മെക്‌സിക്കോസിറ്റി:  അര്‍ദ്ധനഗ്നമായ നിലയില്‍ 19 മൃതദേഹങ്ങള്‍ ഓവര്‍പാസില്‍ കെട്ടിതൂക്കി മെക്സിക്കോ മയക്കുമരുന്നു മാഫിയയുടെ പ്രതികാരം. 
ഓവര്‍ പാസില്‍ ഒമ്പതും സമീപത്തുള്ള റോഡില്‍ തൂക്കിയിട്ട നിലയിലും ഉപേക്ഷിച്ച നിലയിലുമായി ഏഴെണ്ണവും മൂന്നെണ്ണം റോഡില്‍ ഉപേക്ഷിച്ച നിലയിലുമായിരുന്നു. 

2006-2012 കാലഘട്ടത്തില്‍ മെക്‌സിക്കോയെ പിടിച്ചുകുലുക്കിയ ലഹരിമരുന്ന് മാഫിയ ഏറ്റുമുട്ടലുകള്‍ക്ക് സമാനമായ ദൃശ്യമാണിതെന്ന് അധികൃതര്‍ പറയുന്നു.  വ്യാഴാഴ്ച കണ്ടെത്തിയതില്‍ രണ്ടെണ്ണം ഓവര്‍പാസില്‍ തൂക്കിയിട്ട നിലയിലാണ്. കഴുത്തില്‍ കയറുകെട്ടിയാണ് തൂക്കിയത്. അര്‍ദ്ധനഗ്നമായിരുന്നു. ഇവരില്‍ ഒരാള്‍ സ്ത്രീയാണെന്ന് മികോവാകന്‍ അറ്റോര്‍ണി ജനറല്‍ അഡ്രിയന്‍ ലോപസ് സോളിസ് പറഞ്ഞു. 

ഉറുവാപ്പന്‍ നഗരത്തില്‍ വെടിയേറ്റ നിലയിലാണ് മൃതദേഹങ്ങള്‍. ഇവയില്‍ ചിലത് കൈകള്‍ കൂട്ടിക്കെട്ടിയിരുന്നു. ഇവരുടെ ട്രൗസറുകള്‍ അഴിച്ചുമാറ്റിയിരുന്നു.  മേയിലും ലഹരിമരുന്ന് കടത്ത് സംഘങ്ങളുടെ ശക്തിപ്രകടനം നടന്നിരുന്നു. പിക്കപ്പുകളും എസ്.യു.വികളും നിരനിരയായി നിരത്തിലൂടെ പാഞ്ഞു. 'സിജെഎന്‍ജി' എന്ന ബോര്‍ഡും ഈ വാഹനങ്ങളിലുണ്ടായിരുന്നു. 

'ജസ്ലികോ ന്യൂ ജനറേഷന്‍ കാര്‍ട്ടല്‍' എന്നാണ് സ്പാനീഷിലെഴുതിയ ഈ ബോര്‍ഡിന്റെ പൂര്‍ണ്ണരൂപം. പോലീസ് വാഹനങ്ങള്‍ക്കുനേരെ വെടിവച്ച സംഘം നിരവധി ഓഫീസര്‍മാരെ കൊലപ്പെടുത്തുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം ആദ്യപകുതിയില്‍ മാത്രം 17,608 പേരാണ് മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ മെക്സിക്കോയില്‍  കൊല്ലപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5.8% വര്‍ധനവ്. ഒരു ദിവസം ശരാശരി 100 പേരെങ്കിലും ഇത്തരത്തില്‍ മെക്സിക്കോയില്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്.