ജറുസലേം: ഇസ്രായേലിലെ തെരഞ്ഞെടുപ്പ് പ്രതിസന്ധിക്ക് പരിഹാരമാകുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയിലെത്തി. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പിന്തുണ ലഭിച്ചതായി പ്രതിപക്ഷ നേതാവ് യയര്‍ ലപീഡ് പ്രസിഡന്റ് റൂവന്‍ റിവ്‌ലിനെ അറിയിച്ചു. 

സെനറ്റില്‍ നടക്കുന്ന വോട്ടെടുപ്പില്‍ കൂടി സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചാല്‍ 12 വര്‍ഷം നീണ്ട ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭരണത്തിന് അവസാനമാകും. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ യാമിന പാര്‍ട്ടി അധ്യക്ഷനുമായ നഫ്താലി ബെന്നറ്റ്, പ്രതിപക്ഷ നേതാവ് യെയര്‍ ലപീഡും രണ്ട് വര്‍ഷം വീതം പ്രധാനമന്ത്രി പദം പങ്കിടാനാണ് ധാരണയിലെത്തിയത്. 

ആദ്യത്തെ രണ്ട് വര്‍ഷം നഫ്താലി ബെന്നറ്റും അവസാന രണ്ട് വര്‍ഷം യെയിര്‍ ലാപിഡും പ്രധാനമന്ത്രിയാകും. പാര്‍ലമെന്റില്‍ നടക്കുന്ന വോട്ടെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ പുതിയ സര്‍ക്കാറിന് ഔദ്യോഗികമായി അധികാരത്തിലേറാനാകൂ. അറബ് ഇസ്ലാമിസ്റ്റ് പാര്‍ട്ടിയടക്കം കക്ഷികളുടെ സഖ്യമാണ് സര്‍ക്കാര്‍ രൂപീകരണത്തില്‍ ഒപ്പുവെച്ചത്. ആര്‍ക്കും ഭൂരിപക്ഷ നേടാനാകാത്തതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നാല് തവണയാണ് ഇസ്രായേലില്‍ തെരഞ്ഞെടുപ്പ് നടന്നത്. 

ഒടുവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് 52 സീറ്റ് ലഭിച്ചപ്പോള്‍ പ്രതിപക്ഷത്തിന് 57 സീറ്റ് ലഭിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയായ ലികുഡ് പാര്‍ട്ടിയെ സര്‍ക്കാറുണ്ടാക്കാന്‍ പ്രസിഡന്റ് ക്ഷണിച്ചെങ്കിലും ചെറുകക്ഷികളുടെ പിന്തുണ ഉറപ്പിക്കാന്‍ നെതന്യാഹുവിന് കഴിഞ്ഞില്ല. 7 സീറ്റ് നേടിയ യമിന പാര്‍ട്ടിയും നാല് സീറ്റ് നേടിയ അറബ് കക്ഷി റാആമിന്റെയും നിലപാട് നിര്‍ണായകമായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona