ലണ്ടന്‍: മന്ത്രിസഭാ പുന:സംഘനടയില്‍ ധനകാര്യ മന്ത്രിയായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തെരഞ്ഞെടുത്തത് ഇന്ത്യന്‍ വംശജനെ. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മരുമകന്‍ റിഷി സുനകിനെയാണ് ബോറിസ് ജോണ്‍സണ്‍ വലിയ ദൗത്യം ഏല്‍പ്പിച്ചത്. നേരത്തെ പാക് വംശജന്‍ സാജിദ് ജാവിദായിരുന്നു ധനമന്ത്രി. ഇദ്ദേഹത്തിന്‍റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നാണ് ധനകാര്യ ചീഫ് സെക്രട്ടറിയായിരുന്ന 39കാരനായ സുനകിനെ മന്ത്രിയാക്കിയത്.

ബ്രിട്ടീഷ് മന്ത്രിസഭയിലെ രണ്ടാം സ്ഥാനമാണ് ധനമന്ത്രിയുടേത്. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന് ശേഷം ബ്രിട്ടീഷ് സര്‍ക്കാരില്‍ ചേരുന്ന ഇന്ത്യന്‍ വംശജയാണ് റിഷി സുനക്. യോര്‍ക് ഷെയറിലെ  റിച്ച്മൗണ്ട്  എംപിയാണ് റിഷി. നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷതയെയാണ് റിഷി വിവാഹം കഴിച്ചിരിക്കുന്നത്. 

ബ്രെക്സിറ്റിന് ശേഷമുള്ള ബ്രിട്ടന്‍ സാമ്പത്തിക രംഗം എന്ന വലിയ വെല്ലുവിളിയാണ് റിഷി സുനക്കിനുള്ളത്. വെല്ലുവിളിയേറ്റെടുക്കാന്‍ റിഷി പ്രാപ്തനായതിനാലാണ് പ്രധാന വകുപ്പായ ധനകാര്യ അദ്ദേഹത്തെ ഏല്‍പ്പിക്കുന്നതെന്നും സര്‍ക്കാറും ബ്രിട്ടീഷ് ജനതയും റിഷി സുനകില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.