കേരളത്തില്‍ നിന്നുള്ള കര്‍ദിനാൾമാരും വിശ്വാസികളും സന്യാസിനിമാരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. തലശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനിയാകും വചന സന്ദേശം നൽകുക. 

വത്തിക്കാൻ: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള കൃതജ്ഞതാബലി റോമിൽ ആരംഭിച്ചു. സിറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ആലഞ്ചരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. കേരളത്തില്‍ നിന്നുള്ള കര്‍ദിനാൾമാരും വിശ്വാസികളും സന്യാസിനിമാരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. തലശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനിയാകും വചന സന്ദേശം നൽകുക. 

ഇന്നലെയാണ് ഫ്രാൻസിസ് മാർപാപ്പ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. ആയിരക്കണക്കിന് ആളുകളെ സാക്ഷിയാക്കി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. മറിയം ത്രേസ്യയ്‌ക്കൊപ്പം ബ്രിട്ടനില്‍ നിന്നുള്ള കര്‍ദിനാള്‍ ജോണ്‍ ഹെന്‍റി ന്യുമാന്‍, ഇറ്റാലിയന്‍ സന്ന്യാസസഭാംഗം ജുസെപ്പീന വന്നീനി , ബ്രസീലിയന്‍ സന്ന്യാസസഭാംഗം ഡൂള്‍ചെ ലോപെസ് പോന്തെസ്, സ്വിറ്റ്സര്‍ലന്‍ഡിലെ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മൂന്നാം സഭാംഗം മാര്‍ഗ്രറ്റ് ബെയ്സ് എന്നിവരെയും മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചിരുന്നു. 

Read More: മറിയം ത്രേസ്യ വിശുദ്ധ പദവിയിൽ; പ്രഖ്യാപനം നടത്തിയത് ഫ്രാൻസിസ് മാർപ്പാപ്പ

മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിന് ഇന്ത്യയിൽ നിന്നുള്ള പ്രതിനിധി സംഘവും സാക്ഷികളായിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനായിരുന്നു സംഘത്തിന്‍റെ തലവന്‍. ഇന്ത്യൻ പ്രതിനിധി സംഘത്തിൽ വത്തിക്കാന്‍റെ ചുമതലയുള്ള ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്, ജസ്റ്റിസ് കുര്യൻ ജോസഫ്, ടിഎൻ പ്രതാപൻ എംപി അടക്കമുള്ളവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. വിശുദ്ധ മറിയം ത്രേസ്യയുടെ കുടുംബാംഗങ്ങൾ, ഹോളി ഫാമിലി സന്യാസിനീ സഭാംഗങ്ങൾ, വൈദികർ, അൽമായർ തുടങ്ങി കേരളത്തിൽ നിന്നെത്തിയ നിരവധി വിശ്വാസികളും ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു.

Read More: വത്തിക്കാനിൽ ചരിത്ര നിമിഷത്തിന് സാക്ഷികളായി ഇന്ത്യൻ പ്രതിനിധി സംഘം, ഒപ്പം വി മുരളീധരനും

വിശുദ്ധ മറിയം ത്രേസ്യയുടെ മധ്യസ്ഥതയിൽ രോഗശാന്തി ലഭിച്ച ക്രിസ്റ്റഫറും ചടങ്ങുകളിൽ ആദ്യാവസാനം വരെ പങ്കെടുത്തിരുന്നു. വിശുദ്ധപ്രഖ്യാപനത്തിൽ മലയാളത്തിലുള്ള പ്രാർത്ഥനയും ഗാനാർച്ചനയുമുണ്ടായിരുന്നു.