രണ്ട് പേര്‍ ഇരുന്ന് വൈകുന്നേരത്തെ ചായ കഴിച്ച ശേഷം പ്ലേറ്റും സ്പൂണും ഗ്ലാസുകളും അടക്കം ഉപേക്ഷിച്ച നിലയിലാണ് മേശയും രണ്ട് കസേരയും കണ്ടെത്തിയത്. എന്നാല്‍ ഇവ പ്രധാനപാതയില്‍ നിന്ന് എറെ അകലെയുള്ള സ്ഥലത്ത് മരങ്ങള്‍ക്ക് നടുവില്‍ ഉപേക്ഷിച്ച് പോയതാരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. 

പൈന്‍ മരങ്ങള്‍ക്ക് ഇടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വൈകുന്നേരത്തെ ചായയ്ക്കായി (Evening Tea) ഒരുക്കിയ ഒരു മേശയും രണ്ട് കസേരയും. ഇംഗ്ലണ്ടിലെ കംബ്രിയയിലെ (Lake District) വുഡ്ലാന്‍ഡിലാണ്(Woodland) വിചിത്ര സംഭവം. ഫോട്ടോഗ്രാഫറായ ആഷ്ലി കൂപ്പറാണ്(Ashley Cooper) ആദ്യം ഈ വിചിത്ര സംഭവം കണ്ടെത്തിയത്. എന്തോ ആര്‍ട്ട് ഇന്‍സ്റ്റലേഷനെന്നാണ് ആഷ്ലി ആദ്യം കരുതിയത്. എന്നാല്‍ അങ്ങനെ അല്ലെന്ന് പിന്നീട് മനസിലാക്കാനായി. രണ്ട് പേര്‍ ഇരുന്ന് വൈകുന്നേരത്തെ ചായ കഴിച്ച ശേഷം പ്ലേറ്റും സ്പൂണും ഗ്ലാസുകളും അടക്കം ഉപേക്ഷിച്ച നിലയിലാണ് മേശയും രണ്ട് കസേരയും കണ്ടെത്തിയത്.

എന്നാല്‍ ഇവ പ്രധാനപാതയില്‍ നിന്ന് എറെ അകലെയുള്ള സ്ഥലത്ത് മരങ്ങള്‍ക്ക് നടുവില്‍ ഉപേക്ഷിച്ച് പോയതാരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്തോ ചെറിയ ആഘോഷം നടത്തി പോയവരെ കാത്തിരുന്നെങ്കിലും കണ്ടെത്താനാവാതെ വന്നതോടെയാണ് ആഷ്ലി വിവരം ഉദ്യോഗസ്ഥരെ അറിയിച്ചത്. വുഡ്ലാന്‍ഡിലെ പ്രകൃതി രമണീയമായ ഒരു മേഖലയിലാണ് ഇവ ഉപേക്ഷിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഇവ കണ്ടെത്തിയത്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് പരിസ്ഥിതിയിലുണ്ടാവുന്ന മാറ്റങ്ങളേക്കുറിച്ചുള്ള ചിത്രങ്ങള്‍ക്ക് എറെ പ്രശസ്തനായ ആഷ്ലി സംഭവത്തേക്കുറിച്ച് പരിഹസിച്ച് പറയുന്നത് ഇപ്രകാരമാണ്. ഭക്ഷണം കഴിച്ചവര്‍ അതൊന്ന് വൃത്തിയാക്കാന്‍ പോലും സമയം ഇല്ലാത്ത പോലെ ധൃതിയിലായിരിക്കാം.

കാട്ടില്‍ ഇത്തരത്തില്‍ വസ്തുക്കള്‍ ഉപേക്ഷിച്ച് പോയ അജ്ഞാതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഇത്തരത്തില്‍ ചായക്കുള്ള സജ്ജീകരണങ്ങള്‍ ആര്‍ക്കും ഒരുക്കി നല്‍കിയിട്ടില്ലെന്നാണ് സമീപമേഖലയിലെ ഭക്ഷണശാലകളും വിശ്രമ സങ്കേതങ്ങളിലുമുള്ള ജീവനക്കാരുടെ പ്രതികരണം. മഹാമാരി കാലത്ത് വ്യാപകമായി ആളുകള്‍ പാഴ്വസ്തുക്കള്‍ തള്ളിയത് ഈ മേഖലയില്‍ നേരത്തെ ഏറെ പ്രശ്നമായിരുന്നു. ടെന്‍റുകളും സ്ലീപ്പിംഗ് ബാഗുകളും , ഭക്ഷണമുണ്ടാക്കാനുള്ള ചെറിയ അടുപ്പുകളുമെല്ലാം നേരത്തെ ഈ മേഖലയില്‍ കണ്ടെത്തിയിരുന്നു.

എന്നാല്‍ ഇത്തരത്തില്‍മേശയും കസേരയും ബാക്കി വച്ച ഭക്ഷണസാധനങ്ങളോട് കൂടിയ പ്ലേറ്റുകളും കണ്ടെത്തിയത് ആദ്യമായാണ്. പരിസ്ഥിതിയോടും സഞ്ചരിക്കാനെത്തുന്ന ആളുകളോടും ഒട്ടും തന്നെ ബഹുമാനമില്ലാത്തവരാണ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുകയെന്നാണ് അധികൃതരും വിലയിരുത്തുന്നത്. പണത്തിന് കുറവില്ലാത്ത എന്നാല്‍ മനസാക്ഷിയും സമൂഹത്തോടുള്ള ഉത്തരവാദിത്തവും ഇല്ലാത്ത സഞ്ചാരികളാണ് ഇത്തരം പ്രവര്‍ത്തികള്‍ക്ക് പിന്നിലെന്നാണ് വിമര്‍ശനം.