ലാഹോര്‍: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ വസതിയുടെ അയല്‍ വീട്ടില്‍ വന്‍ മോഷണം. പാക് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ലാഹോറിലെ സമാന്‍ പാര്‍ക്കിലാണ് ഇമ്രാന്‍ ഖാന്‍റെ വസതി ഇതിന് അടുത്തുള്ള വീട്ടിലാണ് മോഷണം നടന്നത്. 

ഇമ്രാന്‍ഖാന്‍റെ അയല്‍വക്കത്ത് താമസിക്കുന്ന ഒവൈസി മജീദ് എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. പണത്തിന് പുറമേ വിലയേറിയ വസ്തുക്കള്‍ ഏറെ മോഷണം പോയിട്ടുണ്ട്. ഇതില്‍ ലാപ്ടോപ്, ആഭരണങ്ങള്‍, വാച്ചുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ഇവയ്ക്കെല്ലാം കൂടിയാണ് 1.3 കോടി രൂപ വില വരുന്നത്. ഒവൈസി മജീദും കുടുംബവും വിദേശ യാത്രയിലാണ് ഈ സമയത്താണ് മോഷണം അരങ്ങേറിയത്. വീട്ടിന്‍റെ വാഷ്റൂമിന്‍റെ ജനലുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത് എന്നാണ് പൊലീസ് പറയുന്നത്. ഇതേ സമയം സംഭവത്തില്‍ കേസ് റജിസ്ട്രര്‍ ചെയ്ത ലാഹോര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേ സമയം നിരവധി പാകിസ്ഥാന്‍ ട്വിറ്റര്‍ ഹാന്‍റിലുകള്‍ ഈ സംഭവം മുന്‍നിര്‍ത്തി പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ട്രോള്‍ ചെയ്യുകയാണ്. പാകിസ്ഥാനി മാധ്യമപ്രവര്‍ത്തക നൈല ഇനായത്ത് അടക്കമുള്ളവര് ട്വിറ്ററില്‍ ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.