പലസ്തീനെ പിന്തുണച്ചുള്ള മിയ ഖലീഫയുടെ പ്രതികരണങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മിയ ഖലീഫ വിമര്‍ശനങ്ങളും നേരിടുന്നുണ്ട്
ടെൽഅവീവ്: ഇസ്രായേൽ - പലസ്തീൻ സംഘർഷം കടുക്കുമ്പോള്‍ പലസ്തീനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുൻ പോണ്‍ അഭിനേത്രി മിയ ഖലീഫ. പലസ്തീനിലെ നിലവിലെ സാഹചര്യം മനസിലാക്കിയാല്‍ അവരുടെ പക്ഷത്ത് നില്‍ക്കാതിരിക്കാൻ കഴിയില്ല. അതിന് കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ വംശീയതയുടെ തെറ്റായ വശത്താണ്. അത് കാലക്രമേണ തെളിയുമെന്നാണ് മിയ ഖലീഫ ട്വിറ്ററില്‍ കുറിച്ചത്. ഇസ്രായേൽ - പലസ്തീൻ വിഷയങ്ങളില്‍ മുമ്പും മിയ ഖലീഫ അഭിപ്രായം തുറന്ന് പറഞ്ഞിട്ടുണ്ട്.
പലസ്തീനെ പിന്തുണച്ചുള്ള മിയ ഖലീഫയുടെ പ്രതികരണങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മിയ ഖലീഫ വിമര്‍ശനങ്ങളും നേരിടുന്നുണ്ട്. അതേസമയം, ഇസ്രായേൽ - ഹമാസ് യുദ്ധത്തിൽ മരണം 600 കടന്നിട്ടുണ്ട്. രാജ്യത്തിനുള്ളിൽ കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുകയാണ് ഇസ്രയേൽ. ഗാസയിലെ 429 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു.
ഗാസയിൽ 313 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ടായിരത്തിലേറെ പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ലെബനിലും ഇസ്രയേൽ പ്രത്യാക്രമണം നടത്തി. അക്ഷരാർത്ഥത്തിൽ ഗാസയ്ക്കു മേൽ തീ മഴ പെയ്ത രാത്രിയാണ് കടന്നുപോയത്. ബഹുനില കെട്ടിടങ്ങൾ അടക്കം ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ നിലംപൊത്തി. 429 കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തുവെന്നും ഇക്കൂട്ടത്തിൽ ഹമാസിന്റെ ആയുധ കേന്ദ്രങ്ങൾ അടക്കം ഉണ്ടെന്നും ഇസ്രയേൽ. ഗാസ മുനമ്പിലെ പരിമിത സൗകര്യങ്ങൾ മാത്രമുള്ള ആശുപത്രികളിൽ മതിയായ മരുന്നോ ചികിത്സയോ ഇല്ലാതെ മുറിവേറ്റവർ നിര്‍ക്കുന്ന ദുരന്ത കാഴ്ചയാണ് ഇസ്രയേലില്‍ നിന്ന് പുറത്ത് വരുന്നത്.
ഗാസയിലെ ഏഴ് മേഖലകളിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേൽ ജനങ്ങളോട് അഭ്യർത്ഥിച്ചു. അതിനുശേഷം രണ്ടാം ഘട്ട ആക്രമണത്തിലൂടെ ഹമാസ് കേന്ദ്രങ്ങൾ തരിപ്പണം ആക്കുകയാണ് ലക്ഷ്യം. മുൻപ് പല ഉന്നത ഹമാസ് നേതാക്കളെയും വധിച്ച ചരിത്രമുള്ള ഇസ്രയേൽ ഇത്തവണയും അത്തരം നീക്കം നടത്തിയേക്കും. കര മാർഗം സൈനിക നീക്കം നടത്തി ഗാസയിൽ സ്ഥിരം ഇസ്രായേലി സൈനിക സാന്നിധ്യം ഉറപ്പിക്കാനും തീരുമാനം ഉണ്ടായേക്കാം. നീണ്ട് നിൽക്കുന്നതും ബുദ്ധിമുട്ടേറിയതുമായ യുദ്ധത്തിനാണ് രാജ്യം തുടക്കം കുറിച്ചിരിക്കുന്നത് എന്നാണു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനം.
