ഗൾഫ് മേഖലയിലെ, പ്രത്യേകിച്ച് ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾ വരും നാളുകളിൽ വസ്ത്രങ്ങളുടെ വില വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. പോളിസ്റ്റർ, നൈലോൺ തുടങ്ങിയ സിന്തറ്റിക് വസ്ത്രങ്ങൾ പെട്രോളിയം ഉൽപ്പന്നങ്ങളായതിനാലും, പരുത്തി ഉത്പാദനത്തിന് ഗൾഫ് രാജ്യങ്ങളെ ആശ്രയിക്കുന്നതിനാലുമാണ് ഈ വിലക്കയറ്റം പ്രതീക്ഷിക്കുന്നത്.

ഹോര്‍മുസ് കടലിടുക്കിലൂടെ ചീറിപ്പായുന്ന മിസൈലുകള്‍ക്കും നിങ്ങളുടെ അലമാരയിലിരിക്കുന്ന ജാക്കറ്റുകള്‍ക്കും ലെഗ്ഗിങ്‌സുകള്‍ക്കും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇവ തമ്മില്‍ വലിയ ബന്ധമൊന്നുമില്ലെന്ന് കരുതുന്നുവെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. അതെ, ഗള്‍ഫിലെ യുദ്ധം വരും നാളുകളില്‍ വസ്ത്രങ്ങളുടെ വില കുത്തനെ കൂട്ടാന്‍ പോകുകയാണ്.

മിക്ക വസ്ത്രങ്ങളും നിര്‍മ്മിച്ചിരിക്കുന്നത് പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ നിന്നാണ് എന്നതുതന്നെയാണ് ഇതിന് കാരണം. പോളിസ്റ്റര്‍, നൈലോണ്‍, സ്പാന്‍ഡെക്‌സ് തുടങ്ങിയ സിന്തറ്റിക് നാരുകളെല്ലാം പെട്രോളിയം ഉല്‍പന്നങ്ങളാണ്. എണ്ണവില വര്‍ധിക്കുന്നത് പെട്രോള്‍, ഡീസല്‍, വിമാന ടിക്കറ്റ് നിരക്കുകളെ മാത്രമല്ല ബാധിക്കുന്നത്. അത് വസ്ത്രവിപണിയിലും നിശബ്ദമായി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

വസ്ത്രവിപണിയിലെ പരിഭ്രാന്തി

കോവിഡ് കാലത്തെ പരിഭ്രാന്തിയും മിഡില്‍ ഈസ്റ്റിലെ ആക്രമണ വാര്‍ത്തകള്‍ കേട്ട് വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ ആളുകള്‍ കാണിച്ച തിടുക്കവും നമ്മള്‍ കണ്ടതാണ്. ഇതേ അവസ്ഥയാണ് ഇപ്പോള്‍ വസ്ത്രവിപണിയിലും. അസംസ്‌കൃത വസ്തുക്കളുടെ വിതരണം തടസപ്പെടുമെന്ന ഭയം വസ്ത്ര നിര്‍മ്മാതാക്കള്‍ക്കിടയില്‍ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. ഇത് പോളിസ്റ്റര്‍ നൂലുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ചില കമ്പനികള്‍ക്ക് താല്‍ക്കാലികമായി ഗുണം ചെയ്തു. ലോകത്തെ പോളിസ്റ്റര്‍ നൂല്‍ ഉല്‍പ്പാദനത്തിന്റെ 18% കൈകാര്യം ചെയ്യുന്ന തോങ്കുന്‍ ഗ്രൂപ്പിന്റെ ലാഭം ഈ ജൂണ്‍ വരെയുള്ള ആറ് മാസത്തിനുള്ളില്‍ മൂന്നിരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണവില കുറവായിരുന്നപ്പോള്‍ വാങ്ങിയ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചാണ് കമ്പനി ഇപ്പോള്‍ മികച്ച ലാഭം കൊയ്യുന്നത്.

