Asianet News MalayalamAsianet News Malayalam

ഫെസ്റ്റിവൽ വില്ലനായി; എംഡിഎംഎ കലർന്ന് പുഴവെള്ളം കലങ്ങി എന്ന് സംഘാടകർ

പൊതുജനം പുഴയിൽ മൂത്രമൊഴിക്കുന്നതിനെപ്പറ്റി മാത്രമാണ് ഇങ്ങനെ ഒരു അറിയിപ്പ് വന്നിട്ടുള്ളത്. എംഡിഎംഎ, കൊക്കെയിൻ പോലുള്ള അപകടകരമായ മയക്കുമരുന്നുകൾ ഫെസ്റ്റിവൽ വേദികളിൽ ഉപയോഗിക്കുന്നതിനെക്കുറിച്ച് സംഘാടകർ ഒരക്ഷരം മിണ്ടിയിട്ടില്ല

MDMA Cocaine levels run high in river water near Festival site
Author
Somerset, First Published Sep 28, 2021, 5:23 PM IST

ഇംഗ്ലണ്ടിലെ സോമർസെറ്റിലുള്ള വൈറ്റ്ലൈക്ക് നദിയിലെ വെള്ളത്തിൽ അപകടകരമാം വിധം ഉയർന്ന എംഡിഎംഎ കൊക്കെയിൻ എന്നീ മയക്കുമരുന്നുകളുടെ സാന്നിധ്യം കണ്ടെത്തി പാരിസ്ഥിതിക ഏജൻസികളുടെ പഠനം. ഗ്ലാറ്റ്‌സൺബെറി ഫെസ്റ്റിവൽ എന്ന സുപ്രസിദ്ധമായ സംഗീത മഹോത്സവം നടക്കുന്ന വേദിയ്ക്കരികിലൂടെയാണ് ഈ നദി ഒഴുകുന്നത്. ഫെസ്റ്റിവലിന് വന്ന ജനം മയക്കുമരുന്ന് അമിതമായി ഉപയോഗിക്കുന്നതും, അതിനു ശേഷം ഈ നദിയിലേക്ക് മൂത്ര വിസർജനം നടത്തുന്നതുമാണ് നദിയിലെ വെള്ളത്തെ മയക്കുമരുന്ന് ലിപ്തമാക്കുന്നത് എന്നും വെള്ളം പരിശോധനയ്ക്ക് വിധേയമാക്കിയ പരിസ്ഥിതി ഗവേഷകർ പറഞ്ഞു. 

നദിയിൽ കണ്ടുവരുന്ന വംശനാശ ഭീഷണി നേരിടുന്ന ഈലുകൾക്ക് ഈ ഉയർന്ന മയക്കുമരുന്നിന്റെ സാന്നിധ്യം ദോഷം ചെയ്തേക്കാം എന്നും അവർ ആശങ്ക പ്രകടിപ്പിച്ചു. ഫെസ്റ്റിവൽ തുടങ്ങിയത്തിന്റെ തൊട്ടടുത്ത ആഴ്ച പുഴവെള്ളത്തിലെ എംഡിഎംഎ സാന്നിധ്യം നാലിരട്ടി ആയി എന്നാണ് കണ്ടെത്തൽ. 2019 -ൽ നടന്ന ഉത്സവത്തോട് അനുബന്ധിച്ചെടുത്ത സാമ്പിളുകളുടെ പരിശോധന ഫലങ്ങൾ ഇന്നാണ് ബിബിസി പുറത്തുവിട്ടത്. 

എന്തായാലും, ഇങ്ങനെ ഒരു റിപ്പോർട്ട് വന്നതിന്റെ അടിസ്ഥാനത്തിൽ ഗ്ലാറ്റ്‌സൺബെറി ഫെസ്റ്റിവലിന് വരുന്ന സന്ദർശകർക്ക് മൂത്രശങ്ക തീർക്കാൻ കൂടുതൽ സൗകര്യം ചെയ്യുമെന്നും, പുഴയിലേക്ക് പരസ്യമായി മൂത്രവിസർജനം ചെയ്യുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും ഫെസ്റ്റിവൽ സംഘാടകർ അറിയിച്ചു. പക്ഷേ, സംഘാടകരുടെ ഭാഗത്തുനിന്ന് പൊതുജനം പുഴയിൽ മൂത്രമൊഴിക്കുന്നതിനെപ്പറ്റി മാത്രമാണ് ഇങ്ങനെ ഒരു അറിയിപ്പ് വന്നിട്ടുള്ളത്. എംഡിഎംഎ, കൊക്കെയിൻ പോലുള്ള അപകടകരമായ മയക്കുമരുന്നുകൾ ഫെസ്റ്റിവൽ വേദികളിൽ ഉപയോഗിക്കുന്നതിനെക്കുറിച്ച് സംഘാടകർ ഒരക്ഷരം മിണ്ടിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 

എല്ലാ മ്യൂസിക് ഫെസ്റ്റിവലുകളിലും വളരെ പരസ്യമായിത്തന്നെ നിരോധിതമായ മയക്കുമരുന്നുകൾ ഉപയോഗിക്കപ്പെടുന്നത് ഇപ്പോൾ ഒരു സ്ഥിരം കാഴ്ചയായിട്ടുണ്ട് എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഗ്ലാറ്റ്‌സൺബെറി സംഗീതഫെസ്റ്റിവലും ഇതിന് ഒരു അപവാദമല്ല എന്നും നാട്ടുകാർ പറയുന്നു. 

 

Follow Us:
Download App:
  • android
  • ios