തുർക്കി: തുർ‌ക്കിയിലെ ഭൂകമ്പത്തിൽ തകര്‍ന്നുവീണ കെട്ടിടത്തിന്റെ അവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയ അമ്മയേയും രണ്ട് വയസ്സുകാരി മകളേയും രക്ഷപ്പെടുത്തിയത് ഇരുപത്തെട്ട് മണിക്കൂറിന് ശേഷം. മരണസംഖ്യ 38 ആയി ഉയർന്നുവെന്ന് അധികൃതർ വ്യക്തമാക്കുന്നു. ആയിരത്തി അഞ്ഞൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. റിക്ടർ സ്കെയിലിൽ ഭൂകമ്പത്തിന്റെ തോത് 6.8 ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കിഴക്കന്‍ തുര്‍ക്കിയിലെ എലസിഗ് മേഖലയിലാണ് ഭൂകമ്പമുണ്ടായത്. തകര്‍ന്നു വീണ കെട്ടിടത്തില്‍ 35കാരി അയ്‌സെ യില്‍ദിസും രണ്ട് വയസ്സുകാരി മകള്‍ യുസ്രയും അകപ്പെടുകയായിരുന്നു.

തുർക്കിയിൽ ശക്തമായ ഭൂചലനം: 18 പേർ മരിച്ചു, അഞ്ഞൂറിലധികം ആളുകൾക്ക് പരിക്ക്...

തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ നിന്ന് നിരവധി പേരെയാണ് രക്ഷാപ്രവർ‌ത്തകർ രക്ഷിച്ചത്. മുസ്ഥഫ പാസ ജില്ല‌യിലാണ് അയ്സെ യിൽ​ദിസും മകളും താമസിച്ചിരുന്നത്. വിദഗ്ധ നിരീക്ഷണത്തിനായി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വലിയ ദുരന്തമായിട്ടും പരിക്കുകളൊന്നുമില്ലാതെ ഇരുവരും രക്ഷപ്പെട്ടത് അത്ഭുതകരമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ബന്ധുക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദുരന്തനിവാരണ സേന നടത്തിയ തിരച്ചിലിനൊടുവിലാണ് അമ്മയേയും മകളേയും ജീവനോടെ പുറത്തെത്തിച്ചത്. ഭൂകമ്പത്തിൽ വന്‍ നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.