എന്നാല്‍ എല്ലാ കമ്പനികളുടെയും അവസ്ഥ ഇതല്ല. ക്രൂഡ് ഓയില്‍ ശുദ്ധീകരിച്ച് പോളിമര്‍ റെസിനുകളും നാരുകളും നിര്‍മ്മിക്കുന്ന ഹെങ്ലി പെട്രോകെമിക്കല്‍ കമ്പനിയുടെ ഓഹരികള്‍ ഈ വര്‍ഷം മൂന്നിലൊന്നായി ഇടിഞ്ഞു. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ അവര്‍ക്ക് ഉല്‍പ്പാദനം നിര്‍ത്തിവെക്കേണ്ടി വന്നു. ഈ ഏപ്രിലില്‍ ചൈനയിലെ സിന്തറ്റിക് ഫൈബര്‍ ഉല്‍പ്പാദനം മുന്‍ മാസത്തേക്കാള്‍ 11 ശതമാനം കുറഞ്ഞ് 2024-ലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ലാഭത്തിലാണെങ്കിലും തോങ്കുന്‍ ഗ്രൂപ്പും വലിയ പ്രതിസന്ധിയുടെ വക്കിലാണ്. ഇറാനിലെ സംഘര്‍ഷങ്ങള്‍ കമ്പനിയുടെ സുഗമമായ വിതരണ ശൃംഖലയെ താറുമാറാക്കാന്‍ സാധ്യതയുണ്ട്.

റീസൈക്കിള്‍ഡ് വസ്ത്രങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടും

പെട്രോളിനെയും ഡീസലിനെയും അപേക്ഷിച്ച് പ്ലാസ്റ്റിക്ക് ഗോഡൗണുകളില്‍ സൂക്ഷിക്കാന്‍ എളുപ്പമാണ്. അതുകൊണ്ട് തന്നെ പെട്ടെന്നൊരു പ്രതിസന്ധി ഉണ്ടായാലും കുറച്ചുകാലം പിടിച്ചുനില്‍ക്കാന്‍ വിപണിക്ക് സാധിക്കും. ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വിതരണത്തില്‍ 20 ശതമാനത്തോളം കുറവുണ്ടായപ്പോഴും പിടിച്ചുനില്‍ക്കാന്‍ ലോകത്തെ സഹായിച്ചത് ചൈനീസ് പോളിമര്‍ ഉല്‍പ്പാദനത്തിലെ നിയന്ത്രണങ്ങളാണ്. എന്നാല്‍ കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം കുറയുകയും ശേഖരം തീരുകയും ചെയ്യുന്നതിനാല്‍ ഈ ആശ്വാസം അധികകാലം നീണ്ടുനില്‍ക്കില്ല.

ഇവിടെയാണ് റീസൈക്കിള്‍ ചെയ്ത നാരുകള്‍ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം. സാറ, എച്ച്&എം തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് ഇത് ഒരു പരിധി വരെ ആശ്വാസമാണ്. കാരണം അവരുടെ മിക്ക പോളിസ്റ്റര്‍ വസ്ത്രങ്ങളും നിര്‍മ്മിക്കുന്നത് റീസൈക്കിള്‍ ചെയ്ത വസ്തുക്കളില്‍ നിന്നാണ്.

പരുത്തി വസ്ത്രങ്ങളും സുരക്ഷിതമല്ല

ഇനി പരുത്തി പോലെയുള്ള പ്രകൃതിദത്ത നാരുകള്‍ ഉപയോഗിക്കാമെന്ന് വെച്ചാലും രക്ഷയില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ പരുത്തി ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമായ ഇന്ത്യ, വളം നിര്‍മ്മിക്കാനാവശ്യമായ പ്രകൃതിവാതകത്തിനും യൂറിയയ്ക്കും ഗള്‍ഫ് രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ഉല്‍പ്പാദനത്തെ ഇത് ഇതുവരെ ബാധിച്ചിട്ടില്ലെങ്കിലും, മെയ് മാസത്തില്‍ പരുത്തിവില കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. അതുമാത്രമല്ല, ലോകത്തെ പരുത്തി ശേഖരം കഴിഞ്ഞ ഒരു ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന നിലയിലുമാണ്.

വിലക്കയറ്റം എപ്പോൾ ?

എന്നാലിതൊന്നും നാളെ തന്നെ വസ്ത്രങ്ങളുടെ വിലയില്‍ പ്രതിഫലിക്കില്ല. 2027 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 2028 മാര്‍ച്ചോടെയാകും ഈ സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും ശരിക്കും അറിയാന്‍ തുടങ്ങുക. അങ്ങനെയൊന്ന് സംഭവിച്ചാല്‍ അത് ദീര്‍ഘകാലത്തേക്ക് തുടരുകയും ചെയ്യും.