ഇറാനിലെ ജനകീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോസ് ആഞ്ചലസിൽ നടന്ന മാർച്ചിലേക്ക് ലോറി ഓടിച്ചുകയറ്റി. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പരിഭ്രാന്തരായ ജനം നാലുപാടും ഓടി. പരിക്കേറ്റ രണ്ട് പേർ ചികിത്സ നിരാകരിച്ചു

വാഷിങ്ടൺ: ഇറാനിലെ ജനകീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യമറിയിച്ച് ലോസ് ആഞ്ചലസിൽ നടന്ന മാർച്ചിലേക്ക് ലോറി ഓടിച്ചുകയറ്റി. പരിഭ്രാന്തരായി ജനം നാലുപാടും ഓടി. ആളപായം ഉണ്ടോയെന്നത് വ്യക്തമല്ല. പരിക്കേറ്റ രണ്ട് പേരെ ശുശ്രൂഷിക്കാൻ പാരാമെഡിക്കൽ സംഘം എത്തിയെങ്കിലും ചികിത്സ വേണ്ടെന്ന നിലപാടിലായിരുന്നു ഇവർ. ട്രക്ക് പ്രതിഷേധക്കാർ വളയുന്നതും ഡ്രൈവർക്കെതിരെ പ്രതിഷേധിക്കുന്നതിൻ്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ട്രക്കിൻ്റെ റിയർ വ്യൂ മിററുകൾ തകർത്തിട്ടുണ്ട്. പ്രതിഷേധക്കാരിൽ നിന്നും വളരെ അകലെയായിരുന്നു ട്രക്ക്. പൊടുന്നനെ ഇത് സമരാനുകൂലികൾക്ക് നേരെ ഓടിവരികയായിരുന്നു. ഡ്രൈവറെ പൊലീസ് പിടികൂടിയോ എന്ന കാര്യം വ്യക്തമല്ല. മാർച്ചിനെതിരെ നടന്നത് ആസൂത്രിത ആക്രമണമെന്ന് സംശയിക്കുന്നുണ്ട്.

ലോസ് ആഞ്ചലസിൽ നൂറുകണക്കിനാളുകളാണ് ഇറാനിലെ പ്രതിഷേധത്തിന് ഐക്യദാർഢ്യമറിയിക്കാൻ അണിനിരന്നത്. 2022 ന് ശേഷം ഇറാനിൽ നടക്കുന്ന വൻ ജനകീയ പ്രക്ഷോഭം ഖമനേയി ഭരണകൂടത്തെ താഴെയിറക്കാൻ ലക്ഷ്യമിട്ടാണ് മുന്നോട്ട് പോകുന്നത്. വിലക്കയറ്റം, സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് സമരം മുന്നോട്ട് പോകുന്നത്. എന്നാൽ പ്രക്ഷോഭത്തെ അടിച്ചമർത്തുകയാണ് ഭരണകൂടം. 530 പേർ ഇതുവരെ കൊല്ലപ്പെട്ടെന്നാണ് കരുതുന്നത്. 10600 ഓളം പേർ കസ്റ്റഡിയിലാണ്. മൊബൈൽ, ഇൻ്റർനെറ്റ് സേവനങ്ങൾ രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിന് പിന്നിൽ അമേരിക്കയെന്നാണ് ഇറാൻ ഭരണകൂടം കുറ്റപ്പെടുത്തുന്നത്.