സൗരയൂഥത്തിലേക്ക് പ്രവേശിച്ചതായി ശാസ്ത്രലോകം തിരിച്ചറിഞ്ഞ മൂന്നാമത്തെ മാത്രം ഇന്‍റര്‍സ്റ്റെല്ലാര്‍ വസ്‌തുവാണ് 3ഐ/അറ്റ്‌ലസ് വാല്‍നക്ഷത്രം. comet 3I/ATLAS-ന്‍റെ പുതിയ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു.
മേരിലാന്‍റ്: സൗരയൂഥത്തില്‍ തിരിച്ചറിഞ്ഞ മൂന്നാമത്തെ മാത്രം ഇന്‍റര്‍സ്റ്റെല്ലാര്‍ വസ്‌തുവായ 3ഐ/അറ്റ്ലസ് വാൽനക്ഷത്രത്തിന്‍റെ (comet 3I/ATLAS) അതിശയിപ്പിക്കുന്ന പുതിയ ചിത്രങ്ങൾ നാസ പുറത്തുവിട്ടു. 12-ൽ അധികം നാസ ബഹിരാകാശ പേടകങ്ങളും ദൂരദർശിനികളും ഉപയോഗിച്ചാണ് ഈ ചിത്രങ്ങൾ പകര്‍ത്തിയിരിക്കുന്നത്. 3ഐ/അറ്റ്ലസിന്‍റേതായി ഇതുവരെ എടുത്തതിൽ വച്ച് ഏറ്റവും അടുത്തും വ്യക്തവുമായ ചിത്രങ്ങളാണിവ. നമ്മുടെ സൗരയൂഥത്തേക്കാൾ പഴക്കമുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്ന വാല്‍നക്ഷത്രമാണ് 3ഐ/അറ്റ്ലസ്. ജൂലൈയിൽ ചിലിയിലെ അറ്റ്ലസ് ദൂരദർശിനിയാണ് ഈ വാൽനക്ഷത്രത്തെ ആദ്യമായി കണ്ടെത്തിയത്. അന്നുമുതൽ ജ്യോതിശാസ്ത്രജ്ഞർ ഇന്‍റര്‍സ്റ്റെല്ലാര്‍ വസ്‌തുവിനെ നിരീക്ഷിച്ചുവരികയാണ്.
3ഐ/അറ്റ്ലസ്- ഇന്‍റര്‍സ്റ്റെല്ലാര്‍ ബഹിരാകാശത്ത് നിന്നെത്തിയ അതിഥി
സൗരയൂഥത്തിലേക്ക് പ്രവേശിച്ചതായി ശാസ്ത്രലോകം തിരിച്ചറിഞ്ഞ മൂന്നാമത്തെ മാത്രം ഇന്‍റര്‍സ്റ്റെല്ലാര്‍ വസ്‌തുവാണ് 3ഐ/അറ്റ്‌ലസ് വാല്‍നക്ഷത്രം. ബുധനാഴ്‌ച മേരിലാൻഡിലെ ഗ്രീൻബെൽറ്റിലുള്ള നാസയുടെ ഗോഡാർഡ് സ്‌പേസ് ഫ്ലൈറ്റ് സെന്‍ററിൽ നടന്ന വാർത്താസമ്മേളനത്തിലാണ് 3ഐ/അറ്റ്ലസ് വാല്‍നക്ഷത്രത്തിന്‍റെ പുതിയ ചിത്രങ്ങൾ നാസ പുറത്തിറക്കിയത്. 3ഐ/അറ്റ്ലസ് ഒരു വാൽനക്ഷത്രമല്ലെന്നും അതിന്‍റെ സഞ്ചാരപഥം, ഘടന, മറ്റ് ഘടകങ്ങൾ എന്നിവയാൽ അന്യഗ്രഹ സാങ്കേതികവിദ്യയാണെന്നും നേരത്തെ അഭിപ്രായങ്ങൾ ഉയർന്നിരുന്നു. ഇതാണ് 3ഐ/അറ്റ്ലസ് ബഹിരാകാശ കുതുകികളില്‍ പ്രത്യേക ശ്രദ്ധ ആകർഷിച്ചതിന് മുഖ്യ കാരണം. എന്നാൽ അന്യഗ്രഹജീവികളെക്കുറിച്ചുള്ള കിംവദന്തികൾ നാസയിലെ മുതിർന്ന ഉദ്യോഗസ്ഥർ ഇപ്പോൾ തള്ളിക്കളഞ്ഞു. അസാധാരണമായ ചില രാസ അനുപാതങ്ങൾ ഉള്ളതായി തോന്നുമെങ്കിലും ഈ വസ്‍തു ഒരു വാൽനക്ഷത്രത്തെപ്പോലെ തന്നെയാണ് പെരുമാറുന്നതെന്ന് നാസയിലെ ഗവേഷകർ ഉറപ്പിച്ചു പറഞ്ഞു.
ഇതൊരു വാൽനക്ഷത്രം മാത്രമാണെന്നും അതിൽ നിന്നും സാങ്കേതിക സിഗ്നലുകളൊന്നും ലഭിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം പുതിയ ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ടു നടത്തിയ വാർത്താസമ്മേളനത്തിൽ നാസയുടെ സയൻസ് മിഷൻ ഡയറക്‌ടറേറ്റിന്‍റെ അസോസിയേറ്റ് അഡ്‌മിനിസ്ട്രേറ്ററായ നിക്കോള ഫോക്‌സ് പറഞ്ഞു.
3ഐ/അറ്റ്ലസ് ഒരു വാല്‍നക്ഷത്രം എന്നുറപ്പിച്ച് നാസ
3ഐ/അറ്റ്ലസ് ഒരു വാൽനക്ഷത്രം മാത്രമാണെന്നാണ് നാസ അസോസിയേറ്റ് അഡ്‌മിനിസ്‌ട്രേറ്റര്‍ അമിത് ക്ഷത്രിയയുടെയും വാക്കുകള്‍. ഇതൊരു വാൽനക്ഷത്രത്തെപ്പോലെയാണ് കാണപ്പെടുന്നതും പെരുമാറുന്നതെന്നും അദേഹം വ്യക്തമാക്കി. ഹബിൾ, ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനികൾ, ചൊവ്വയെ ചുറ്റുന്ന ഉപഗ്രഹങ്ങൾ എന്നിവയുൾപ്പെടെ ഒരു ഡസനിലധികം ശാസ്ത്രീയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് നാസ 3ഐ/അറ്റ്ലസ് കോമറ്റിനെ പഠിച്ചിട്ടുണ്ടെന്ന് നിക്കോള ഫോക്‌സ് പറഞ്ഞു. 43 ദിവസത്തെ യുഎസ് ഷട്ട്ഡൗൺ കാരണം നാസ രഹസ്യമായി സൂക്ഷിച്ചിരുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.



