ചോക്സിയെ വിട്ടുകിട്ടാനുള്ള നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്
ദില്ലി: മെഹുൽ ചോക്സിയെ ബൽജിയം അറസ്റ്റു ചെയ്തത് ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരമായിരുന്നു എന്ന് സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം. മെഹുൽ ചോക്സി നിലവിൽ തടവിലാണെന്നാണ് ബൽജിയം അറിയിച്ചതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സവാൾ അറിയിച്ചു. ചോക്സിയെ വിട്ടുകിട്ടുന്നതിനുള്ള നിയമനടപടികൾ തുടങ്ങിയതായും വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ നേരിട്ടുള്ള വിമാന സർവ്വീസ് പുനസ്ഥാപിക്കുമെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. പ്രധാനമന്ത്രിക്കും പ്രസിഡൻറ് ഷി ജിൻപിങിനും ഇടയിൽ നടന്ന ചർച്ചയിൽ ഇക്കാര്യം ഉയർന്നിരുന്നെന്നും രൺധീർ ജയ്സ്വാൾ വിശദീകരിച്ചു.
വിശദവിവരങ്ങൾ ഇങ്ങനെ
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് പതിമൂവായിരത്തി അഞ്ഞൂറ് കോടി രൂപ വായ്പ എടുത്ത് തിരിച്ചടക്കാതെ മുങ്ങിയ മെഹുൽ ചോക്സിക്കും മരുമകൻ നീരവ് മോദിക്കും എതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വാറണ്ട് ഇൻറർ പോളിന് നേരത്തെ കൈമാറിയിരുന്നു. കരീബിയൻ ദ്വീപായ ആൻറിഗയിൽ കഴിഞ്ഞിരുന്ന മെഹുൽ ചോക്സി ചികിത്സയ്ക്കായി കഴിഞ്ഞ സെപ്തംബറിൽ യൂറോപ്പിലെത്തിയതായി ഇന്ത്യയ്ക്ക് വിവരം കിട്ടിയിരുന്നു. ചോക്സിയെ അറസ്റ്റു ചെയ്യാനുള്ള രണ്ട് വാറണ്ടുകൾ ഇന്ത്യ യൂറോപ്യൻ രാജ്യങ്ങൾക്ക് കൈമാറിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചോക്സിയെ ബൽജിയം അറസ്റ്റ് ചെയ്തത്. മെഹുൽ ചോക്സി നിലവിൽ കസ്റ്റഡിയിലാണെന്ന് ബെൽജിയം ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. രക്താർബുദത്തിന് ചികിത്സയിലാണെന്നും റേഡിയേഷൻ അടക്കം ആവശ്യമായി വരുന്നെന്നും കാണിച്ച് ചോക്സി കോടതിയിൽ ജാമ്യപേക്ഷ നൽകിയെന്നാണ് വിവരം. ഈ സാഹചര്യത്തിൽ ചികിത്സ പൂർത്തിയാക്കാൻ അനുവദിക്കണമെന്നും ചോക്സി നൽകിയ ജാമ്യപേക്ഷയിൽ പറയുന്നു. നീരവ് മോദിയും മെഹുൽ ചോക്സിയും പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളായതിനാലാണ് സംരക്ഷിക്കുന്നതെന്ന് പ്രതിപക്ഷം നിരന്തരം ആരോപിച്ചിരുന്നു. ചോക്സിയുടെ സ്വത്തുക്കൾ നിരവധി രാജ്യങ്ങളിലുണ്ടെന്ന് സി ബി ഐയും ഇ ഡിയും നേരത്തെ കണ്ടെത്തിയിരുന്നു. തായ് ലാൻഡ്, യു എ ഇ, ജപ്പാൻ, യു എസ് തുടങ്ങിയ രാജ്യങ്ങളോട് ഇവ കണ്ടുകെട്ടി വിറ്റ് കിട്ടുന്ന തുക ബാങ്കിന് കൈമാറാനായി നടപടി സ്വീകരിക്കണം എന്ന് അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിരുന്നു. ബൽജിയത്തിൽ ചോക്സി അറസ്റ്റിലായത് നേട്ടമാണെങ്കിലും കൈമാറ്റത്തിനുള്ള നിയമനടപടികൾ നീളാനാണ് സാധ്യത.
