വാഷിംഗ്ടണ്‍: തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് 19 വൈറസ് ബാധ മൂലം അമേരിക്കയില്‍ മരിച്ചത് രണ്ടായിരത്തിനടുത്ത് ആളുകള്‍. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്ത് വിട്ട കണക്കുപ്രകാരമാണ് തുടര്‍ച്ചയായി ഇത്രയും മരണം സംഭവിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം 1939 പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

ഇന്നലെ അത് 1973 ആയി ഉയര്‍ന്നു. അമേരിക്കയിലെ ആകെ മരണം 14,600 പിന്നിട്ടിട്ടുണ്ട്. ഇതോടെ അമേരിക്ക മരണസംഖ്യയില്‍ സ്പെയിനെ മറികടന്നു. കൊവിഡ് ബാധിച്ച് ഇറ്റലിയിലാണ് ഇതുവരെ ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 88,502 ആയി. ഇതുവരെ 1,518,719 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

330,589 പേര്‍ക്കാണ് രോഗം ഭേദമായിട്ടുള്ളത്. അതേസമയം, കൊവിഡ് മഹാമാരി ലോകത്തെ കൊടും പട്ടിണിയിലേക്ക് എത്തിക്കും എന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ രംഗത്തെത്തി. ഭക്ഷ്യ ഉത്പാദനത്തിൽ മുന്നിൽ നിന്ന രാജ്യങ്ങൾ ലോക്ക്ഡൗണിലായതും, കയറ്റുമതി നിർത്തിയതും ആണ് പ്രതിസന്ധി വഴിതുറക്കുക. 

ദരിദ്ര രാജ്യങ്ങളിലെ 87 ലക്ഷം ആളുകൾക്ക് ഐക്യരാഷ്ട്രസഭ നേരിട്ട് ഭക്ഷ്യ ധാന്യം നൽകിയിരുന്നു. ദാരിദ്ര്യം രൂക്ഷമായ ഇവിടങ്ങളിൽ കൊവിഡ്‌ മഹാമാരി വന്നതോടെ ഭക്ഷ്യധാന്യ ശേഖരം ഉറപ്പു വരുത്താൻ യുഎന്നിന് കഴിയാതായി. മൂന്ന് മാസത്തേക്ക് ഉള്ള ഭക്ഷ്യ ധാന്യം ഉടൻ ശേഖരിച്ചാൽ മാത്രമേ പല ദരിദ്ര രാജ്യങ്ങളിലും പട്ടിണി മരണം ഒഴിവാക്കാൻ കഴിയൂ എന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.