ലോകത്തിന്റെ ശ്രദ്ധയിൽ ലണ്ടൻ മാറാതെ നിൽക്കുന്ന ഇന്നത്തെ ദിവസം സുരക്ഷാ ഉദ്യോഗസ്ഥർ എല്ലു വെള്ളമാക്കിയാണ്   നിൽക്കുന്നത്. 2012ലെ ലണ്ടൻ ഒളിമ്പിക്സിന് ചെയ്ത തയ്യാറെടുപ്പുകളേക്കാൾ വലുതും ആസൂത്രിതവും ആണ് എലിസബത്ത് റാണിയുടെ സംസ്കാരച്ചടങ്ങുകൾക്കായി ബ്രിട്ടീഷ് പൊലീസ് ഏർപെടുത്തിയിരിക്കുന്ന മുൻകരുതലും ആസൂത്രണവും പഴുത് അടച്ചുള്ള കരുതലും. 

പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും ഉൾപെട്ട ലോകനേതാക്കളുടെ നീണ്ട നിര, യൂറോപ്പിലെയും മധ്യേഷ്യയിലേയും രാജകുടുംബങ്ങളുടെ പ്രതിനിധികൾ തുടങ്ങി ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികൾ, രാജകുടുംബം, ബ്രിട്ടീഷ് സർക്കാർ പ്രതിനിധികൾ തുടങ്ങിയവർ വേറെ. തീർന്നില്ല. തെരുവുകളിൽ അന്തിമ പ്രണാമം അർപ്പിക്കാൻ നിൽക്കുന്നവരുടെ നീണ്ട നിര. അത് എത്രയാകും എന്ന് ഒരു കണക്കുമില്ല താനും. വിവിധ പാർക്കുകളിലും മാളുകളിലും തീയേറ്ററുകളിലും എല്ലാം ചടങ്ങുകൾ കാണിക്കുന്നുണ്ടാകും. 

ലോകത്തിന്റെ ശ്രദ്ധയിൽ ലണ്ടൻ മാറാതെ നിൽക്കുന്ന ഇന്നത്തെ ദിവസം സുരക്ഷാ ഉദ്യോഗസ്ഥർ എല്ലു വെള്ളമാക്കിയാണ് നിൽക്കുന്നത്. 2012ലെ ലണ്ടൻ ഒളിമ്പിക്സിന് ചെയ്ത തയ്യാറെടുപ്പുകളേക്കാൾ വലുതും ആസൂത്രിതവും ആണ് എലിസബത്ത് റാണിയുടെ സംസ്കാരച്ചടങ്ങുകൾക്കായി ബ്രിട്ടീഷ് പൊലീസ് ഏർപെടുത്തിയിരിക്കുന്ന മുൻകരുതലും ആസൂത്രണവും പഴുത് അടച്ചുള്ള കരുതലും. 

രാജ്ഞിയുടെ നിര്യാണത്തെ തുടർന്നുള്ള സാഹചര്യം , സംസ്കാരച്ചടങ്ങുകൾ തുടങ്ങിയവയെല്ലാം എത്രയോ മുമ്പ് ആസൂത്രണം ചെയ്തിട്ടുള്ളതാണ്. അവസാന നിമിഷത്തിലെ ഹറിബറിയും ഒന്നുമില്ല. ശരി തന്നെ. പക്ഷേ അപ്പോഴും ആ ദിവസത്തിൽ കാര്യങ്ങൾ നേരെ നടക്കാനും പിഴവുകൾ ഒഴിവാക്കാനും ബദ്ധശ്രദ്ധ വേണ്ടതുണ്ട്. പതിനായിരത്തിലധികം പേരെയാണ് വിന്യസിച്ചിരിക്കുന്നത്. വടക്കൻ അയർലൻഡിൽ നിന്ന് ഉൾപ്പെടെ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയിട്ടുണ്ട്. വെസ്റ്റ്മിൻസ്റ്റർ അബിക്ക് നേരെ സ്പെഷ്യൽ ഓപ്പറേഷൻസ് റൂം റെഡിയാണ്. ഡെപ്യൂട്ടി അസിസ്റ്റൻറ് കമ്മീഷണർ ജേയ്ൻ കോണേഴ്സ് ആണ് ചുമതല വഹിക്കുന്നത്. 

ഇനി താഴെ പറയുന്ന പട്ടിക നോക്കുക. മനസ്സിലാകും ഇന്ന് എന്ത് കൊണ്ടാണ് ബ്രിട്ടീഷ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർണായകമെന്ന്. രാജ്യത്തിന്റെ രാജഭരണം ഏറ്റവും കൂടുതൽ കാലം നിർവഹിച്ച. നാടിന്റെ തന്നെ മുഖമുദ്രയായിരുന്ന എലിസബത്ത് രാജ്ഞിക്ക് നാട് അന്ത്യനമസ്കാരം നൽകുന്ന ദിവസത്തിന്റെ മാനസിക, രാഷ്ട്രീയ,ഭരണ സമ്മർദം മാത്രമല്ല അവർക്ക് ഇന്നുള്ളത്. ലോകഭരണത്തിന്റെ തന്നെ വ്യത്യസ്ത മുഖങ്ങളാണ് ഇന്ന് ലണ്ടനിലുള്ളത്. നമ്മുടെ പ്രഥമപൗര ദ്രൗപതി മുർമു ഉൾപെടെ. 

സംസ്കാരച്ചടങ്ങുകളിൽ രാജകുടുംബം പൊതുവെ പങ്കെടുക്കാറില്ലെന്ന പതിവു ശീലം മാറ്റിവെച്ച് ജപ്പാൻ ചക്രവർത്തി നരൂഹിതോയും ചക്രവർത്തിനി മസാക്കോയും ലണ്ടനിലുണ്ട്. നോർവേയിലെ ഹരോൾഡ് അ‍ഞ്ചാമൻ രാജാവ്, മൊണോക്കോയിലെ ആൽബെർട്ട് രണ്ടാമൻ രാജാവ്. ഡച്ച് രാജാവ് വില്യം അലക്സാണ്ടർ., സ്വീഡന്റെ കാൾ പതിനാറാമൻ രാജാവ്, ബെൽജിയൻ രാജാവ് ഫിലിപ്പ്, സ്പാനിഷ് രാജാവ് ഫെലിപ്പെ ആറാമൻ, എലിസബത്ത് റാണിയുടെ ബന്ധു കൂടിയായ ഡെൻമാർക്ക് റാണി മാർഗരെറ്റ് സെക്കൻഡ് തുടങ്ങി യൂറോപ്പിലെ വിവിധ രാജവംശങ്ങളാണ് ലണ്ടനിൽ സമ്മേളിക്കുന്നത്. 

രാജഭരണത്തിന്റെ നേതൃത്വം മാത്രമല്ല ലണ്ടനിൽ എത്തുന്നത്. വിവിധ ജനാധിപത്യ സർക്കാരുകളുടെ തലവൻമാർ കൂടിയാണ്. അമേരിക്കൻ പ്രസിഡന്റ് ജോ ബെഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ, തുർക്കി പ്രസിഡന്റ് എർദോഗൻ, ബ്രസീൽ പ്രസിഡന്റ് ബൊൽസോനാരോ, ഇറ്റലിയുടെ പ്രസിഡന്റ് സെർജിയോ മാറ്റരെല്ല, ജ‍ർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയ്ൻമീർ, ഇസ്രായേൽ പ്രസിഡന്റ് ഹെർസോഗ്, ദക്ഷിണ കൊറിയ പ്രസിഡന്റ് യൂൻ സുക് ഇയോൾ തുടങ്ങിയവരും എത്തുന്നു.

കോമൻവെൽത്ത് രാജ്യങ്ങളിൽ നിന്നുള്ള ഭരണാധികാരികളുടെ പട്ടിക വേറെ. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻറണി അൽബനേസ്, ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസീക്ക ആർഡെൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ രാമഫോസ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, ഫിജിയൻ പ്രധാനമന്ത്രി ഫ്രാങ്ക് ബെയ്നിമരാമ, ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ.. പട്ടിക ചെറുതല്ല. ചൈനയുടെ പ്രതിനിധിയാവുന്നത് വൈസ് പ്രസിഡന്റ് വാങ് ക്വിഷാൻ. ബ്രെക്സിറ്റ് വേർപിരിയൽ നിലനിൽക്കുന്പോഴും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൻഡെർ ലെയനും യൂറോപ്യൻ കൗൺസിൽ അധ്യക്ഷൻ ചാൾസ് മൈക്കലും സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കും. 

Read more: എലിസബത്ത് രാജ്ഞിയെ കാണാനുള്ള ക്യൂവിലെ അവസാനത്തെ വ്യക്തി, അതാര്?

2011ലെ അയർലൻഡ് സന്ദർശത്തോടെ ദശാബ്ദങ്ങളുടെ മുറിവുകൾക്ക് സാന്ത്വനമേറിയ രാജ്ഞിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ഐറിഷ് പ്രധാനമന്ത്രി മൈക്കൽ മാർട്ടിനെത്തും. ഉക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്കും ബെലാറസും സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ ക്ഷണം ഇല്ല. നടപടി നിന്ദ്യമായി പോയെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയം വിമർശിച്ചിട്ടുമുണ്ട്. ഇറാൻ, നിക്കരാഗ്വെ, വടക്കൻ കൊറിയ, മ്യാൻമാർ, സിറിയ, വെനസ്വേല, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളെയും ക്ഷണിച്ചിട്ടില്ലായിരുന്നു. 

സുരക്ഷാ നിർവഹണത്തിന് മാത്രമല്ല സേനയുടെ സാന്നിധ്യം ഉള്ളത്. എലിസബത്ത് രാജ്ഞിയുടെ മൃതദേഹവും വഹിച്ചുള്ള പരേഡിലും വിവിധ സേനാവിഭാഗങ്ങൾ അണിനിരക്കും. ബ്രിട്ടീഷ് സേനയുടെ പമരാധികാര സേനാധിപതിയായിരുന്നു റാണി. കോമൺവെൽത്ത് രാജ്യങ്ങളുടെ ചുമതലക്കാരിയും. എല്ലാ വിഭാഗങ്ങളുടെയും പ്രതിനിധികൾ പരേഡിൽ അണിനിരക്കും. ആദ്യം വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നിന്ന് വെസ്റ്റ്മിൻസ്റ്റർ അബിയിലേക്ക്. അവിടത്തെ ചടങ്ങുകൾക്ക് ശേഷം വെല്ലിങ്ടൺ ആ‌ർച്ചിലേക്ക് . മധ്യ ലണ്ടനിലൂടെ കടന്നു പോകുന്ന പരേഡിന് നേതൃത്വം വഹിക്കുക റോയൽ കനേഡിയൻ മൗണ്ട് പൊലീസ്. ഏഴ് സംഘങ്ങളായി അതത് ബാൻഡുകളുമായിട്ടാകും പരേഡ്. ബ്രിട്ടീഷ് , കോമൺവെൽത്ത് സേന, പൊലീസ്, എൻഎച്ച് എസ് പ്രാതിനിധ്യവും പരേഡിനുണ്ടാകും.