടേൽ എക്‌സിൽ പറഞ്ഞു. സംഭവത്തെക്കുറിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറിയിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. വാഷിംഗ്ടണിലെ ഒരു ജൂത മ്യൂസിയത്തിന് പുറത്ത് രണ്ട് ഇസ്രായേലി എംബസി ജീവനക്കാരെ വെടിവച്ചു കൊന്നതിന് ഏകദേശം രണ്ടാഴ്ച കഴിഞ്ഞാണ് ബൗൾഡർ അക്രമം നടക്കുന്നത്. "സ്വതന്ത്ര പലസ്തീൻ" എന്ന് ആക്രോശിച്ച 31 വയസ്സുള്ള ഒരു പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു


