കാഠ്മണ്ഡു:  കെപി ശര്‍മ ഒലി സര്‍ക്കാറിന്റെ പിന്തുണയോടെ അതിര്‍ത്തി ജില്ലകളില്‍ ചൈന കടന്നുകയറിയെന്ന ആരോപണം നിഷേധിച്ച് നേപ്പാള്‍. ഏഴ് അതിര്‍ത്തി ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ചൈന കടന്നുകയറിയെന്ന് കാര്‍ഷിക വകുപ്പിന്റെ സര്‍വേ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് സര്‍ക്കാറിന്റെ പിന്തുണയോടെയാണ് ചൈനീസ് കടന്നുകയറ്റമെന്ന് ആരോപണമുയര്‍ന്നു. നേപ്പാളിലെ പ്രശസ്തമായ പത്രവും സംഭവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ചൈനീസ് കടന്നുകയറ്റമുണ്ടായിട്ടില്ലെന്ന് നേപ്പാള്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ചു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പത്രം മാപ്പ് പറഞ്ഞെന്നും നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ചൈന കടന്നുകയറിയെന്ന് പറയുന്ന സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ലെന്നും കാര്‍ഷിക മന്ത്രാലയവും വ്യക്തമാക്കി. ഏതെങ്കിലും രാജ്യവുമായി അതിര്‍ത്തി തര്‍ക്കമുണ്ടെങ്കില്‍ പരസ്പര ചര്‍ച്ചയിലൂടെ പരിഹരിക്കും. രണ്ട് രാജ്യങ്ങളെ ബാധിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ബന്ധപ്പെട്ടവരുടെ വിശദീകരണം തേടേണ്ടത് മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, നേപ്പാളിലേക്കുള്ള ചൈനീസ് കടന്നുകയറ്റം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ ബല്‍റാം ബനിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത് അഭ്യൂഹമുയര്‍ത്തിയിരുന്നു.