അമേരിക്കയുടെ പൗരന്മാരുടെ കാര്യത്തിലെ തീരുമാനം ഇപ്പോഴത്തെ യുക്രൈന്‍റെ അവസ്ഥയില്‍ തീര്‍ത്തും അമ്പരപ്പിക്കുന്നതാണ് എന്നാണ് വിദേശകാര്യ വിദഗ്ധര്‍ പറയുന്നത്. 

കീവ്: യുക്രൈന്‍ റഷ്യ യുദ്ധ മുഖത്ത് കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഓപ്പറേഷന്‍ ഗംഗ (Operation Ganga) പുരോഗമിക്കുകയാണ്. അതിനിടയില്‍ റഷ്യ (Russia) യുക്രൈന്‍ യുദ്ധത്തില്‍ ഒരു ഭാഗമായി നില്‍ക്കുന്ന അമേരിക്ക (USA) യുക്രൈനിലുള്ള (Ukrine) തങ്ങളുടെ പൗരന്മാരോട് നല്‍കുന്ന നിര്‍ദേശം ശരിക്കും അറിയേണ്ട കാര്യമാണ്. ഏറ്റവും പുതിയ യുഎസ് സര്‍ക്കാര്‍ നിര്‍‍ദേശ പ്രകാരം യുഎസ് സര്‍ക്കാര്‍ നേരിട്ട് തങ്ങളുടെ പൗരന്മാരെ യുക്രൈനില്‍ നിന്നും ഒഴിപ്പിക്കില്ലെന്നാണ് പറയുന്നത്.

എന്നാല്‍ അമേരിക്ക തങ്ങളുടെ ഏറ്റവും പുതിയ അറിയിപ്പില്‍ യുക്രൈനിലെ അവസ്ഥ തീര്‍ത്തും പ്രവചനാതീതമാണെന്നും, സുരക്ഷിതമല്ലെന്നും പറയുന്നുണ്ട്. പല നഗരങ്ങളിലും ഏറ്റുമുട്ടല്‍ നടക്കുന്നത് സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. അതേ സമയം അമേരിക്കയുടെ പൗരന്മാരുടെ കാര്യത്തിലെ തീരുമാനം ഇപ്പോഴത്തെ യുക്രൈന്‍റെ അവസ്ഥയില്‍ തീര്‍ത്തും അമ്പരപ്പിക്കുന്നതാണ് എന്നാണ് വിദേശകാര്യ വിദഗ്ധര്‍ പറയുന്നത്. അതേ സമയം ഇന്ത്യന്‍ സര്‍ക്കാര്‍ അടക്കം എടുത്ത നടപടികളില്‍ നിന്നും തീര്‍ത്തും കടകവിരുദ്ധമാണ്. 

ഇന്ത്യന്‍ സര്‍ക്കാര്‍ മുതിര്‍ന്ന മന്ത്രിമാരെ തന്നെ യുക്രൈന്‍റെ അയല്‍രാജ്യങ്ങളില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷന്‍ ഗംഗ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കാന്‍ വേണ്ടി നിയോഗിച്ചുകഴിഞ്ഞു. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഹർദീപ് സിങ് പുരി, വി കെ സിങ്,കിരൺ റിജിജു എന്നിവര്‍ അയല്‍രാജ്യങ്ങളിലെ യുക്രൈന്‍ അതിര്‍ത്തിയില്‍ നേരിട്ട് എത്തി ഓപ്പറേഷന്‍ ഗംഗയ്ക്ക് നേതൃത്വം നല്‍കും. 

അതേ സമയം ഓപ്പറേഷന്‍ ഗംഗ വിലയിരുത്തന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം നടന്നു. ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് തുടങ്ങിയ യോഗം രണ്ട് മണിക്കൂർ നീണ്ടുനിന്നു. ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാൻ എന്തൊക്കെ കാര്യം ചെയ്യണമെന്ന് യോഗം ചർച്ച ചെയ്തു. രക്ഷാ ദൗത്യം എങ്ങനെ പുരോഗമിക്കുന്നു എന്ന കാര്യമടക്കം വിലയിരുത്തി. വിവിധ മുഖ്യമന്ത്രിമാർ നൽകിയ കത്തുകളും യോഗത്തിൽ ചർച്ചയായി. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാൻ കൂടുതൽ ലോക രാജ്യങ്ങളുടെ സഹകരണം തേടാൻ തീരുമാനിച്ചു. റഷ്യയുടെ ഭാഗത്ത് നിന്നുള്ള സഹകരണം എങ്ങനെയാകും എന്നതും യോഗം ചർച്ച ചെയ്തു. കൂടുതൽ സമ്മ‍ർദ്ദം ചെലുത്തുന്ന കാര്യവും യോഗത്തിൽ ചർച്ചയായി.

അടുത്ത 24 മണക്കൂറില്‍ സംഘര്‍ഷ മേഖലയില്‍ നിന്നുള്ള യാത്രക്കാരെ വഹിച്ച് മൂന്ന് വിമാനങ്ങളാണ് ഇന്ത്യയിലേക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണം ദില്ലിയിലും ഒന്ന് മുംബൈയിലും ഇറങ്ങും. ഈ കാര്യങ്ങള്‍ പരിഗണിച്ചാല്‍ തന്നെ തങ്ങളുടെ പൗരന്മാരുടെ കാര്യത്തില്‍ ഏറ്റവും സഹായമനസ്കത കാണിക്കാത്ത ഔദ്യോഗിക സംവിധാനം യുഎസിന്‍റെയാണെന്നാണ് വിലയിരുത്തല്‍. യുക്രൈന്‍ യുഎസ് എംബസിയുടെ ഏറ്റവും പുതിയ നിര്‍ദേശത്തില്‍ യുക്രൈനിലെ യുഎസ് പൗരന്മാര്‍ സ്വകാര്യ ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ച് യുക്രൈനില്‍ നിന്നും പുറത്ത് കടക്കാനാണ് നിര്‍ദേശിക്കുന്നത്. അതേ സമയം ഇത്തരം യാത്രകളില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് എംബസി നിര്‍ദേശം യുഎസ് പൗരന്മാരോട് പറയുന്നു. പലയിടത്തും വലിയ അഭയാര്‍ത്ഥി പ്രവാഹം, റോഡ് ഗതാഗത സംവിധാനത്തിന്‍റെ തകര്‍ച്ച, സൈനിക നീക്കം എന്നിവ മുന്നിട്ട് കാണാനും യുഎസ് ആവശ്യപ്പെടുന്നു. 

Scroll to load tweet…

ഇത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശങ്ങളുമായി താരതമ്യം ചെയ്താല്‍ തന്നെ ഇന്ത്യന്‍ കരുതല്‍ വ്യക്തമാകും. ഇന്ത്യന്‍ യുക്രൈന്‍ ദൌത്യത്തില്‍ യുക്രൈന്‍ രാജ്യത്തെയും അവിടുത്തെ പ്രദേശിക സംവിധാനത്തെയും വിശ്വസത്തിലെടുത്താണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. ഒപ്പം എല്ലാം ഇന്ത്യക്കാരോടും ഒന്നിച്ച് ശാന്തമായി നില്‍ക്കാനും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെടുന്നു. കീവില്‍ നിന്നും ട്രെയിന്‍ സര്‍വീസ് ഉപയോഗിക്കാനുള്ള സംവിധാനവും യുക്രൈനുമായി സഹകരിച്ച് ഉപയോഗിക്കാനാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്.