'നൂറു കണക്കിന് കുടുംബങ്ങൾ പട്ടിണിയിലാണ്. ചെറുകിട വ്യവസായങ്ങളും വർക്ഷോപ്പുകളുമെല്ലാം അടച്ചുപൂട്ടിയതോടെ ആയിരക്കണക്കിനാളുകളാണ് തൊഴിൽരഹിതരായിരിക്കുന്നത്. സാമ്പത്തിക ഞെരുക്കത്തെത്തുടർന്നുള്ള ദൈനംദിന പ്രതിഷേധങ്ങൾ ഒരു വർഷത്തോളമായി ഇവിടെ സ്ഥിരം കാഴ്ചയാണ്.' അംജദ് അയൂബ് മിശ്രയുടെ റിപ്പോര്‍ട്ട്
പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായിക്കൊണ്ടിരിക്കെ പാക് അധീന ജമ്മു കശ്മീരിലും ജിൽജിത് ബലിസ്ഥാനിലും സ്ഥിതി കൂടുതൽ വഷളാവുകയാണ്. ഗോതമ്പ് പോലും ലഭിക്കാനില്ല. വൈദ്യുതിയുമടക്കമുള്ള അവശ്യസേവനങ്ങളും ലഭിക്കാത്ത അവസ്ഥയാണുള്ളത്. നൂറു കണക്കിന് കുടുംബങ്ങൾ പട്ടിണിയിലാണ്. ചെറുകിട വ്യവസായങ്ങളും വർക്ഷോപ്പുകളുമെല്ലാം അടച്ചുപൂട്ടിയതോടെ ആയിരക്കണക്കിനാളുകളാണ് തൊഴിൽരഹിതരായിരിക്കുന്നത്. സാമ്പത്തിക ഞെരുക്കത്തെത്തുടർന്നുള്ള ദൈനംദിന പ്രതിഷേധങ്ങൾ ഒരു വർഷത്തോളമായി ഇവിടെ സ്ഥിരം കാഴ്ചയാണ്. മൈനസ് 20 ഡിഗ്രി സൈൽഷ്യസാണ് ഇവിടുത്തെ താപനില്. അത് പോലും വകവെക്കാതെയാണ് ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നത്. ട്രഷറികൾ കാലിയായതോടെ പെൻഷൻ വിതരണം മുടങ്ങിയിട്ട് മാസങ്ങളായി. മൂന്നു മാസമായി സർക്കാർ ജീവനക്കാർക്കും ശമ്പളം ലഭിക്കുന്നില്ല.
ഫെബ്രുവരി 5ന് ഇവിടങ്ങളിൽ കാശ്മീർ ഐക്യദാർഢ്യ ദിനമായി ആചരിച്ച് പാകിസ്ഥാന് പിന്തുണ നേടാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. കേന്ദ്രഭരണപ്രദേശത്ത് ഇന്ത്യ കശ്മീരികളോട് മോശമായി പെരുമാറുന്നുവെന്ന പാകിസ്ഥാന്റെ അവകാശവാദം പൊളിച്ചടുക്കിക്കൊണ്ടാണ് അന്നേ ദിവസം ഒന്നിന് പുറകെ ഒന്നായി നിരവധി നഗരങ്ങളിൽ പ്രതിഷേധം നടന്നത്. ധാന്യങ്ങൾ, ഉള്ളി, തക്കാളി, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയ്ക്ക് കശ്മീർ താഴ്വരയിലും പാക് അധീന കശ്മീരിലും ഉള്ള വിലവ്യത്യാസമാണ് നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും നിലവിലെ പ്രധാന ചർച്ചാവിഷയം.
