ഫ്രാൻസിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും തമ്മിൽ പങ്കുവെച്ച രസകരമായൊരു സംഭാഷണം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
ഫ്രാൻസ്: ഫ്രാൻസിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും തമ്മിൽ പങ്കുവെച്ച രസകരമായൊരു സംഭാഷണം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഒഫീഷ്യൽ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനായി ലോകനേതാക്കൾ ഒത്തുകൂടിയപ്പോഴായിരുന്നു ഇരുവരുടെയും ഈ തമാശരൂപേണയുള്ള പ്രതികരണം. ലോകനേതാക്കളുടെ നിരയിലേക്ക് എത്തിയ പ്രധാനമന്ത്രി മോദിയെ "വീണ്ടും കണ്ടതിൽ സന്തോഷം" എന്ന് പറഞ്ഞാണ് മെലോനി സ്വീകരിച്ചത്. തുടർന്ന് തങ്ങളുടെ സോഷ്യൽ മീഡിയ ജനപ്രീതിയെക്കുറിച്ച് മോദി സൂചിപ്പിച്ചപ്പോൾ, ചിരിച്ചുകൊണ്ട് "അതെ, നമ്മൾ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും പ്രശസ്തമായ ജോഡിയാണ്" എന്ന് മെലോനി പ്രതികരിച്ചു.
മെലോഡി തരംഗം
ഇരുനേതാക്കളുടെയും പേരുകൾ ചേർത്തുവെച്ച് സോഷ്യൽ മീഡിയ രൂപം നൽകിയ '#Melodi' എന്ന ഹാഷ്‌ടാഗ് കഴിഞ്ഞ മൂന്ന് വർഷമായി ഇന്റർനെറ്റിൽ വൻ ഹിറ്റാണ്. 2023 നവംബറിൽ ദുബായിൽ നടന്ന കോപ്28 (COP28) ഉച്ചകോടിക്കിടെ മോദിക്കൊപ്പമുള്ള സെൽഫി "Good friends at COP28 #Melodi" എന്ന അടിക്കുറിപ്പോടെ മെലോനി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെയാണ് ഈ ട്രെൻഡ് ആരംഭിച്ചത്. കഴിഞ്ഞ മാസം മോദി റോം സന്ദർശിച്ചപ്പോൾ ഈ സോഷ്യൽ മീഡിയ ട്രെൻഡിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ 'പാർലെയുടെ മെലഡി' ചോക്ലേറ്റ് പാക്കറ്റ് മെലോനിക്ക് സമ്മാനമായി നൽകിയിരുന്നു. ഈ വീഡിയോ പുറത്തുവന്ന് ആറ് മണിക്കൂറിനുള്ളിൽ 10 കോടിയിലധികം ആളുകളാണ് കണ്ടത്.
ജി-7 ഉച്ചകോടിയുടെ ഭാഗമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും, മെലോനിയുമായുള്ള ഈ സൗഹൃദ നിമിഷമാണ് ഇപ്പോൾ ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്.



