മെക്സികോ സിറ്റി: ലോകമെമ്പാടും നിന്ന് അമേരിക്കന്‍ പ്രസിജന്‍റ് ജോ ബൈഡന് അഭിനന്ദനമെത്തുമ്പോള്‍ അഭിനന്ദിക്കാതെ മെക്സിക്കന്‍ പ്രസിഡന്‍റ് . നിയമപരമായ വെല്ലുവിളികള്‍ തീര്‍ന്ന ശേഷം അഭിനന്ദിക്കാമെന്നാണ് മെക്സിക്കന്‍ പ്രസിഡന്‍റ് ആന്‍ഡ്രേസ് മാനുവല്‍ ലോപസ് ഓബ്രഡോര്‍ ശനിയാഴ്ച പ്രതികരിക്കുന്നത്. പെന്‍സില്‍വാനിയയിലെ വിജയത്തോടെയാണ് ബൈഡന്‍ പ്രസിഡന്‍റായത്. വ്യാപാര ബന്ധത്തില്‍ അമേരിക്കയുമായി ഏറെ അടുത്ത് നില്‍ക്കുന്ന രാജ്യമാണ് മെക്സിക്കോ. 

ആറായിരം ബില്യണ്‍ ഡോളറിന്‍റെ വ്യാപാരമാണ് മെക്സിക്കോയും അമേരിക്കയും തമ്മില്‍ നടക്കുന്നത്. വടക്കന്‍ അതിര്‍ത്തിയിലെ ബന്ധങ്ങള്‍ ഉലയാതിരിക്കാനായുള്ള മുന്‍കരുതലായാണ് മെക്സിക്കന്‍ പ്രസിഡന്‍റിന്‍റെ തീരുമാനത്തെ വിലയിരുത്തുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് നിയമത്തിന്‍റെ എല്ലാ നൂലാമാലകളും അവസാനിക്കുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനമെന്ന് മെക്സിക്കന്‍ പ്രസിഡന്‍റ് വാര്‍ത്താ സമ്മേളനത്തില്‍ പറയുന്നു. ഇലക്ടറല്‍ നടപടികള്‍ പൂര്‍ണമാകുന്നത് വരെ രണ്ടുപേരിലാരെയും അഭിനന്ദിക്കാനില്ലെന്നും മെക്സിക്കന്‍ പ്രസിഡന്‍റ് വിശദമാക്കുന്നു. 

അരിസോണയിലെ ഫലം ചോദ്യം ചെയ്തു പുതിയ ഹർജിുമായി നീങ്ങാനുള്ള നീക്കത്തിലാണ് ട്രംപുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  28 വർഷത്തിന് ശേഷമാണ് വൈറ്റ് ഹൗസിന്റെ അധിപനായ ഒരാൾ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നത്. ട്രംപിന് മുമ്പ് പ്രസിഡന്റായി മത്സരിച്ച് തോറ്റ ബുഷ് സീനിയറും റിപ്പബ്ലിക്കൻ പാർട്ടി നേതാവായിരുന്നു.