പാകിസ്ഥാനിൽ സൈന്യത്തിന്റെയും ബ്യൂറോക്രസിയുടെയും പ്രത്യേകാവകാശങ്ങളും ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കാൻ ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) ഇസ്ലാമാബാദിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം ജൂണിൽ അടുത്ത സാമ്പത്തിക ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് ഇന്ധനത്തിന്റെയും വൈദ്യുതിയുടെയും വില വർധിപ്പിക്കാനും അടുത്ത അഞ്ച് മാസത്തിനുള്ളിൽ 6 ബില്യൺ ഡോളർ സമാഹരിക്കാനും മൊത്തം 16 ബില്യൺ ഡോളർ വിദേശനാണ്യ സമാഹരിക്കാനും ഐഎംഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബർ മുതൽ ഐഎംഎഫ് തടഞ്ഞുവച്ച 1.3 ബില്യൺ ഡോളർ വായ്പ അനുവദിക്കണമെങ്കിൽ ഈ പരിഷ്‌കാരങ്ങൾ നടപ്പിൽവരുത്തണമെന്നാണ് നിർദ്ദേശം. പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ തകർച്ചയിലായതിനാൽ, സൈനിക ബിസിനസ്സ് സംരംഭമായ ഫൗജി ഫെർട്ടിലൈസർ കമ്പനി ലിമിറ്റഡിന്റെ രാസവള വിൽപ്പനയിൽ നിന്ന് സൈന്യം 40 ബില്യൺ രൂപ ലാഭം നേടിയിരുന്നു. മുൻ കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ കഴിഞ്ഞ വർഷം നവംബറിൽ വിരമിക്കുന്നതിന് മുമ്പ് 12 ബില്യൺ രൂപ സ്വന്തമായി സമ്പാദിച്ച കാര്യം എടുത്തുപറയേണ്ടതില്ലല്ലോ!
പാക് അധീന കശ്മീരിൽ നിന്നും ബലിസ്ഥാനിൽ നിന്നും ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന ലിഥിയവും മറ്റ് വിലയേറിയ ധാതുക്കളുമാണ് കൊള്ളയടിച്ച് പാകിസ്ഥാനിലേക്ക് ദിവസവും കടത്തുന്നത്. ഇവയ്ക്കൊന്നിനും മതിയായ രേഖകളോ കണക്കോ ഇല്ല. ഇതിന്റെ വ്യാപ്തി മനസിലാക്കാൻ ഒരു കാര്യം ഞാൻ നിങ്ങളോട് പറയാം, 25 ടൺ ലിഥിയം അടങ്ങിയ ഒരു ട്രക്ക് ലോഡിന് 53 കോടി രൂപ വിലയുണ്ട്. കൊള്ളയുടെ മൂല്യം അറിയാൻ ഇതുതന്നെ ധാരാളമല്ലേ. പാകിസ്ഥാൻ ദരിദ്രമല്ല, പാക് അധീന കശ്മീരും അങ്ങനെ തന്നെ. എന്നിട്ടും, മിലിട്ടറി-മുല്ല-ഫ്യൂഡൽ കൂട്ടായ്മ ഭൂമിയും ജനങ്ങളുടെ മനസ്സും അട്ടിമറിക്കുകയാണ്.
ബലൂച്, സിന്ധി, പഷ്തൂൺ, പാക് അധീന കശ്മീർ, ബലിസ്ഥാൻ എന്നിവിടങ്ങളിലെ ജനങ്ങൾ സൈനികരുടെ തോക്കിന്റെ കുഴലിന്റെ മുനമ്പിലാണ് ജീവിതം തള്ളിനീക്കുന്നത്. ശരിയായ രാഷ്ട്രീയ, സാമ്പത്തിക അവകാശങ്ങളൊന്നും അവർക്ക് സ്വതന്ത്രമായി ഉപയോഗിക്കാൻ അനുവാദമില്ല. പാകിസ്ഥാൻ അള്ളാഹുവിന്റെ സൃഷ്ടിയാണെന്നും ആദ്യം കിട്ടുന്ന അവസരത്തിൽ പാകിസ്ഥാനെ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന 'ഹിന്ദു' ഇന്ത്യ അവരുടെ ശത്രുവാണെന്നും 75 വർഷമായി അവരെ പഠിപ്പിക്കുകയാണ്. മുഹമ്മദാലി ജിന്നയുടെ സാമുദായിക ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ മറവിൽ, പാകിസ്ഥാൻ അധിനിവേശമുള്ള എല്ലാ രാജ്യങ്ങളെയും ഒന്നിപ്പിക്കുന്നത് 'കൽമ' അല്ലെങ്കിൽ ഇസ്‌ലാമിലുള്ള വിശ്വാസമാണെന്ന പ്രചാരണമാണ് നടക്കുന്നത്. ഇതിന്റെ പേരിൽ പാകിസ്ഥാനിലെ മിലിട്ടറി-മുല്ല-ഫ്യൂഡൽ കൂട്ടായ്മ അതിന് മേൽക്കോയ്മയുള്ള സ്ഥലങ്ങളിലെ ജനങ്ങളെ അടിച്ചമർത്തുകയും അവരുടെ ഭൂമി ചൂഷണത്തിലൂടെ സ്വന്തമാക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ, ഇപ്പോൾ കാറ്റ് ഗതിമാറി വീശിത്തുടങ്ങിയിട്ടുണ്ട്. ബലൂചും പഷ്തൂണും പ്രതിരോധം കൈവരിക്കുകയും പാക് അധീന കശ്മീരിലെയും ബലിസ്ഥാനിലെയും ജനങ്ങൾ തെരുവിലിറങ്ങുകയും ചെയ്തതോടെ, ഇവിടങ്ങളിലുള്ള പാക് ത്രയത്തിന്റെ നിയന്ത്രണം കൈകളിൽ നിന്ന് വഴുതിപ്പോവുകയാണ്.
