"ഞങ്ങളുടെ പ്രതിനിധി സംഘത്തെ തൊട്ടാൽ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും", മൊസാദിന്‍റെ നീക്കത്തെക്കുറിച്ച് വധശ്രമത്തെക്കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങൾ ലഭിച്ചയുടൻ പാകിസ്ഥാൻ മധ്യസ്ഥതർ വഴി ഇസ്രായേലിന് കടുത്ത മുന്നറിയിപ്പ് നൽകിയെന്നാണ് എസ്കോബാർ പറയുന്നത്.
ഇസ്‌ലാമാബാദ്: പാക് കരസേനാ മേധാവി അസിം മുനീറിനെ വധിക്കാൻ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ. അമേരിക്ക-ഇറാൻ സമാധാന ചർച്ചയ്ക്കായി സ്വിറ്റ്‌സർലൻഡ് സന്ദർശനത്തിനെത്തിയ അസിം മുനീറിനെ വധിക്കാനാണ് മൊസാദ് പദ്ധതിയിട്ടതെന്ന് ബ്രസീലിയൻ മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തി. അസിം മുനീറിന് പുറമേ കൂടെയുണ്ടായിരുന്ന പാക് പ്രതിനിധി സംഘത്തെ വധിക്കാനും പദ്ധതിയിട്ടെന്നാണ് പെപ്പെ എസ്കോബാർ എന്ന മാധ്യമപ്രവർത്തകന്റെ ഗുരുതര വെളിപ്പെടുത്തൽ. ഒരു പോഡ്കാസ്റ്റ് ഷോയിലാണ് എസ്കോബാർ ഇക്കാര്യം വെളിപ്പെടുത്തിയത്. വെളിപ്പെടുത്തലിന്‍റെ വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് അസിം മുനീറിനെ വധിക്കാൻ മൊസാദ് പദ്ധതി തയ്യാറാക്കിയതെന്ന് പെപ്പെ എസ്കോബാർ പോഡ്കാസ്റ്റിൽ പറയുന്നത്. എന്നാൽ പാകിസ്ഥാന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗം ഈ വിവരം ചോർത്തുകയും പദ്ധതി പരാജയപ്പെടുത്തുകയുമായിരുന്നുവെന്നും എസ്കോബാർ അവകാശപ്പെടുന്നു. മൊസാദിന്‍റെ നീക്കത്തെക്കുറിച്ച് വധശ്രമത്തെക്കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങൾ ലഭിച്ചയുടൻ പാകിസ്ഥാൻ മധ്യസ്ഥതർ വഴി ഇസ്രായേലിന് കടുത്ത മുന്നറിയിപ്പ് നൽകിയെന്നാണ് എസ്കോബാർ പറയുന്നത്.
"ഞങ്ങളുടെ പ്രതിനിധി സംഘത്തെ തൊട്ടാൽ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും" എന്നായിരുന്നു പാകിസ്ഥാന്റെ മുന്നറിയിപ്പ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാനും ഒപ്പുവെച്ച പ്രാഥമിക കരാറിന്റെ തുടർച്ചയായി സ്വിറ്റ്‌സർലൻഡിൽ നടന്ന ഉന്നതതല ചർച്ചകളിൽ മധ്യസ്ഥരും ഗ്യാരന്റർമാരുമായാണ് പാകിസ്ഥാൻ സംഘം പങ്കെടുത്തത്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് അടക്കമുള്ള പ്രമുഖർ പങ്കെടുത്ത ചർച്ചയായിരുന്നു ഇത്. അതേസമയം പെപ്പെ എസ്കോബാറിന്റെ ഈ വെളിപ്പെടുത്തൽ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായെങ്കിലും, മൊസാദിന്‍റെ നീക്കം വെളിവാക്കുന്ന ഔദ്യോഗിക തെളിവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. പാകിസ്ഥാനും, ഇസ്രയേലും വാർത്തയോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


