പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് പരിഹാരം കാണാൻ സൗദി, പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ ഇറാനിൽ നിർണായക ചർച്ചകൾ നടത്തുന്നു. ഇതിനിടെ റിയാദ് വിമാനത്താവളത്തിലടക്കം ആക്രമണം നടത്തിയെന്ന് ഹൂത്തികൾ അവകാശപ്പെട്ടപ്പോൾ, ഹൂത്തികളുടെ മിസൈൽ കേന്ദ്രങ്ങൾ സൗദി തകർത്തു.

ദുബായ്: മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴി തുറക്കുന്നു. സൗദിയും പാകിസ്ഥാനും തുർക്കിയും ഇറാനിൽ വെച്ച് ചർച്ചകൾ നടത്തും. സൗദി പ്രതിരോധ മന്ത്രി, പാക് സേന മേധാവി, തുർക്കി ഇന്റലിജൻസ് മേധാവി എന്നിവരാണ് പങ്കെടുക്കുക. സൗദി-ഹൂത്തി സംഘർഷം ഉൾപ്പടെ ചർച്ചയാകുമെന്നാണ് സൂചന. സൗദിയും തുർക്കിയും പാകിസ്താനും മക്ക കരാറിൽ ഭാഗമാണെന്നിരിക്കെ ഇറാനിൽ വെച്ച് ചർച്ച നടക്കുന്നതും ശ്രദ്ധേയമാണ്. അതിനിടെ, റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പടെ സൗദിയിലേക്ക് ആക്രമണം നടത്തി എന്നവകാശപ്പെട്ട് ഹൂതികൾ രംഗത്തെത്തി.

രണ്ടിടങ്ങളിലായി സൗദി സഖ്യ സേനയുടെ സൈനിക വ്യൂഹത്തെ ആക്രമിച്ചുവെന്നും നിരവധി പേർ കൊല്ലപ്പെട്ടുവെന്നും അവകാശപ്പെട്ടു. കിങ് ഖാലിദ് വിമാനത്താവളം, ഈസ്റ്റ് - വേസ്റ്റ് ക്രൂഡ് ഓയിൽ പമ്പിങ് സ്റ്റേഷൻ എന്നിവയും ആക്രമിച്ചെന്ന് ഹൂത്തികൾ അവകാശപ്പെട്ടു. അതേ സമയം ഹൂത്തികളുടെ അഞ്ച് ഭൂഗർഭ മിസൈൽ കേന്ദ്രങ്ങൾ സൗദി തകർത്തു. നാല് ലോഞ്ചറുകളും മിസൈൽ സംഭരണ കേന്ദ്രങ്ങളും തകർത്തു.