വിക്ഷേപണത്തിന് തൊട്ടുപിന്നാലെ മിന്നലേറ്റെങ്കിലും ചൈനയുടെ ലോംഗ് മാർച്ച്-3ബി റോക്കറ്റ് ദൗത്യം പൂർത്തിയാക്കി. പ്രതികൂല സാഹചര്യത്തെ അതിജീവിച്ച് തിയാൻലിയാൻ-2-06 ഡാറ്റ റിലേ ഉപഗ്രഹത്തെ റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു.

ബെയ്‌ജിംഗ്: വിക്ഷേപണം നടന്ന് നിമിഷങ്ങൾക്കകം മിന്നലേറ്റെങ്കിലും കുതിപ്പ് തുടർന്ന് ചൈനീസ് റോക്കറ്റായ ലോംഗ് മാർച്ച്-3ബി. ചൈനയുടെ പ്രധാന വിക്ഷേപണ വാഹനങ്ങളിലൊന്നായ ഈ റോക്കറ്റ്, പ്രതികൂല സാഹചര്യത്തെ അതിജീവിച്ച് തിയാൻലിയാൻ-2-06 ഡാറ്റ റിലേ സാറ്റലൈറ്റിനെ ജിയോസ്റ്റേഷനറി ട്രാൻസ്ഫർ ഓർബിറ്റിൽ വിജയകരമായി എത്തിച്ചു. ചൈനയിൽ ഏറ്റവും കൂടുതൽ മിന്നൽ സാധ്യതയുള്ള പ്രദേശങ്ങളിലൊന്നായ ക്സിചാങ് സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം നടന്നത്. ലോഞ്ച് പാഡിൽ നിന്ന് റോക്കറ്റ് ഉയർന്നതിന് തൊട്ടുപിന്നാലെയാണ് ആകാശത്ത് വെച്ച് റോക്കറ്റിൽ മിന്നലടിച്ചത്. ശക്തമായ പ്രകാശവും മിന്നലും ദൃശ്യമായെങ്കിലും, പാതയിൽ യാതൊരു മാറ്റവുമില്ലാതെ റോക്കറ്റ് ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുകയും ദൗത്യം ആസൂത്രണം ചെയ്തതുപോലെ പൂർത്തിയാക്കുകയും ചെയ്തു.

Scroll to load tweet…

ചൈനയുടെ രണ്ടാം തലമുറ തിയാൻലിയാൻ ഡാറ്റാ റിലേ ശൃംഖലയിലെ ആറാമത്തെ ഉപഗ്രഹമാണ് തിയാൻലിയാൻ-2ാം06. ഗ്രൗണ്ട് സ്റ്റേഷനുകളുടെ പരിധിക്ക് പുറത്തുള്ള ബഹിരാകാശ പേടകങ്ങളുമായി തുടർച്ചയായ ആശയവിനിമയം സാധ്യമാക്കുന്നത് ഈ നെറ്റ്വർക്കാണ്. ഓർബിറ്റിലുള്ള ബഹിരാകാശ പേടകങ്ങളിൽ നിന്നുള്ള ടെലിമെട്രി, ട്രാക്കിംഗ്, കമാൻഡ് ഡാറ്റ എന്നിവ റിലേ ചെയ്യാനും, ബഹിരാകാശ ദൗത്യങ്ങൾക്ക് പിന്തുണ നൽകാനും, റോക്കറ്റ് വിക്ഷേപണ സമയത്ത് ആശയവിനിമയം നൽകാനും ഈ ഉപഗ്രഹം സഹായിക്കും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ വിക്ഷേപിക്കുന്ന നാലാമത്തെ തിയാൻലിയാൻ-2 ഉപഗ്രഹമാണിത്.