യുഎസ്-ഇറാൻ സംഘർഷം തുടരുന്നതിനിടെ ടെഹ്റാൻ ആകാശത്ത് തിളങ്ങുന്ന അജ്ഞാത വസ്തു ദൃശ്യമായതിന്റെ വീഡിയോകൾ പ്രചരിക്കുന്നു. ഇത് അമേരിക്കയുടെയോ ഇസ്രായേലിന്റെയോ നിരീക്ഷണ ഡ്രോണുകളാകാമെന്നാണ് വിദഗ്ധരുടെ സംശയം. കൃത്യം 50 വർഷങ്ങൾക്ക് മുൻപും സമാനമായ സംഭവം ടെഹ്റാനിൽ നടന്നിരുന്നു.

ടെഹ്റാൻ: യുഎസ്-ഇറാൻ സംഘർഷം തുടരുന്നതിനിടെ ഇറാൻ തലസ്ഥാനമായ ടെഹ്റാന്‍റെ ആകാശത്ത് അജ്ഞാത വസ്തു ദൃശ്യമായി. തിളങ്ങുന്ന വെളിച്ചമുള്ള ഈ അജ്ഞാത വസ്തു ആകാശത്ത് പറക്കുന്നതിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പുറത്തുവന്നിരുന്നു. സെപ്റ്റംബർ 20-ന് ചിത്രീകരിച്ചതെന്ന് കരുതപ്പെടുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൻതോതിലാണ് പ്രചരിക്കുന്നത്. ടെഹ്റാനിലെ ആസാദെഗാൻ എക്സ്പ്രസ്‌വേയ്ക്ക് സമീപമാണ് ഈ കാഴ്ച ദൃശ്യമായതെന്ന് അവകാശവാദങ്ങളുണ്ട്.

സംഭവത്തിൽ ഇറാൻ ഭരണകൂടമോ സൈന്യമോ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല. ആകാശത്ത് പതുക്കെ ചലിക്കുന്ന വർണ്ണവെളിച്ചങ്ങളാണ് ദൃശ്യങ്ങളിലുള്ളത്. ഇവയുടെ വേഗത, വലുപ്പം, ഉയരം എന്നിവയെക്കുറിച്ച് വ്യക്തതയില്ല. മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കെ ഇത് അമേരിക്കയുടെയോ ഇസ്രായേലിന്റെയോ അത്യാധുനിക സൈനിക നിരീക്ഷണ ഡ്രോണുകളാകാമെന്ന് വിദഗ്ധർ സംശയിക്കുന്നു. എന്നാൽ ഒന്നിലധികം ഡ്രോണുകൾ ചേർന്ന് പറന്നതാണോ അതോ മറ്റെന്തെങ്കിലും ഉപകരണമാണോ എന്നതിൽ സ്ഥിരീകരണമില്ല.

കൃത്യം 50 വർഷങ്ങൾക്ക് മുൻപ്, 1976 സെപ്റ്റംബർ 19-നാണ് ടെഹ്റാന് മുകളിൽ പ്രകാശപൂരിതമായ വിചിത്ര വസ്തു പ്രത്യക്ഷപ്പെട്ടത്. അന്ന് ഇറാന്റെ എഫ്-4 പോർവിമാനങ്ങൾ ഇതിനെ പിന്തുടർന്ന് നിരീക്ഷിക്കാൻ ശ്രമിച്ചിരുന്നു. യുഎസ് രഹസ്യാന്വേഷണ ഏജൻസികളായ ഡി.ഐ.എ , എൻ.എസ്.എ എന്നിവ അന്ന് ഈ സംഭവം അന്വേഷിക്കുകയും റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തിരുന്നു.

അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെ തിരിച്ചു ആക്രമണം നടത്തുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ടെഹ്റാന് മുകളിൽ ഈ കാഴ്ചകൾ ദൃശ്യമായത്. നിലവിൽ പുറത്തുവന്ന ദൃശ്യങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ലെന്നും ഇത് വിമാനങ്ങളോ ഡ്രോണുകളോ ആകാനാണ് സാധ്യതയെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Scroll to load tweet…