അക്രമം ഉടൻ അവസാനിപ്പിച്ച് ചർച്ച തുടങ്ങണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് മോദി പറഞ്ഞു. യുക്രൈനിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മോദി യുക്രൈൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. 

ദില്ലി: യുക്രൈൻ (Ukraine) പ്രതിസന്ധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) വ്ളാദിമിർ സെലൻസ്കിയെ (Volodymyr Zelenskyy) ഫോണിൽ വിളിച്ച് വേദന അറിയിച്ചെന്ന് ഇന്ത്യ. അക്രമം ഉടൻ അവസാനിപ്പിച്ച് ചർച്ച തുടങ്ങണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് മോദി പറഞ്ഞു. യുക്രൈനിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മോദി യുക്രൈൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. 

നരേന്ദ്ര മോദിയോട് രാഷ്ട്രീയ പിന്തുണ തേടിയെന്ന് സെലൻസ്കി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഒരു ലക്ഷം കടന്നുകയറ്റക്കാർ യുക്രൈനിലുണ്ടന്ന് സെലൻസ്കി മോദിയെ അറിയിച്ചു. 

Scroll to load tweet…

അതിനിടെ, ദില്ലിയിലെ യുക്രൈൻ എംബസിക്ക് മുന്നിൽ ഇന്ത്യയിലുള്ള യുക്രൈനുകാർ എത്തി. മുഴുവൻ ഇന്ത്യക്കാരും ഒപ്പം നിൽക്കണമെന്ന് യുക്രൈൻ പൗരൻ ആവശ്യപ്പെട്ടു. ഐക്യദാർഢ്യം വാക്കുകളിൽ ഒതുങ്ങരുത്. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയും ആവശ്യപ്പെടണം എന്നും അവർ പറഞ്ഞു. 

അതേസമയം, യുക്രൈനിൽ നിന്ന് റൊമേനിയ അതിർത്തി കടന്ന മലയാളി വിദ്യാർത്ഥികൾ അടക്കമുള്ള സംഘം ഇന്ത്യയിലേക്ക് തിരിച്ചു. 219 പേരുടെ ആദ്യ സംഘം രാത്രി മുംബൈയിലെത്തും. അടുത്ത സംഘം നാളെ പുലര്‍ച്ചയോടെ ദില്ലിയിലെത്തും.

ആശങ്കയുടെ തീരത്ത് നിന്ന് ഒടുവിൽ അവർ ഇന്ത്യൻ മണ്ണിലേക്ക് എത്തുകയാണ്. ഇന്ത്യൻ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തിൽ എത്തിയത്. ഭക്ഷണവും വെള്ളവും ഇന്ത്യന്‍ എംബസി അധികൃതർ നല്‍കി. റൊമാനിയൻ അംബാസഡർ രാഹുൽ ശ്രീവാസ്തവ ആദ്യ സംഘത്തെ യാത്രയാക്കി. മുപ്പതിലധികം മലയാളികൾ അടങ്ങുന്ന 219 പേരുടെ സംഘമാണ് മുംബൈയിലെത്തുക. 

രണ്ടാമത്തെ സംഘവും റൊമേനിയൻ അതിർത്തി വഴിയാണ് എത്തുന്നത്. ദില്ലിയിലേക്കാണ് ഇവരെ കൊണ്ടുവരുന്നത്. പതിനേഴ് മലയാളികളാണ് ഈ സംഘത്തിലുള്ളത്. ഇവർക്കുള്ള താമസം കേരളഹൗസിൽ ഒരുക്കിയിട്ടുണ്ട്. മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നാട്ടിലേക്ക് സൗജന്യയാത്ര ഏര്‍പ്പെടുത്തും. തിരുവന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലാകും ഇവരെ എത്തിക്കുക.

Read Also: 'അവളെ സ്വാതന്ത്ര്യം എന്ന് വിളിക്കും', യുക്രൈനിൽ അഭയകേന്ദ്രത്തിൽ പെൺകുഞ്ഞിന് ജന്മം നൽകി യുവതി