ജയ്ഷെ മുഹമ്മദിന്‍റെ പേരിലിറങ്ങിയ പ്രസ്താവനയിലാണ് മസൂദ് അസർ മരിച്ചിട്ടില്ലെന്ന വിശദീകരണം. ഇന്നലെ പാക് സൈനിക ആശുപത്രിയിൽ വച്ച് അസർ മരിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ.

ഇസ്ലാമാബാദ്: ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ മരിച്ചിട്ടില്ലെന്ന വിശദീകരണവുമായി പ്രസ്താവന. ഇത് സംബന്ധിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ജയ്ഷെ മുഹമ്മദിന്‍റെ പേരിൽ പുറത്തിറങ്ങിയ പ്രസ്താവനയിൽ പറയുന്നു.

എന്നാൽ ഈ പ്രസ്താവനയും ജയ്ഷെ മുഹമ്മദിന്‍റേതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. പാക് മാധ്യമപ്രവർത്തകനായ ഹാമിദ് മിർ - മസൂദ് അസർ മരിച്ചിട്ടില്ലെന്ന് പറയുന്നു. 

Scroll to load tweet…

ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ മരിച്ചതായി ആദ്യം റിപ്പോർട്ട് ചെയ്തത് സിഎൻഎൻ ന്യൂസ് 18 ചാനലാണ്. സ്രോതസ്സുകളെ ഉദ്ധരിച്ചാണ് വാർത്തയെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. പാകിസ്ഥാനിൽ റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിലാണ് മസൂദ് അസറെന്നും ആരോഗ്യനില തീരെ മോശമായതിനാൽ ദിവസവും ഡയാലിസിസ് നടത്തുകയാണെന്നും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. 

ഇന്ന് ഉച്ച മുതലാണ് ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ച് തുടങ്ങിയത്. സമൂഹമാധ്യമങ്ങളിലാണ് ഇത്തരം അഭ്യൂഹങ്ങൾ പ്രചരിച്ച് തുടങ്ങിയത്. എന്നാൽ എവിടെയും ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണവും വന്നിട്ടില്ല. വൈകിട്ടോടെ മറ്റ് ദേശീയ മാധ്യമങ്ങളും ഈ വാർത്ത ഏറ്റെടുത്തു.

എന്നാൽ പാക് സൈന്യമോ, സർക്കാരോ ഇക്കാര്യത്തിൽ ഒരു വിശദീകരണമോ സ്ഥിരീകരണമോ നൽകിയിട്ടില്ല. 

വൃക്കകൾ തകരാറിലായതിനാൽ ഗുരുതരാവസ്ഥയിലായിരുന്നു മസൂദ് അസർ. അസർ പാകിസ്ഥാനിലുണ്ടെന്നും എഴുന്നേറ്റ് നടക്കാൻ പോലും വയ്യെന്നും ചികിത്സയിലാണെന്നും പാക് വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷി തന്നെ വെളിപ്പെടുത്തിയിരുന്നു. 

അൽ ഖ്വയ്‍ദ നേതാവായിരുന്ന ഒസാമ ബിന്‍ ലാദനുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് മസൂദ് അസർ. 1993 മുതലാണ് ബിൻ ലാദനും അസറും ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങിയത്. പല ആഫ്രിക്കന്‍ രാജ്യങ്ങളിലും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നൽകുന്നതിൽ അസർ മുന്നിട്ടിറങ്ങിയിരുന്നു. 

1999-ല്‍ മസൂദ് അസ്ഹറിനെ വിട്ടുകിട്ടാന്‍ വേണ്ടിയാണ് ഭീകരര്‍ ഖാണ്ഡഹാറിൽ ഇന്ത്യന്‍ യാത്രാവിമാനം റാഞ്ചിയത്. യാത്രക്കാരുടെ ജീവന്‍ വച്ച വിലപേശിയപ്പോള്‍ മസൂദ് അസറിനെയും ഒപ്പം രണ്ട് ഭീകരരെയും അന്നത്തെ വാജ്പേയ് സര്‍ക്കാരിന് മോചിപ്പിക്കേണ്ടി വന്നു.

കഴിഞ്ഞ ഫെബ്രുവരി 14ന് പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാർക്ക് നേരെ ചാവേർ ആക്രമണം നടത്തിയതിന് പിന്നിലും ജയ്‌ഷെ മുഹമ്മദ് ആണ്. പത്താൻകോട്ട് ആക്രമണത്തിന്റെ പിന്നിലും അസറാണെന്ന് കാണിച്ച് ഇന്ത്യയുടെ ദേശീയ ഏജൻസി അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സിലിനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചൈന ഇന്ത്യയുടെ ആവശ്യത്തെ എതിർക്കുകയായിരുന്നു.