നെറ്റ്ഫ്ലിക്സിന്റെ അൺസോൾവ്ഡ് മിസ്റ്ററീസിൽ ഈ കേസ് അടുത്തിടെ പ്രതിപാദിക്കപ്പെട്ടതിന് പിന്നാലെയാണ് ഏഴ് വര്‍ഷത്തെ ദുരൂഹത നീങ്ങി അബ്ദുൾ അസീസ് ഖാനെന്ന കുട്ടിയെ കണ്ടെത്തിയത്

ഏഴ് വര്‍ഷത്തെ ദുരൂഹതകൾ അങ്ങനെ അവസാനിച്ചു, കാണാതായ ജോർജിയയിലെ കൗമാരക്കാരനെ കൊളറാഡോയിൽ സുരക്ഷിതമായി കണ്ടെത്തി. നെറ്റ്ഫ്ലിക്സിന്റെ അൺസോൾവ്ഡ് മിസ്റ്ററീസിൽ ഈ കേസ് അടുത്തിടെ പ്രതിപാദിക്കപ്പെട്ടതിന് പിന്നാലെയാണ് ഏഴ് വര്‍ഷത്തെ ദുരൂഹത നീങ്ങി അബ്ദുൾ അസീസ് ഖാനെന്ന കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ തട്ടിക്കൊണ്ടുപോകൽ കുറ്റത്തിന് അമ്മയെയും രണ്ടാനച്ഛനെയും അറസ്റ്റ് ചെയ്തിരിക്കുകയാണ് പൊലീസ്. 

കുട്ടിയുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് 2017-ൽ അമ്മ റാബിയ ഖാലിദ ഹിയറിങ്ങിന് ഹാജരാകാൻ നിര്‍ദേശമുണ്ടായിരുന്നു. തുടർന്ന് 2017 നവംബര്‍ മുതൽ ഇവരെ കാണാതാവുകായും ചെയ്തു. വര്‍ഷങ്ങൾ കഴിഞ്ഞിട്ടും കുട്ടിയെ കുറിച്ച് വിവരം ലഭിച്ചില്ല. അടുത്തിടെ ഈ കേസുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു മോഷണ കേസ് അന്വേഷിക്കുന്നതിനിടെയാണ് ട്വിസ്റ്റുണ്ടായത്. 

ഫെബ്രുവരി 23-ന് കൊളറാഡോയിലെ ഹൈലാൻഡ്സ് റാഞ്ചിലുള്ള ഒരു വീട്ടിലേക്ക് മോഷണം നടന്നതായി സംശയിക്കുന്നുവെന്ന് വീട്ടുടമസ്ഥൻ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് പൊലീസ് എത്തിയത്. സുരക്ഷാ ക്യാമറകൾ നിരീക്ഷിച്ച ശേഷമാണ് വീട്ടുടമസ്ഥൻ മോഷണം സംശയിച്ച് പൊലീസിനെ വിവരം അറിയിച്ചത്. ഉദ്യോഗസ്ഥർ എത്തി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വീടിനുള്ളിൽ രണ്ട് മുതിർന്നവരും പുറത്ത് ഒരു വാഹനത്തിൽ കാത്തിരിക്കുന്ന രണ്ട് കുട്ടികളെയും കണ്ടു. 40 വയസ്സുള്ള ഖാലിദയും 42 വയസുള്ള ഭർത്താവ് എലിയറ്റ് ബ്ലേക്ക് ബൂർഷ്വായും ആയിരുന്നു അത് എന്ന് പൊലീസ് തിരിച്ചറിഞ്ഞു. 

കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ, റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുകയാണെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാൽ മൊഴികളിൽ പൊരുത്തക്കേടുള്ളതിനാൽ സംശയം ഉയര്‍ന്നു. വിശദമായ അന്വേഷണം നടത്തുകയും ചോദ്യം ചെയ്യലും നടന്നതോടെ ഇരുവര്‍ക്കും പിടിച്ചുനിൽക്കാനായില്ല. ഒപ്പം കുട്ടിയെ തിരിച്ചറിയാൻ അൺസോൾവ്ഡ് മിസ്ട്രിയിൽ വരെ കണ്ടതിന്റെ ഓര്‍മ സഹായിച്ചെന്നും പൊലീസുകാര്‍ പറയുന്നു.

'ബാക്കി ബന്ദികളെ കൂടി ഉടൻ വിട്ടയക്കൂ, അല്ലെങ്കിൽ നിങ്ങളുടെ അവസാനമാണ്'; ഭീഷണിയുടെ ഭാഷയുമായി ഹമാസിനെതിരെ ട്രംപ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം