കുട്ടിയുടെ ശരീരത്തിൽ മുറിവുകളോ പോറലുകളോ ഇല്ലാതിരുന്നതിനാലും വവ്വാലിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത ഒന്നും തോന്നാത്തതിനാലും കുടുംബം മെഡിക്കൽ സഹായം തേടുകയോ പേവിഷബാധയ്‌ക്കെതിരെയുള്ള മുൻകരുതൽ കുത്തിവെയ്പ്പുകൾ എടുക്കുകയോ ചെയ്തില്ല.

ഒന്റാറിയോ: ഉറങ്ങുന്നതിനിടെ മുഖത്ത് വവ്വാൽ വന്നിരുന്നു. 11കാരൻ പേവിഷ ബാധയേറ്റ് മരിച്ചു. കാനഡയിലെ ഒന്റാറിയോയിലാണ് സംഭവം. കുട്ടിയുടെ മുഖത്ത് വവ്വാൽ വന്നിരുന്നതിന് പിന്നാലെ കടിയേറ്റതിന്റേയോ പോറൽ ഏറ്റതായോ ബാഹ്യമായ അടയാളങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്നതാണ് തുടക്കത്തിൽ ചികിത്സ ലഭ്യമാക്കാതിരുന്നതിന് കാരണമായതെന്നാണ് കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വിശദമാക്കുന്നത്. കോട്ടേജിൽ കുടുംബത്തോടൊപ്പം കഴിയുന്നതിനിടയിലാണ് കുട്ടിക്ക് വവ്വാലുമായി സമ്പർക്കമുണ്ടാകുന്നത്. ഉറങ്ങിക്കിടന്ന കുട്ടി തന്റെ മൂക്കിലും വായയിലുമായി ഒരു വവ്വാൽ ഇരിക്കുന്നത് കണ്ട് പെട്ടെന്ന് ഞെട്ടിയുണരുകയും അതിനെ തട്ടിമാറ്റുകയും ചെയ്തു. തുടർന്ന് കുട്ടിയുടെ പിതാവ് വവ്വാലിനെ ഒരു പാത്രത്തിലാക്കി വീടിന് പുറത്തേക്ക് എത്തി അതിനെ പറത്തി വിടുകയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ മുറിവുകളോ പോറലുകളോ ഇല്ലാതിരുന്നതിനാലും വവ്വാലിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത ഒന്നും തോന്നാത്തതിനാലും കുടുംബം മെഡിക്കൽ സഹായം തേടുകയോ പേവിഷബാധയ്‌ക്കെതിരെയുള്ള മുൻകരുതൽ കുത്തിവെയ്പ്പുകൾ എടുക്കുകയോ ചെയ്തില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാൽ സംഭവം നടന്ന് പത്തൊൻപത് ദിവസങ്ങൾക്ക് ശേഷം കുട്ടിയുടെ മുഖത്തിന്റെ വലതുഭാഗത്ത് തരിപ്പും മരവിപ്പും അനുഭവപ്പെടാൻ തുടങ്ങി. തുടർന്ന് മുഖത്ത് വീക്കവും ഛർദ്ദിയും വിശപ്പില്ലായ്മയും ഉണ്ടായതിനെത്തുടർന്ന് കുട്ടിയെ ക്ലിനിക്കിൽ കാണിച്ചെങ്കിലും അത് ഹെർപ്പസ് വൈറസ് ബാധ മൂലമുണ്ടാകുന്ന താൽക്കാലിക മുഖപക്ഷാഘാതം ആണെന്ന് കരുതി ഡോക്ടർമാർ ആന്റിവൈറൽ മരുന്നുകൾ നൽകി മടക്കി അയക്കുകയാണുണ്ടായത്. പിന്നീടുള്ള ദിവസങ്ങളിൽ കുട്ടിയുടെ അവസ്ഥ വീണ്ടും വഷളാവുകയായിരുന്നു. പിന്നീട് കുട്ടിയുടെ മുഖത്തിന്റെ ഒരു വശത്തെ പേശികൾ തീർത്തും ബലഹീനമാവുകയും, ഉയർന്ന പനി, ഉമിനീരൊഴുക്ക്, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, ആശയക്കുഴപ്പം, കാഴ്ചഭ്രമം എന്നിവ ഉണ്ടാകുകയും ചെയ്തു. ഇതോടെയാണ് 11കാരനെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. 

വവ്വാലുമായുള്ള സമ്പർക്കത്തെക്കുറിച്ച് വീട്ടുകാർ പറഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡോക്ടർമാർ പേവിഷബാധയാണെന്ന് സംശയിക്കുകയും പിസിആർ പരിശോധനയിലൂടെ അത് സ്ഥിരീകരിക്കുകയും ചെയ്തു. രോഗലക്ഷണങ്ങൾ പ്രകടമായതിന് ശേഷം പേവിഷബാധയ്ക്ക് ഫലപ്രദമായ മറ്റ് ചികിത്സകൾ ഇല്ലാത്തതിനാൽ, ആശുപത്രിയിൽ പ്രവേശിപ്പിച്ച് പതിനേഴാം ദിവസം കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. വവ്വാലുകളുടെ കടിയോ പോറലോ വളരെ ചെറുതായതിനാൽ പലപ്പോഴും അവ പെട്ടെന്ന് കണ്ണിൽ പെടില്ല എന്ന് മെഡിക്കൽ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ തന്നെ ശരീരത്തിൽ മുറിവുകളോ ലക്ഷണങ്ങളോ ഇല്ലെങ്കിൽ പോലും, വവ്വാലുകളുമായി നേരിട്ട് സമ്പർക്കമുണ്ടാകുന്ന എല്ലാ സാഹചര്യങ്ങളിലും ഉടനടി പേവിഷബാധയ്‌ക്കെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണമെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം