ജനക്കൂട്ടം ബാറ്റ ഷോറൂമിന്‍റെ ഗ്ലാസ് വാതിലുകൾ ഇഷ്ടികകൾ ഉപയോഗിച്ച് തകർക്കുകയും ഷൂസുകൾ പുറത്തേക്ക് എറിയുകയും ചെയ്യുന്ന ദൃശ്യം പുറത്തുവന്നു. കെഎഫ്‌സി ഔട്ട്‌ലെറ്റ് വടികൊണ്ട് തല്ലിതകർക്കുന്ന ദൃശ്യവും പുറത്തുവന്നു.

ധാക്ക: ബംഗ്ലാദേശിൽ ബാറ്റ, കെഎഫ്‌സി, പിസ്സ ഹട്ട്, പ്യൂമ തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളുടെ കടകൾ കൊള്ളയടിച്ച് ജനക്കൂട്ടം. ഗാസയിൽ ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചതിൽ പ്രതിഷേധിച്ച് ഇസ്രയേലുമായി ബന്ധമുള്ള ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനവും പ്രതിഷേധ റാലികളും ബംഗ്ലാദേശിൽ നടന്നു. അതിനിടെയാണ് ആൾക്കൂട്ടം കടകൾ കൊള്ളയടിക്കുകയും തകർക്കുകയും ചെയ്തത്. 

ആദ്യ വെടിനിർത്തൽ കരാർ കാലാവധി അവസാനിച്ചതിന് പിന്നാലെ ഗാസയിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചിരുന്നു. ഇതോടെ പലസ്തീന് ഐക്യദാർഢ്യവുമായി ബംഗ്ലാദേശിൽ ജനങ്ങൾ തെരുവിലിറങ്ങി. സിൽഹെറ്റ്, ചാറ്റോഗ്രാം, ഖുൽന, ബാരിഷാൽ, കുമില്ല, ധാക്ക എന്നിവിടങ്ങളിൽ പ്രതിഷേധ റാലികൾ നടന്നു. ഇസ്രായേലിന് പിന്തുണ നൽകുന്ന യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപിനെതിരെയും മുദ്രാവാക്യങ്ങൾ ഉയർന്നു. പൊലീസ് എഴുപതോളം പേരെ അറസ്റ്റ് ചെയ്തു. സാമ്പത്തിക മാന്ദ്യത്തിനിടയിൽ നിക്ഷേപകരെ ആകർഷിക്കുന്നതിനായി ആഗോള നിക്ഷേപ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ബംഗ്ലാദേശിൽ പ്രതിഷേധങ്ങൾ നടന്നത്. 

ഇസ്രയേൽ, യുഎസ് ബന്ധമുള്ള അന്താരാഷ്ട്ര ബ്രാൻഡുകളെയാണ് പ്രതിഷേധക്കാർ ലക്ഷ്യമിട്ടത്. അതേസമയം ചെക്ക് റിപ്പബ്ലിക് കമ്പനിയായ ബാറ്റയും ആക്രമിക്കപ്പെട്ടു. 1962 ൽ ബംഗ്ലാദേശിൽ ആദ്യത്തെ ഔട്ട്‌ലെറ്റ് തുറന്ന ബാറ്റ, തങ്ങൾക്ക് രാഷ്ട്രീയ ബന്ധങ്ങളില്ലെന്ന് വ്യക്തമാക്കി. ഇസ്രായേലി ഉടമസ്ഥതയിലുള്ള കമ്പനിയോ ഇസ്രയേൽ - പലസ്തീൻ സംഘർഷത്തിൽ രാഷ്ട്രീയ ബന്ധമുള്ള കമ്പനിയോ അല്ല എന്നാണ് ബാറ്റ വ്യക്തമാക്കിയത്. ജനക്കൂട്ടം ബാറ്റ ഷോറൂമിന്‍റെ ഗ്ലാസ് വാതിലുകൾ ഇഷ്ടികകൾ ഉപയോഗിച്ച് തകർക്കുകയും ഷൂസുകൾ പുറത്തേക്ക് എറിയുകയും ചെയ്യുന്ന ദൃശ്യം പുറത്തുവന്നു. കെഎഫ്‌സി ഔട്ട്‌ലെറ്റ് വടികൊണ്ട് തല്ലിതകർക്കുന്ന ദൃശ്യവും പുറത്തുവന്നു. പ്യൂമയുടെയും ഡൊമിനോസിന്‍റെയും നിരവധി ഔട്ട്‍ലെറ്റുകളും നശിപ്പിക്കപ്പെട്ടു.

ഡൊമിനോസും കെഎഫ്സിയും അമേരിക്കൻ കമ്പനികളാണ്. ഡൊമിനോസിന്‍റെ ബംഗ്ലാദേശിലെ ഫ്രാഞ്ചൈസികൾ ഇന്ത്യൻ കമ്പനിയായ ജൂബിലന്‍റ് ഫുഡ്‌വർക്ക്സ് ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലാണ്. എന്നാൽ ഡൊമിനോസിന്‍റെ ഇസ്രയേലിലെ ഫ്രാഞ്ചൈസി ഇസ്രയേൽ സേനയ്ക്ക് പിന്തുണ പ്രകടിപ്പിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്യൂമ ഒരു ജർമ്മൻ ബഹുരാഷ്ട്ര കമ്പനിയാണ്. നേരത്തെ ഇസ്രയേൽ ഫുട്ബോൾ അസോസിയേഷന്‍റെ (ഐഎഫ്എ) സ്പോൺസർഷിപ്പ് ഏറ്റെടുത്തതോടെ പ്യൂമയ്ക്കെതിരെ വിമർശനം ഉയർന്നിരുന്നു. ആ കരാർ 2024 ൽ അവസാനിച്ചു.

'ആൾത്താമസമില്ല, എന്നിട്ടും എന്‍റെ മണാലിയിലെ വീടിന് ഈ മാസം ഒരു ലക്ഷം കറന്‍റ് ബില്ല്'; ദയനീയ സാഹചര്യമെന്ന് കങ്കണ

Scroll to load tweet…
Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം