ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്‌തബ ഖമനെയി, ഇസ്രായേൽ വധശ്രമം ഭയന്ന് അതീവ സുരക്ഷിതമായ ഒരു ഭൂഗർഭ ബങ്കറിലാണെന്ന് റഷ്യ വെളിപ്പെടുത്തി. അദ്ദേഹം പൂർണ്ണ ആരോഗ്യവാനാണെന്നും രാജ്യത്തെ സൈനിക നീക്കങ്ങൾ നേരിട്ട് നിയന്ത്രിക്കുകയാണെന്നും റഷ്യൻ അംബാസഡർ അറിയിച്ചു. ഖമനെയിയുടെ സുരക്ഷയ്ക്കായി റഷ്യയുടെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

ടെഹ്‌റാൻ/മോസ്കോ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്‌തബ ഖമനെയി എവിടെയാണെന്നതിൽ നിർണ്ണായക വെളിപ്പെടുത്തലുമായി റഷ്യ. ആയത്തുള്ള അലി ഖമനെയിയുടെ മരണത്തിന് പിന്നാലെ ഇറാന്റെ ചുമതലയേറ്റ മൊജ്‌തബ ഖമനെയി ഇറാനിലെ അതീവ സുരക്ഷിതമായ ഒരു ഭൂഗർഭ ബങ്കറിലുണ്ടെന്നാണ് വെളിപ്പെടുത്തൽ. ഇറാനിലെ റഷ്യൻ അംബാസഡർ അലക്‌സി ദെദോവിൻ്റേതാണ് പ്രസ്‌താവന. ഇസ്രായേലിന്റെ ഭാഗത്തുനിന്ന് വധശ്രമമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ മുൻകരുതലെന്നാണ് വെളിപ്പെടുത്തൽ. ഖമനെയിയുമായി റഷ്യൻ ഉദ്യോഗസ്ഥർ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred

മൊജ്‌തബ ഖമനെയിക്ക് പരിക്കേറ്റെന്നോ അദ്ദേഹം രാജ്യം വിട്ടെന്നോ ഉള്ള പ്രചാരണങ്ങൾ റഷ്യൻ പ്രതിനിധി തള്ളി. അദ്ദേഹം പൂർണ്ണ ആരോഗ്യവാനാണെന്നും രാജ്യത്തെ സൈനിക നീക്കങ്ങൾ നേരിട്ട് നിയന്ത്രിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഇറാൻ്റെ നേതാക്കളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ ഇസ്രായേൽ ശക്തമാക്കിയ സാഹചര്യത്തിലാണ് റഷ്യയുടെ ഈ വെളിപ്പെടുത്തൽ പുറത്തുവരുന്നത്. ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ട ശേഷം ഇറാന്റെ പരമോന്നത അധികാര കേന്ദ്രമായി മാറിയ മൊജ്‌തബ ഖമനെയി, പാശ്ചാത്യ രാജ്യങ്ങളോട് കൂടുതൽ കടുത്ത നിലപാട് സ്വീകരിക്കുന്ന വ്യക്തിയായാണ് അറിയപ്പെടുന്നത്. യുദ്ധം രൂക്ഷമായതോടെ അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി റഷ്യയുടെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ ഇറാൻ ഉപയോഗിക്കുന്നതായും വിവരങ്ങളുണ്ട്. ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ അടക്കം റഷ്യ സജീവമായി ഇടപെടുന്നത് അമേരിക്കയെയും ഇസ്രായേലിനെയും സമ്മർദ്ദത്തിലാക്കി.