Asianet News MalayalamAsianet News Malayalam

മൊസാംബിക്കിൽ ഇസ്ലാമിസ്റ്റ് ആക്രമണം, കൂട്ടശിരച്ഛേദങ്ങളിൽ നടുങ്ങി രാജ്യം

'നിഗൂഢ'മായ ഏതോ ഭീകര സംഘം എന്നുമാത്രമേ അധികൃതർക്ക് അക്രമികളെപ്പറ്റി പറയാനാവുന്നുള്ളൂ.

Mozambique rocked by islamist terror attacks
Author
mozambique, First Published Apr 15, 2021, 5:08 PM IST

കഴിഞ്ഞ ആഴ്ചകളിൽ മൊസാംബിക്കിലെ പാൽമ നഗരത്തിനു നേരെ നടന്നത് ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ തുടർച്ചയായ ആക്രമണങ്ങളാണ്. നാലഞ്ച് വർഷമായി രാജ്യത്ത് ശക്തിയാർജ്ജിച്ചു വന്നുകൊണ്ടിരുന്ന സായുധ ഭീകര സംഘങ്ങൾക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ട് എന്നാണ് സംശയിക്കപ്പെടുന്നത്. ആരാണ് ഈ തീവ്രവാദികൾ എന്ന ചോദ്യത്തിന് തല്ക്കാലം രാജ്യത്തെ പൊലീസിനോ പട്ടാളത്തിനോ മറുപടിയില്ല. 'നിഗൂഢ'മായ ഏതോ ഭീകര സംഘം എന്നുമാത്രമേ അധികൃതർക്ക് അക്രമികളെപ്പറ്റി പറയാനാവുന്നുള്ളൂ. ആക്രമണങ്ങൾ നടന്ന നഗരത്തിലെ വീഥികളിൽ നിന്ന് ശിരസ്സറ്റ ജഡങ്ങൾ കണ്ടെടുക്കപ്പെടുന്നത് രാജ്യത്ത് ഭീതി പരത്തുന്നുണ്ട്. 

 

 

കഴിഞ്ഞ മാർച്ച് പത്താം തീയതി അമേരിക്ക ഇക്കൂട്ടരെ ഔദ്യോഗികമായി തന്നെ ഭീകരർ എന്ന് വിളിക്കുകയുണ്ടായി. എന്നാൽ, പ്രദേശത്തെ രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായത്തിൽ ഇത്തരം ഒരു തീവ്രവാദ മുന്നേറ്റത്തിന് കഴിഞ്ഞ പത്തു വർഷമെങ്കിലുമായി ഈ ആഫ്രിക്കൻ രാജ്യം വിളനിലമാണ് എന്നാണ്.  ഈ പ്രസ്ഥാനത്തിന്റെ അടിവേരുകൾ ചികഞ്ഞു ചെന്നാൽ എത്തിച്ചേരുക സുവാലെഹേ റഫായെൽ എന്ന ഒരു മതപണ്ഡിതനിലേക്കാണ് എന്ന് ടെലിഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്യുന്നു. 

കാബോ ഡെൽഗാഡോ പരിസരത്ത് നിരവധി മോസ്കുകൾ നിർമിച്ച് സജീവമായ ഈ സംഘം മതേതര രാജ്യം എന്ന സങ്കല്പത്തെ നിരാകരിച്ചും, കുട്ടികളെ സ്‌കൂളിൽ പറഞ്ഞയക്കാതിരിക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിച്ചും മറ്റും നാട്ടുകാർക്കിടയിൽ തങ്ങളുടെ സ്വാധീനം വിപുലമാക്കുന്നുണ്ടായിരുന്നു. ഈ സംഘടനയെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകാൻ തുടങ്ങിയതോടെയാണ് അവർ ആക്രമണത്തിന്റെ പാതയിലേക്ക് തിരിയുന്നത്. 2016 -ൽ ഈ സംഘത്തിലെ ചിലർ, പ്രദേശത്തെ മദ്യവില്പനയ്‌ക്കെതിരെ സംഘടിപ്പിച്ച സമരത്തിനിടെ, ഇവർ പൊലീസുമായി സംഘർഷത്തിലേർപ്പെടുകയുണ്ടായി.  ഈ സമയത്തുതന്നെ പ്രദേശത്തെ ഖനി മുതലാളിമാരിൽ നിന്നും, കരിഞ്ചന്ത വ്യാപാരികളിൽ നിന്നും, മാഫിയാ സംഘങ്ങളിൽ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ച് ഇവർ സായുധ പരിശീലനവും ആയുധ ശേഖരണവും ആരംഭിച്ചിരുന്നു. 

