ടെന്നസിയിൽ സ്ഥിതിചെയ്യുന്ന അമേരിക്കൻ സൈന്യത്തിന്റെ സ്ഫോടകവസ്തു നിർമ്മാണശാലയിൽ ശക്തമായ സ്ഫോടനം ഉണ്ടായി. സംഭവത്തെ തുടർന്ന് പതിനെട്ടു പേരെ കാണാതായതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. പതിനഞ്ചു മൈലിലധികം ദൂരത്തിൽ പ്രകമ്പനം അനുഭവപ്പെട്ടു

വാഷിങ്ടൺ: അമേരിക്കൻ സൈന്യത്തിൻ്റെ സ്ഫോടക വസ്തുക്കൾ നിർമ്മിക്കുന്ന പ്ലാൻ്റിലുണ്ടായ സ്ഫോടനത്തിൽ 18 പേരെ കാണാതായി. ടെന്നസിയിലെ ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ സൈന്യത്തിൻ്റെ ആയുധപ്പുരയിലാണ് സ്ഫോടനമുണ്ടായത്. യുഎസ് സൈന്യത്തിനായുള്ള സ്ഫോടക വസ്തുക്കളും വെടിക്കോപ്പുകളും നിർമ്മിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്ന എട്ട് കെട്ടിടങ്ങളുള്ള അക്യുറേറ്റ് എനർജറ്റിക് സിസ്റ്റംസിലാണ് സ്ഫോടനം. 15 മൈലുകൾ വരെ ദൂരത്തിൽ സ്ഫോടനത്തിൻ്റെ പ്രകമ്പനം അനുഭവപ്പെട്ടതായി സ്ഫോടനത്തെ തുടർന്ന് അവശിഷ്ടങ്ങൾ വളരെ ദൂരേക്ക് തെറിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

Scroll to load tweet…

ആദ്യം 19 പേരെ കാണാതായെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്. എന്നാൽ ഇവരിലൊരാൾ അദ്ദേഹത്തിൻ്റെ വീട്ടിലുണ്ടെന്ന് സ്ഥിരീകരിച്ചതോടെ കാണാതായവരുടെ പട്ടിക 18 ആയി. തുടർച്ചയായ സ്ഫോടനങ്ങൾ മൂലം ദ്രുത പ്രതികരണ സേനാംഗങ്ങൾക്ക് ഇവിടേക്ക് ആദ്യം എത്തിച്ചേരാനായില്ല. ഉച്ചയോടെയാണ് ഇവിടെ രക്ഷാപ്രവർത്തനവും തിരച്ചിലും തുടങ്ങിയത്. വലിയ സ്ഫോടകവസ്തുക്കൾ, കുഴിബോംബുകൾ, സി4 പോലുള്ള യുദ്ധോപകരണങ്ങളടക്കം സൂക്ഷിച്ചിരുന്ന സ്ഥലമാണ് ഇവിടം.

ഈ പ്രദേശത്ത് മുൻപും സ്ഫോടനം നടന്നിട്ടുണ്ട്. 2014-ൽ, ഇവിടെ അടുത്ത് വെടിമരുന്ന് പ്ലാന്റിൽ ഉണ്ടായ സമാനമായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇപ്പോൾ സ്ഫോടനം നടന്ന അക്യുറസ് എനർജറ്റിക് സിസ്റ്റംസിന്, അപകടകരമായ വസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നതുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ സുരക്ഷാ മാനദണ്ഡം ലംഘിച്ചതിന് 2019-ൽ പിഴ ചുമത്തിയിരുന്നു. സ്ഫോടനത്തിൻ്റെ കാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.

YouTube video player