പെഷവാറിലേക്ക് ജാഫർ എക്സ്പ്രസ് പുറപ്പെടും മുൻപ് ബുക്കിംഗ് ഓഫീസിന് സമീപത്തായാണ് പാകിസ്ഥാനിലെ ക്വറ്റ റെയിൽവേ സ്റ്റേഷനിൻ വൻ പൊട്ടിത്തെറിയുണ്ടായത്

ബലൂചിസ്ഥാൻ: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ തിരക്കേറിയ ക്വറ്റ റെയിൽവേ സ്റ്റേഷനിലെ വൻ സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സ്ഫോടനത്തിൽ 26 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് പുറത്ത് വരുന്ന വിവരം. ചാവേറാക്രമണമാണ് ഉണ്ടായതെന്നാണ് പ്രാഥമിക സൂചനകൾ. 14 സൈനികർ അടക്കമാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത്. നൂറ് കണക്കിന് ആളുകൾ നിൽക്കുന്ന പ്ലാറ്റ്ഫോമിൽ വലിയ പൊട്ടിത്തെറിയുണ്ടാവുന്നതും നിരവധിപ്പേർ നിലത്ത് വീഴുകയും പലരും രക്ഷതേടി ട്രാക്കുകളിലേക്ക് വരെ ചാടിയിറങ്ങി ഓടുന്നതുമായ ദൃശ്യമാണ് പുറത്ത് വന്നിട്ടുള്ളത്. 

സ്ഫോടനത്തിന് പിന്നാലെ മൃതദേഹ ഭാഗങ്ങൾ പ്ലാറ്റ്ഫോമിൽ ചിതറിത്തെറിച്ച നിലയിലാണുള്ളത്. രക്ഷാപെടാനുള്ള ശ്രമത്തിൽ ആളുകൾ ഉപേക്ഷിച്ച് പോയ ബാഗുകളും പ്ലാറ്റ്ഫോമിൽ നിരന്ന് കിടക്കുന്നുണ്ട്. ജാഫർ എക്സ്പ്രസ് പെഷവാറിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ പ്ലാറ്റ്ഫോമിൽ തടിച്ചുകൂടിയിരിക്കെയാണ് അപ്രതീക്ഷിതമായി സ്ഫോടനം ഉണ്ടായത്. ബലോച് ലിബറേഷൻ ആർമി സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. റെയിൽവേ സ്റ്റേഷന്റെ ബുക്കിംഗ് ഓഫീസ് പരിസരത്താണ് സ്ഫോടനമുണ്ടായത്. 

Scroll to load tweet…

പ്രാഥമിക കണ്ടെത്തലുകൾ ചാവേർ ബോംബാക്രമണത്തിനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ക്വറ്റ സീനിയർ സൂപ്രണ്ട് പോലീസ് (എസ്എസ്‌പി) ഓപ്പറേഷൻസ് മുഹമ്മദ് ബലോച്ച് നേരത്തെ പ്രതികരിച്ചത്. റെസ്‌ക്യൂ, ലോ എൻഫോഴ്‌സ്‌മെന്റ് ടീമുകൾ പരിക്കേറ്റവരെയും മരിച്ചവരെയും ക്വറ്റയിലെ സിവിൽ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം