അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിക്കാൻ നാല് തവണ ശ്രമിച്ചുവെന്നും മോദി ഫോൺ എടുക്കാൻ തയ്യാറായില്ലെന്നും റിപ്പോർട്ട്.
ദില്ലി : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിക്കാൻ നാല് തവണ ശ്രമിച്ചുവെന്നും മോദി സംസാരിക്കാൻ തയ്യാറായില്ലെന്നും ജർമൻ പത്രമായ ഫ്രാങ്ക്ഫർട്ടർ അൽഗെമൈനിൽ റിപ്പോർട്ട്. കഴിഞ്ഞ ആഴ്ചകളിലാണ് ട്രംപ് വിളിച്ചതെന്നാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുഎസ് ചുമത്തിയ അധിക തീരുവ ഇന്ന് നിലവിൽ വരാനിരിക്കെയാണ് മോദി ട്രംപിന്റെ ഫോൺ കോളുകൾ അവഗണിച്ചത്. എന്നാൽ നരേന്ദ്ര മോദിയെ ട്രംപ് വിളിക്കാൻ നോക്കിയെന്ന റിപ്പോർട്ടിനോട് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല.
ട്രംപിന്റെ ഭരണകൂടം ഇന്ത്യയ്ക്കെതിരെ 50% തീരുവ ഏർപ്പെടുത്തിയത് ഇന്ന് നിലവിൽ വരും. ഭീഷണിക്ക് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി. ഇതിനാലാണ് ട്രംപിനോട് ഫോണിൽ സംസാരിക്കാൻ കൂട്ടാക്കാത്തതെന്നാണ് വിലയിരിത്തലുകൾ.
ജൂൺ 17 നാണ് അവസാനമായി മോദിയും ട്രംപും ഫോണിൽ സംസാരിച്ചത്. അതിന് ശേഷം ഇരുനേതാക്കളും തമ്മിൽ യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്നാണ് വിവരം. വിവാദമായ തീരുവ നടപടി ഇന്ത്യ-അമേരിക്ക ബന്ധത്തിൽ ആഴത്തിൽ വിള്ളലുണ്ടാക്കിയിരിക്കുന്നതിന്റെ സൂചനയാണ് മോദിയുടെ മൗനമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മോദിയുടെ ഈ നിലപാട്, അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ നയതന്ത്രപരമായ ജാഗ്രതയും സ്വയംപ്രതിഷ്ഠയും ഉയർത്തിക്കാട്ടുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
വീണ്ടും ട്രംപിന്റെ അവകാശവാദം
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് വീണ്ടും അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാപാര ഇടപാടുകൾ നിർത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് ഇരു രാജ്യങ്ങളും സംഘർഷം അവസാനിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-പാക് സംഘർഷം തുടർന്നാൽ വ്യാപാര കരാർ ഉണ്ടാകില്ലെന്ന് താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞതായും ട്രംപ് അവകാശപ്പെട്ടു. തുടർന്ന്, അഞ്ച് മണിക്കൂറിനുള്ളിൽ ഇരു രാജ്യങ്ങളും യുദ്ധം നിർത്തിയെന്നും അദ്ദേഹം വൈറ്റ് ഹൗസിൽ കാബിനറ്റ് യോഗത്തിനിടെ വ്യക്തമാക്കി.

