അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്‍റെ ഭാര്യയും ഹിന്ദു മത വിശ്വാസിയുമായ ഉഷ വാൻസ്, താൻ എന്തുകൊണ്ട് ക്രിസ്തുമതം സ്വീകരിച്ചില്ലെന്ന ചോദ്യത്തിന് മറുപടി നൽകി
വാഷിങ്ടണ്‍: താൻ എന്തുകൊണ്ട് മതംമാറിയില്ലെന്ന് വെളിപ്പെടുത്തി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്‍റെ ഭാര്യ ഉഷ വാൻസ്. ഹിന്ദു മത വിശ്വാസിയായ ഉഷ ക്രിസ്ത്യൻ മതം സ്വീകരിക്കണമെന്ന് ഭർത്താവ് ജെ ഡി വാൻസ് ആഗ്രഹിച്ചിരുന്നു എന്ന രീതിയിൽ മാസങ്ങളായി ഉയരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ഉഷയുടെ പ്രതികരണം. താൻ വളർന്നുവന്ന സാഹചര്യവും ഭർത്താവിന്‍റെ പശ്ചാത്തലവും തമ്മിൽ വ്യത്യാസമുണ്ടെന്നും ഒരിക്കലും മതം മാറണമെന്ന ചിന്ത വന്നിട്ടില്ലെന്നും ഉഷ പറഞ്ഞു.
സിബിഎസ് സൺഡേ മോർണിംഗ് അഭിമുഖത്തിലാണ് തന്റെ മതവിശ്വാസത്തെക്കുറിച്ചും ജെ ഡി വാൻസിന് തന്നെ കത്തോലിക്കാ വിശ്വാസത്തിലേക്ക് മാറ്റാൻ താല്പര്യമുണ്ടായിരുന്നോ എന്നതിനെക്കുറിച്ചും ഉഷ വാൻസ് മനസ്സ് തുറന്നത്. ജെ ഡി വാൻസ് തന്നെ മതം മാറ്റാൻ ആഗ്രഹിച്ചിരുന്നു എന്ന തരത്തിലുള്ള വാർത്തകൾ ആളുകൾക്കിടയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നുവെന്ന് ഉഷ വാൻസ് പറഞ്ഞു. അദ്ദേഹം ക്രിസ്തുമത വിശ്വാസി ആയതു കൊണ്ടാവും ആളുകൾ അങ്ങനെ തെറ്റിദ്ധരിച്ചത്. സ്വന്തം മതം മറ്റുള്ളവരിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. അതിനർത്ഥം അദ്ദേഹം എല്ലാ ദിവസവും തന്റെ അടുത്തുവന്ന് മതം മാറാൻ ആവശ്യപ്പെടാറുണ്ട് എന്നല്ലെന്നും ഉഷ വ്യക്തമാക്കി.
ജെ ഡി വാൻസിന്റെ ‘കമ്മ്യൂണിയൻ: ഫൈൻഡിങ് മൈ വേ ബാക്ക് ടു ഫെയ്ത്ത്’ എന്ന പുസ്തകം വലിയ ചർച്ചയായതിന് പിന്നാലെയാണ് ഭാര്യയുടെ ഈ പ്രതികരണം. ജെ ഡി വാൻസ് ക്രിസ്തുമത വിശ്വാസത്തിലേക്ക് എത്തിയതിനെക്കുറിച്ചും മതം അദ്ദേഹത്തിന്റെ രാഷ്ട്രീയ - വ്യക്തി ജീവിതത്തെ എങ്ങനെ സ്വാധീനിച്ചു എന്നതിനെ കുറിച്ചും ഈ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. താൻ വളർന്നുവന്ന സാഹചര്യവും ഭർത്താവിന്‍റെ പശ്ചാത്തലവും തമ്മിലുള്ള വ്യത്യാസമാണ് ഇരുവരുടെയും ആത്മീയ ചിന്തകളിലെ വ്യത്യാസത്തിന് കാരണമെന്ന് ഉഷ വാൻസ് വ്യക്തമാക്കി.
തെക്കൻ കാലിഫോർണിയയിലെ ഒരു ഇന്ത്യൻ കുടിയേറ്റ കുടുംബത്തിൽ തികച്ചും സമാധാനപരവും സുരക്ഷിതവുമായ സാഹചര്യത്തിലാണ് താൻ വളർന്നതെന്ന് ഉഷ പറഞ്ഞു. അതുകൊണ്ടുതന്നെ നിലവിലുള്ള മതത്തിൽ നിന്നും മാറ്റം തേടേണ്ട ഒരു ആവശ്യം തനിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്ന് ഉഷ വാൻസ് വ്യക്തമാക്കി. അതേസമയം തന്റെ കുട്ടിക്കാലം ഏറെ പ്രക്ഷുബ്ധമായിരുന്നുവെന്ന് ജെ ഡി വാൻസ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം മാതാപിതാക്കളുടെയും മുത്തശ്ശിയുടെയും കൂടെ മാറിമാറി താമസിക്കേണ്ടി വന്ന തന്റെ കുട്ടിക്കാലം അസ്ഥിരവും ആശയക്കുഴപ്പങ്ങൾ നിറഞ്ഞതുമായിരുന്നുവെന്ന് വാൻസ് പറഞ്ഞു. അതുകൊണ്ടുതന്നെ ജീവിതത്തിൽ സുരക്ഷിതത്വം കണ്ടെത്താനാണ് താൻ ആഗ്രഹിച്ചതെന്നും അതിന് മതം സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
