903 പേരുടെ മരണത്തിനിടയാക്കിയ നേപ്പാളിലെ മിന്നൽ പ്രളയത്തിന് മുൻപ് മുന്നറിയിപ്പ് നൽകുന്നതിൽ ചൈന പരാജയപ്പെട്ടതായി നേപ്പാൾ ആരോപിച്ചു. പ്രകൃതിദുരന്ത സാധ്യതകൾ മുൻകൂട്ടി അറിയിക്കാൻ ധാരണയുണ്ടായിട്ടും ഹിമപാതത്തെക്കുറിച്ച് വിവരം ലഭിച്ചില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു
കാഠ്‌മണ്ഡു: ഇതുവരെ 903 പേർ മരിക്കുകയും നാലായിരത്തിലേറെ ആളുകളെ കാണാതാവുകയും ചെയ്ത മിന്നൽ പ്രളയത്തിന് മുൻപ് അപകട മുന്നറിയിപ്പ് കൃത്യമാക്കാൻ ചൈനയോട് അഭ്യർത്ഥിച്ചിരുന്നതായി നേപ്പാളിലെ ഉദ്യോഗസ്ഥർ. എന്നാൽ വൻ ദുരന്തത്തിന് കാരണമായ ഹിമപാതത്തെ കുറിച്ചടക്കം യാതൊരു വിവരവും ചൈനയിൽ നിന്ന് ലഭ്യമായില്ലെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേർസ് റിപ്പോർട്ട് ചെയ്യുന്നു.
മെയ് 27-ന് കാഠ്മണ്ഡുവിൽ വെച്ച് നേപ്പാളിലെയും ചൈനയിലെയും (തിബറ്റ് മേഖലയിലെ ഉൾപ്പെടെ) ഉദ്യോഗസ്ഥരും വിദഗ്ധരും അടങ്ങുന്ന സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. ഹിമാലയത്തിലെ തടാകങ്ങളുടെ വിവരങ്ങൾ ശേഖരിക്കാനും, പ്രകൃതിദുരന്ത സാധ്യതകൾ മുൻകൂട്ടി നിരീക്ഷിക്കാനും ആശയവിനിമയം വേഗത്തിലാക്കാനും ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. ഓരോ 10 മിനിറ്റിലും നദികളിലെ ജലനിരപ്പും കാലാവസ്ഥാ വ്യതിയാനങ്ങളും സംബന്ധിച്ച തത്സമയ വിവരങ്ങൾ കൈമാറണമെന്ന ആവശ്യവും നേപ്പാൾ ഈ യോഗത്തിൽ മുന്നോട്ടുവെച്ചിരുന്നു..
ഹിമാലയത്തിലെ തടാകങ്ങളും മഞ്ഞുപാളികളും തകരാൻ സാധ്യതയുണ്ടെന്ന വിവരം നേരത്തെ അറിയാൻ സാധിക്കാത്തതിന് ചൈനയെയേണ് നേപ്പാൾ പഴിക്കുന്നത്. എന്നാൽ ആരോപണങ്ങൾ തള്ളിയ ചൈനീസ് എംബസി തങ്ങൾ ലഭ്യമായ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്യസമയത്ത് തന്നെ ആവശ്യമായ വിവരങ്ങൾ നേപ്പാളിന് കൈമാറിയിട്ടുണ്ടെന്ന് പ്രതികരിച്ചു. ദുർഘടമായ ഹിമാലയൻ മേഖലയിൽ കാലാവസ്ഥ നിരീക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണെന്നും ചൈന കൂട്ടിച്ചേർത്തു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഹിമാലയത്തിലെ മഞ്ഞുപാളികൾ വേഗത്തിൽ ഉരുകാൻ കാരണമാകുന്നുണ്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളുടെ അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ ഇവിടെ കൃത്യമായ നിരീക്ഷണ സംവിധാനം അത്യാവശ്യമാണ്.


