കാഠ്മണ്ഡു: ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കമുള്ള പ്രദേശങ്ങള്‍ തങ്ങളുടേതാക്കി നേപ്പാള്‍ രാഷ്ട്രീയ ഭൂപടം അംഗീകരിച്ചതായി റിപ്പോര്‍ട്ട്. ലിപുലേഖ്, കലാപാനി, ലിംപിയാധുര പ്രദേശങ്ങളാണ് നേപ്പാള്‍ സ്വന്തം പ്രദേശങ്ങളായി അംഗീകരിച്ച് പുതിയ മാപ്പ് പുറത്തിറക്കുന്നത്. ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കമുണ്ടായിരുന്ന പ്രദേശങ്ങളായിരുന്നു ഇത്. ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രി പ്രദീപ് കുമാര്‍ ഗ്യാവാലി പറഞ്ഞതിന് ഒരാഴ്ച്ചക്ക് ശേഷമാണ് നേപ്പാള്‍ പുതിയ മാപ്പ് അംഗീകരിച്ചത്. പ്രധാനമന്ത്രി കെ പി ശര്‍മ ഒലി പുതിയ ഭൂപടം അംഗീകരിച്ചെന്ന് ധനമന്ത്രി യുവരാജ് ഖട്ടിവാഡ പറഞ്ഞു. 

നേപ്പാളിന്റെ പ്രദേശങ്ങള്‍ തിരിച്ചുലഭിക്കണമെന്നാവശ്യപ്പെട്ട് നേപ്പാള്‍ ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പാര്‍ലമെന്റില്‍ പ്രമേയം പാസാക്കിയിരുന്നു. 
പുതിയ മാപ്പ് ഉടന്‍ പുറത്തുവിടുമെന്ന് പ്രദീപ് കുമാര്‍ ഗ്യാവാലി വ്യക്തമാക്കി. കാലാപാനിയാണ് ഏറെക്കാലമായി ഇരുരാജ്യങ്ങളും തര്‍ക്കമുള്ള പ്രധാന പ്രദേശം. ഉത്തരാഖണ്ഡിലെ പിത്തോരഖണ്ഡ് ജില്ലയില്‍ ഉള്‍പ്പെടുന്ന കാലാപാനി നേപ്പാളിന്റെ പ്രദേശമാണെന്നാണ് അവര്‍ ഏറെക്കാലമായി അവകാശപ്പെടുന്നത്. 
ലിപുലേഖുമായി ധര്‍ച്ചുളയെ ബന്ധിപ്പിക്കുന്ന റോഡ് ഇന്ത്യ നിര്‍മിച്ചതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ആഴ്ച നേപ്പാള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍, സ്വന്തം പ്രദേശങ്ങളിലൂടെയാണ് റോഡ് നിര്‍മിച്ചതെന്നാണ് ഇന്ത്യയുടെ വാദം. അതേസമയം, വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.