നിലവിലെ സാമ്പത്തിക പ്രതിസന്ധി തകർച്ച എന്ന ഒരു ദിശയിലേക്ക് മാത്രമാണ് നീങ്ങുന്നത്. ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യകളിൽ പാക് സൈന്യം സ്ഥാപിച്ച ചെക്ക് പോസ്റ്റുകളിൽ ഭൂരിഭാഗവും സൈനികർ ഉപേക്ഷിച്ചതായിാണ് പറയപ്പെടുന്നത്. പാകിസ്ഥാനും അയൽരാജ്യമായ അഫ്ഗാനിസ്ഥാനും തമ്മിൽ സംഘർഷം രൂക്ഷമാണ്. നൽകുന്ന സേവനങ്ങൾക്കും നിർമ്മാണ വസ്തുക്കൾക്കും ചൈനീസ് കമ്പനികൾക്ക് പണം ലഭിക്കാത്തതിനാൽ ചൈന പാക് അധീന കശ്മീരിലെയും ബലിസ്ഥാനിലെയും പദ്ധതികൾ ഒന്നിനു പിറകേ ഒന്നായി ഉപേക്ഷിക്കുകയാണ്.
ഒരു വർഷം മുമ്പാണ് പാകിസ്ഥാൻ ദേശീയ അസംബ്ലിയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടി അവാമി ലീഗ് അധികാരത്തിലെത്തിയത്. ഈ ജനവിധിയെ തകർക്കാൻ പാകിസ്ഥാൻ സൈന്യം കിഴക്കൻ പ്രവിശ്യയിൽ ബ്ലൂ സ്റ്റാർ ഓപ്പറേഷൻ ആരംഭിച്ചതോടെ രാഷ്ട്രീയ പ്രതിസന്ധി 1971-ന് മുമ്പുള്ളതിനേക്കാൾ രൂക്,മാവുകയായിരുന്നു. 13 പാർട്ടികളുടെ പ്രവർത്തനരഹിതമായ ഒരു സഖ്യമാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്. നിലവിലെ അവസ്ഥയിൽ പാകിസ്ഥാന്റെ വിഘടനം നടക്കാനും അടിച്ചമർത്തപ്പെട്ട പ്രദേശങ്ങൾ സ്വതന്ത്രമാക്കപ്പെടാനും ഉള്ള സാധ്യതയും തള്ളിക്കളഞ്ഞുകൂടാ. എന്തായാലും, പാകിസ്ഥാനിൽ നിന്ന് മോചിപ്പിക്കപ്പെടണമെങ്കിൽ, പാക് അധീന ജമ്മു കശ്മീരിലും ജിൽജിത് ബലിസ്ഥാനിലും, ബലൂചിസ്ഥാൻ, സിന്ധ്, ഖൈബർ പഖ്തൂൺഖ്വ എന്നിവിടങ്ങളിലുമുള്ള അടിച്ചമർത്തപ്പെട്ട ജനങ്ങൾ ഒരു കൂട്ടായ യുദ്ധസഖ്യം രൂപീകരിക്കേണ്ടതുണ്ട്.
*പാക് അധീന ജമ്മുകശ്മീരിലെ സാമൂഹ്യപ്രവർത്തകനാണ് ലേഖകൻ. നാടുകടത്തപ്പെട്ട അദ്ദേഹം ഇപ്പോൾ യുകെയിലാണ് താമസം. 'ആവാസ് ദി വോയിസി'ലാണ് ഈ ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത്.
Read Also: ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹം; വസതിക്കു മുന്നിൽ പാർട്ടി പ്രവർത്തകരുടെ നീണ്ട നിര, നാടകീയ രംഗങ്ങൾ

