പത്തിലധികം അകമ്പടിക്കാരോടൊപ്പം നടത്തിയ ആഡംബര യാത്രയും യാത്രയ്ക്കിടെ മകള്‍ സിംഗപ്പൂരില്‍ നടത്തിയ ഷോപ്പിംഗുമാണ് മന്ത്രിക്ക് തിരിച്ചടിയായത്

പാപ്പുവ ന്യൂ ഗിനിയ: ചാൾസ് മൂന്നാമന്‍റെ കിരീട ധാരണ ചടങ്ങിന് അമിത ചെലവ് വരുത്തി രാജ്യത്തിന്‍റെ പങ്കാളിത്തമെന്ന് വന്‍ വിവാദത്തിന് പിന്നാലെ രാജി വച്ച് പാപ്പുവ ന്യൂ ഗിനിയയുടെ വിദേശകാര്യ മന്ത്രി. രാജ്യത്തിനുള്ള ഔദ്യോഗിക ക്ഷണം ദുരുപയോഗം ചെയ്തുവെന്നതടക്കമുള്ള ആരോപണങ്ങളാണ് പാപ്പുവ ന്യൂ ഗിനിയയുടെ വിദേശകാര്യ മന്ത്രി ജസ്റ്റിന്‍ ടകാക്ചെന്‍കോയ്ക്കെതിരെ ഉയര്‍ന്നത്. മകള്‍ക്കൊപ്പമാണ് പാപ്പുവ ന്യൂ ഗിനിയ വിദേശകാര്യമന്ത്രി ചാള്‍സ് മൂന്നാമന്‍റെ കിരീടധാരണത്തിനെത്തിയത്.

ആഡംബര വിമാനത്തിലായിരുന്നു യാത്ര. ഇതിനൊപ്പം മകള്‍ സിംഗപ്പൂരില്‍ വിശാലമായ ഷോപ്പിംഗ് നടത്തിയിരുന്നു. ഇതിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും മറ്റും വൈറലായത് രാജ്യത്ത് വലിയ കോലഹലമാണ് സൃഷ്ടിച്ചത്. രൂക്ഷ വിമര്‍ശനം നേരിട്ടതിന് പിന്നാലെ ബുധനാഴ്ച വിമര്‍ശകരെ പ്രാകൃത മനുഷ്യരെന്നാണ് ജസ്റ്റിന്‍ വിളിച്ചത്. ഇതോടെ വിമര്‍ശനം രൂക്ഷ പ്രതിഷേധത്തിലേക്ക് വഴിമാറുകയായിരുന്നു. തലസ്ഥാനമായ പോര്‍ട്ട് മോര്‍സ്ബെയിലെ പാര്‍ലമെന്‍റ് സമുച്ചയത്തിന് പുറത്ത് വെള്ളിയാഴ്ച വന്‍ പ്രതിഷേധമാണ് നടന്നത്. പസഫികിലെ കോമണ്‍വെല്‍ത്ത് രാജ്യമാണ് പാപ്പുവ ന്യൂ ഗിനിയ. പാപ്പുവ ന്യൂഗിനിയയുടെ നേതൃനിരയിലാണ് ചാള്‍സ് മൂന്നാമനുള്ളത്. വെള്ളിയാഴ്ച ജസ്റ്റിന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രധാനമന്ത്രിയുടെ അറിവോടെയായിരുന്നു തന്‍റെ യാത്രയെന്നാണ് മന്ത്രി വിശദമാക്കുന്നത്.

നിലവിലെ സംഭവങ്ങള്‍ ഉടനെ നടക്കാനുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെയും ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും സന്ദര്‍ശനങ്ങളെ ബാധിക്കരുതെന്ന ആഗ്രഹമുണ്ടെന്നും ജസ്റ്റിന്‍ വെള്ളിയാഴ്ച വിശദമാക്കി. വ്യാജ വിവരങ്ങളാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ജസ്റ്റിന്‍ പറഞ്ഞു. ചാള്‍സ് മൂന്നാമന്‍റെ കിരീട ധാരണ ചടങ്ങില്‍ പങ്കെടുക്കാനായി മകള്‍ക്കും പത്തോളം അധികാരികള്‍ക്കൊപ്പമായിരുന്നു വിദേശകാര്യമന്ത്രി പോയത്. ഇതിനായി 7 കോടി 40 ദശലക്ഷം രൂപയോളമാണ് പാപ്പുവ ന്യൂഗിനിയ സര്‍ക്കാര്‍ ചെലവിട്ടത്. ജസ്റ്റിന്‍റെ മകള്‍ സാവന്ന സിംഗപ്പൂരിലെ ആഡംബര മാളുകളില്‍ ഷോപ്പിംഗ് നടത്തുന്നതിന്‍റേയും മറ്റും വീഡിയോകളും പുറത്ത് വന്നിരുന്നു.

വീഡിയോ പിന്നീട് നീക്കം ചെയ്തുവെങ്കിലും വിവരം രാജ്യശ്രദ്ധ നേടുകയായിരുന്നു. ജനങ്ങളുടെ പണം ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി ചെലവിടുന്നതില്‍ വന്‍ പ്രതിഷേധമുയര്‍ന്ന് വിവാദത്തിലായതിന് പിന്നാലെയാണ് ജസ്റ്റിന്‍ രാജി വയ്ക്കുന്നത്. വിമര്‍ശകരെ രൂക്ഷമായ ഭാഷയില്‍ മന്ത്രി നേരിട്ടത് വിവാദത്തെ വലുതാക്കിയതാണ് ജസ്റ്റിന്‍റെ രാജി വേഗത്തിലാക്കിയതെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

കിരീടധാരണം പൂർത്തിയായി; ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ ഭരണാധികാരി, 7 പതിറ്റാണ്ടിനിപ്പുറം ചരിത്രമുഹൂര്‍ത്തം

YouTube video player