പ്രദേശവാസികളുടെ സാമ്പത്തിക പ്രയാസങ്ങൾ മുതലെടുത്തും, അഴിമതിക്കെതിരെ പ്രതികരിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കിയും സംഘം ജനങ്ങൾക്കിടയിൽ വളരെ പെട്ടെന്ന് വളർന്നുവന്നു. ഈ സായുധ കലാപകാരികൾ അന്താരാഷ്ട്ര തലത്തിൽ നിന്നുപോലും സഹായം സ്വീകരിക്കാനും ആയുധങ്ങൾ എത്തിക്കാനും പറ്റുന്ന രീതിയിൽ വളർന്നു കഴിഞ്ഞു. ഇടയ്ക്കിടെ പൊലീസിനെയും പട്ടാളസംഘങ്ങളെയും ആക്രമിച്ചും അവർ ആയുധങ്ങൾ തട്ടിയെടുത്തുകൊണ്ടിരുന്നു. ഇവരിൽ ചിലരെ ഇസ്ലാമിക് സ്റ്റേറ്റ് കിഴക്കൻ കോംഗോയിലും സോമാലിയയിലെ അയച്ചതാണ് പരിശീലിപ്പിച്ചത് എന്ന് കരുതപ്പെടുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള മതമൗലിക വാദികൾ ഈ സംഘത്തോടൊപ്പം ചേർന്നിട്ടുണ്ട് എന്നാണ് ഇന്റലിജൻസ് പറയുന്നത്. 2019 -ലാണ് ഇവർ ഐ എസുമായുള്ള തങ്ങളുടെ ബന്ധം പരസ്യമായി സമ്മതിക്കുന്നത്. 

ഇപ്പോൾ അവസാനമായി നടന്ന കലാപത്തിൽ ചുരുങ്ങിയത് ഏഴുലക്ഷം പേർക്കെങ്കിലും സ്വന്തം നാടും വീടും വിട്ടു ഓടിപ്പോരേണ്ടി വന്നിട്ടുണ്ട് എന്നാണ് തോന്നുന്നത്. അക്രമങ്ങളെത്തുടർന്ന് ഭക്ഷണത്തിനും കുടിവെള്ളത്തിനും ഉണ്ടായ ക്ഷാമം, അതിനെത്തുടർന്ന് കോളറ പൊട്ടിപ്പുറപ്പെട്ടതോടെ ജനങ്ങളെ കൂടുതൽ വലയ്ക്കുന്നുണ്ട്. പാൽമയിലെ ആക്രമണം നടന്നത് പത്തു ദിവസം മുമ്പായിരുന്നു. അക്രമികളെ തുരത്തിയോടിച്ചു എന്ന് മൊസാംബിക് പട്ടാളം പറയുമ്പോഴും ഇതുവരെ നഗരത്തെ പൂർണമായും സുരക്ഷിതമാക്കാൻ അവർക്ക് കഴിഞ്ഞമട്ടില്ല. അക്രമം നടന്ന പ്രദേശങ്ങളിൽ നിന്ന് നാടുവിട്ടോടുന്നവർ പെമ്പയിലേക്കും സമീപ പ്രദേശങ്ങളിലേക്കും കൂട്ടമായി വന്നെത്തിക്കൊണ്ടിരിക്കുന്നു. ചിലർ അതിർത്തി കടന്ന് അയൽരാജ്യമായ ടാൻസാനിയയിലേക്കും പോവുന്നുണ്ട്.പാൽമ നഗരം ആക്രമിച്ച് അതിക്രമങ്ങൾ പ്രവർത്തിച്ച തീവ്രവാദികൾക്ക്, അവർ കീഴടങ്ങാൻ തയ്യാറായാൽ  മാപ്പുനൽകുമെന്ന് മൊസാംബിക് പ്രസിഡന്റ് ഫെബ്രുവരിയിൽ പറയുകയുണ്ടായി. 
 

Follow Us:
Download App:
  • android
  • ios